Tuesday August 20th, 2019 - 7:36:pm
topbanner
topbanner

മയക്ക് മരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനിയായ ' സ്നിപ്പർ ഷേക്ക് പിടിയിൽ

RA
മയക്ക് മരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനിയായ ' സ്നിപ്പർ ഷേക്ക് പിടിയിൽ

കൊച്ചി: ആലുവയിൽ എക്സൈസിന്റെ മയക്ക് മരുന്ന് വേട്ട തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്നുകൾ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനി ആലുവ റേഞ്ച് എക്സൈസിന്റെ പിടിയിലായി. ' സ്നിപ്പർ ഷേക്ക് ' എന്ന് അറിയപ്പെടുന്ന മുഹമ്മദ് സിദ്ദിഖ് (22) എന്നയാളെയാണ് ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ പക്കൽ നിന്ന് 120 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ഈ മാസം ആദ്യം സേലത്തു നിന്ന് മയക്ക് മരുന്ന് കടത്തിയിരുന്ന രണ്ട് യുവാക്കളെ 90 എണ്ണം നൈട്രോസെപാം ഗുളികകളുമായി ആലുവ എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവരുടെ ബോസ് ആയ 'സ്നിപ്പർ ഷേക്ക് ' എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷത്തിലായിരുന്നു. സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇയാൾ അവിടെ നിന്ന് വൻതോതിൽ മയക്ക് മരുന്നുകൾ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കയാണ് ചെയ്തിരുന്നത്.

ഇതിന് ഇയാൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർ ഉള്ളതായും പറയുന്നു. സ്കൂൾ കോളേജ് വിദ്യാർഥികളാണ് പ്രധാനമായും ഇയാളുടെ ഇരകൾ. ഇത്തരക്കാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ടെസ്റ്റ് ഡോസ് എന്ന രീതിയിൽ ആദ്യം സൗജന്യമായി മയക്ക് മരുന്നുകൾ നൽകി ഇവരെ ഇയാളുടെ വലയിലാക്കുകയാണ് ചെയ്തിരുന്നത്. ഇയാളുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചതിൽ വിദ്യാർത്ഥിനികളും വീട്ടമ്മമാരും വരെ ഇയാളുടെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് നൽകുന്ന സൂചന.

ആലുവയിലുള്ള കോളേജുകൾ കേന്ദ്രികരിച്ച് വൻ ലഹരി മാഫിയ സംഘം തമ്പടിച്ചിട്ടുണ്ടെന്ന് നേരത്തേ തന്നെ എക്സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നുള്ള ഷാഡോ ടീമിന്റെ അന്വേഷണം എത്തിച്ചേർന്നതും ഇതേ സ്നിപ്പർ ഷേക്കിൽ തന്നെയായിരുന്നു. ആലുവയിലെ ഇയാളുടെ ഏജൻറിന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ യു സി കോളേജിന് സമീപം നിൽക്കുകയായിരുന്ന ഇയാളെ എക്സൈസ് ഷാഡോ ടീം കൈയോടെ പിടികൂടുകയായിരുന്നു.

മാരക ലഹരിയിലായ ഇയാൾ അല്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും, ഷാഡോ ടീം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കൊല്ലം കടക്കാവുർ സ്വദേശിയായ ഇയാൾ ഇപ്പോൾ കാക്കനാട് അത്താണിയിൽ സ്ഥിരതാമസമാണ്. പ്രതിയിൽ നിന്ന് മയക്ക് മരുന്നുകൾ വാങ്ങുന്നവർ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രികരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ചെറുപ്പക്കാർക്കിടയിൽ ലഹരി ഗുളികകളുടെ ആശങ്കകരമായ വർദ്ദവിന്റെ സൂചനയാണ് ഇതെന്നും, മറ്റുള്ളവർ അറിയാത്ത രീതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും എന്നതിനാലാണ് ഇത്തരം ലഹരിയിലേയ്ക്ക് യുവാക്കൾ തിരിയുന്നതിന്റെ പ്രധാന കാരണമെന്നും ഇൻസ്പെക്ടർ ടി.കെ. ഗോപി പറഞ്ഞു.

5 മില്ലി ഗ്രാം മുതൽ 600 മില്ലി ഗ്രാം വരെയുള്ള നൈട്രോസെഫാം മയക്ക് മരുന്ന് ഗുളികകൾ ഇയാൾ വിൽപ്പന നടത്താറുണ്ടെന്നും, ഇതിൽ 600 മില്ലി ഗ്രാമിന്റെ മയക്ക് മരുന്ന് ഗുളിക വെള്ളത്തിൽ കലക്കി കുടിക്കുകയാണെങ്കിൽ മൂന്ന് ദിവസത്തെയ്ക്ക് ഇതിന്റെ ഉൻമാദ ലഹരി നിൽക്കുമെന്നും, വേദന, സ്പർശനം എന്നീ വികാരങ്ങളൊന്നും അറിയുവാൻ സാധിക്കുകയില്ലെന്നും ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായി എക്സൈസ് ഉന്നതർ അറിയിച്ചു. മാനസ്സിക വിഭ്രാന്തി നേരിടുന്നവർക്ക് സമാശ്വാസത്തിനായി നൽകുന്ന നൈട്രോസെഫാം ഗുളികകൾ 40 എണ്ണം കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്.

ആലുവയിലെ ഡ്രഗ്ഗ് മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദ്യേശത്തോടെ പ്രവർത്തിച്ച് വരുന്ന ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ ബി സജീവുമാർ, പ്രസന്നൻ, ഷാഡോ ടീമംഗങ്ങളായ എൻ ഡി ടോമി, എൻ.ജി അജിത് കുമാർ സിഇഒമാരായ അഭിലാഷ്, സിയാദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡയിലെടുത്തത്. ആലുവ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Read more topics: mayakku marunnu, accused, arrest
English summary
mayakku marunnu accused arrest
topbanner

More News from this section

Subscribe by Email