topbanner
Saturday August 19th, 2017 - 8:52:am
topbanner

മെഡിക്കല്‍ കോളേജ് കോഴ; വിജിലന്‍സുമായി സഹകരിക്കേണ്ടെന്ന് ബിജെപി തീരുമാനം

NewsDesk
മെഡിക്കല്‍ കോളേജ് കോഴ; വിജിലന്‍സുമായി സഹകരിക്കേണ്ടെന്ന് ബിജെപി തീരുമാനം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്ന് ബി.ജെ.പി.നേതൃത്വത്തില്‍ ധാരണ. കോഴ നല്‍കി ആരും വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലാത്തതിനാല്‍ വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

ഇതേതുടര്‍ന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകുന്നതിന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ സാവകാശംതേടി. കമ്മീഷന്‍ അംഗങ്ങളായ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശനും സെക്രട്ടറി എ.കെ. നസീറുമാണ് വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് എസ്.പി കെ. ജയപ്രകാശ് മുമ്പാകെ മൊഴിനല്‍കാന്‍ രണ്ടാഴ്ചത്തെ സാവകാശം തേടിയത്.

ചൊവ്വാഴ്ച രാവിലെ ഹാജരാകാമെന്നാണ് ഇരുവരും വിജിലന്‍സിനെ അറിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച രാവിലെയോടെ ഇരുവരും സാവകാശംതേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 21ന് ശ്രീശനോടും നസീറിനോടും മൊഴിനല്‍കാന്‍ എത്തണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.

അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള മൊഴിയെടുക്കലിനോടുമാത്രം സഹകരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശമെന്നറിയുന്നു. അന്വേഷണം നീട്ടിക്കൊണ്ടുപോയി പാര്‍ട്ടിയെ വാര്‍ത്തകളില്‍നിറച്ച് നിര്‍ത്തുന്നതിന്റെ അപകടം ബി.ജെ.പി. നേതൃത്വം തിരിച്ചറിയുന്നുണ്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് ഈമാസം 22ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസിലെ പ്രധാനപ്രതിയും ഡല്‍ഹിയില്‍ കുമ്മനത്തിന്റെ സഹായിയുമായ സതീഷ് നായര്‍ 24ന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകും.

കോഴവിവാദത്തില്‍ കുടുങ്ങിയ പാര്‍ട്ടി സഹകരണസെല്‍ മുന്‍ കണ്‍വീനര്‍ വിനോദിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ വിവരം വിജിലന്‍സിനെ കുമ്മനം അറിയിക്കും. മറ്റ് ഉള്‍പ്പാര്‍ട്ടി വിവരങ്ങളും തീരുമാനങ്ങളും വിജിലന്‍സിനോട് പങ്കുവെയ്ക്കേണ്ടതില്ലെന്ന ധാരണയില്‍ ബി.ജെ.പി. എത്തിയിട്ടുണ്ട്.

ആര്‍. ഷാജി കുമ്മനം രാജശേഖരന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി. ശ്രീശനെയും എ.കെ. നസീറി
നെയും ചുമതലപ്പെടുത്തിയത്.

English summary
Medical college scam: Vigilance serves notice to Kummanam
topbanner topbanner

More News from this section

Subscribe by Email