മണ്ണാര്‍ക്കാട്: ബന്ധുക്കള്‍ക്കൊപ്പം ഒത്തുചേര്‍ന്ന് ഓണം ആഘോഷിച്ച് മടങ്ങിയ നിരഞ്ജന് കുമാര്‍ തറവാട്ടിലേക്ക് മടങ്ങിയെത്തുന്നത് രാജ്യത്തിന്റെ വീര പുരുഷനായി. കഴിഞ്ഞദിവസം പത്താന്‍കോട്ടുണ്ടായ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട നിരഞ്ജന് കുമാറിന്റെ സ്വദേശം പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴ പഞ്ചായത്തിലെ എലമ്പുലാശേരി ഗ്രാമമാണ്.
അച്ഛന് ശിവരാജന് ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ജീവനക്കാരനായിരുന്നതിനാല്‍ ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണ്. അമ്മ പരേതയായ രാജേശ്വരി.
എന്‍എസ്ജി കമാന്‍ഡോ ആവണമെന്നത് നിരഞ്ജന്റെ വലിയ സ്വപ്നമായിരുന്നു. എന്‍ജിനിയറിങ് പഠനത്തിനുശേഷം 25ാം വയസ്സില്‍ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പില്‍ മേജറായി ജോലിയില്‍ പ്രവേശിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് എന്‍എസ്ജി കമാന്ഡോയായത്. ഭാര്യ ഡോ. രാധിക പുലാമന്തോള്‍ പാലൂര് സ്വദേശിനിയാണ്.
അമേരിക്കയില്‍ പ്രത്യേക പരിശീലനത്തില്‍ ആയതു കാരണം തറവാട്ടില്‍ എത്തുക അപൂര്‍വമായിരുന്നു. കഴിഞ്ഞ ഓണത്തിന് അച്ഛന്റെ സഹോദരന്റെ വീട്ടിലെത്തി ബന്ധുക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ചു മടങ്ങിയതാണ് നിരഞ്ജന് കുമാര്‍.
പിറന്നമണ്ണു കാക്കാന്‍ പൊരുതിമരിച്ച വീരപുത്രന് ആറാട്ടുകുളത്തിന് സമീപം തറവാട്ടുവളപ്പിലാണ് ചിതയൊരുക്കുക. തിങ്കളാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം കരുണാകര യുപി സ്കൂളില്‍ പൊതുദര്‍ശനത്തിനു വെക്കും.