topbanner
Monday December 11th, 2017 - 7:45:am
topbanner
topbanner

കണ്ണൂരിലെ അംഗന്‍വാടി ജീവനക്കാരിക്ക് എച്ച്‌ഐവി ബാധ..?: അംഗന്‍വാടി ബഹിഷ്‌ക്കരിച്ച് ഒരു ഗ്രാമം

NewsDesk
കണ്ണൂരിലെ അംഗന്‍വാടി ജീവനക്കാരിക്ക് എച്ച്‌ഐവി ബാധ..?:  അംഗന്‍വാടി ബഹിഷ്‌ക്കരിച്ച് ഒരു ഗ്രാമം

കണ്ണൂര്‍ : ജീവനക്കാരി എച്ച്.ഐ.വി ബാധിതയാണെന്ന അഭ്യൂഹത്തില്‍ ഒരു അംഗനവാടിയെ ഗ്രാമം മുഴുവന്‍ തിരസ്‌ക്കരിച്ചു. ജീവനക്കാര്‍ കൃത്യമായി ശമ്പളം കൈപ്പറ്റുന്നുണ്ടെങ്കിലും ഒരു കുട്ടി പോലുമില്ലാത്ത അംഗനവാടി പ്രവർത്തിക്കാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു.

മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ഒറപ്പൊടിയിലെ കോറളായി അംഗനവാടിക്കാണ് ഈ ദുര്‍ഗതി. പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ രണ്ടു യോഗങ്ങള്‍ നടത്തിയതല്ലാതെ കാര്യമായ മറ്റ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളൊന്നും ഈ വിഷയത്തില്‍ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഏകദേശം ഒന്നര വര്‍ഷം മുമ്പ് നടന്ന വാഹനാപകടമാണ് സംഭവത്തിന്റെ തുടക്കം. എച്ച്.ഐ.വി ബാധിതയെന്ന് സംശയിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവ് ഒരപകടത്തെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് രക്തം പരിശോധിക്കുകയും ചെയ്തപ്പോഴാണ് എച്ച്.ഐ.വി ബാധിതനാണെന്ന് സ്ഥിരീകരിച്ചത്.

പരിശോധനയില്‍ ഇയാളുടെ ഭാര്യയ്ക്കും എച്ച്.ഐ.വി ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് കോറളായി അംഗനവാടിയിലെ ഹെല്‍പ്പറായ സ്ത്രീയെ രണ്ടുമാസത്തോളം മാറ്റി നിര്‍ത്തിയെങ്കിലും അവര്‍ തന്നെ നിര്‍ബന്ധിച്ച് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.



തുടര്‍ന്നാണ് ഇവിടേക്ക് കുട്ടികളെ അയക്കാതായത്. ആശുപത്രിയില്‍ നടന്ന തുടര്‍ പരിശോധനയില്‍ എച്ച്.ഐ.വി ബാധിതയല്ലെന്ന് പറഞ്ഞതായി ഇവര്‍ പറയുന്നുണ്ടെങ്കിലും അതിന് വ്യക്തമായ തെളിവൊന്നും ഇവരുടെ പക്കല്‍ ഇല്ല.

ഇപ്പോള്‍ ഇവിടെ നിന്നും ഒന്നര കിലോമീറ്ററോളം അകലെയുളള ഒറപ്പൊടി അംഗനവാടിയിലേക്ക് ഓട്ടോയിലാണ് കുട്ടികളെ എത്തിക്കുന്നത്. ഇവിടെയിപ്പോള്‍ കുട്ടികളെ ഉള്‍ക്കൊള്ളാനാകാത്ത സ്ഥിതിയാണ്. ചെറിയ ദ്വീപായ കോറളായില്‍ മുസ്ലീങ്ങളും മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരും മാത്രമാണുളളത്.

മയ്യില്‍ ഗ്രാമപഞ്ചായത്തിലെ ഒറപ്പൊടി പ്രസിഡണ്ടിന്റെ വാര്‍ഡാണ്. വിഷയവുമായി ബന്ധപ്പെട്ട് ആളുകളെ ബോധവല്‍ക്കരിക്കുന്നതിന് തിരുവനന്തപുരത്തു നിന്നും ഒരു തവണ ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടുവന്നതൊഴിച്ചാല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും കാര്യമായ ഒരു ശ്രമവും നടന്നിട്ടില്ല.

15 ഓളം കുട്ടികളുണ്ടായിരുന്ന അംഗനവാടിയില്‍ കുട്ടികള്‍ വരാത്തതില്‍ എച്ച്.ഐ.വി ബാധിതയായ സ്ത്രീക്കും വിഷമമുണ്ട്. അവരുടെ ഏക വരുമാന മാര്‍ഗമാണ് ഈ ജോലി. വേറൊരു ജോലി തരപ്പെട്ടാല്‍ ഇത് ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് അവര്‍ പറയുന്നത്.

തിരുവനന്തപുരത്തു നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയിട്ടും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാന്‍ സാധിക്കാത്തത് അത്തരത്തിലുളള നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. എച്ച്.ഐ.വി ബാധിതയെ മറ്റൊരു ജോലി നല്‍കി പുനരധിവസിപ്പിക്കുക എന്നതാണ് മുന്നിലുളള മറ്റൊരു മാര്‍ഗ്ഗം.

Read more topics: kannur, mayyil, anganwady,
English summary
mayyil orappodi koralayi anganwady
topbanner topbanner

More News from this section

Subscribe by Email