Wednesday September 26th, 2018 - 11:21:am
topbanner

മൂന്നു വര്‍ഷത്തിനിടെ മൂന്നാംതവണയും സംസ്ഥാന ലോട്ടറി ഒന്നാം സമ്മാനം ലഭിച്ച് മനോഹരന്‍

NewsDesk
മൂന്നു വര്‍ഷത്തിനിടെ മൂന്നാംതവണയും സംസ്ഥാന ലോട്ടറി ഒന്നാം സമ്മാനം ലഭിച്ച് മനോഹരന്‍

അമ്പലപ്പുഴ: ഒരുതവണയെങ്കിലും ലോട്ടറി അടിച്ചെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ അപൂര്‍വമായിരിക്കും. എന്നാല്‍, തകഴിക്കാരന്‍ ആര്‍.പി. മനോഹരന് മൂന്നുവര്‍ഷം തുടര്‍ച്ചയായി ലോട്ടറി ഒന്നാംസമ്മാനം ലഭിച്ച് അപൂര്‍വ ഭാഗ്യത്തിന് ഉടമയായിരിക്കുന്നു.

വെള്ളിയാഴ്ച നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ഏറ്റവും ഒടുവില്‍ മനോഹരന് ലഭിച്ചത്. ഇതിനൊപ്പം സമ്മാനാര്‍ഹമായ നമ്പറിലെ 11 സീരീസ് ടിക്കറ്റുകള്‍ എടുത്തതിനാല്‍ 1,10,000 രൂപകൂടി ലഭിക്കും.

2016 ഓഗസ്റ്റ് 28-നാണ് ആദ്യം ഭാഗ്യം തേടിയെത്തിയത്. പൗര്‍ണമി ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനമായി 65 ലക്ഷം. 2017 നവംബര്‍ 10-ന് നിര്‍മല്‍ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപ വീണ്ടുമടിച്ചു. ഇതിന്റെ സമ്മാനത്തുക ഏതാനും മാസം മുന്‍പാണ് ലഭിച്ചത്. അതിനിടെയാണ് മൂന്നാമതും ഭാഗ്യം കടാക്ഷിക്കുന്നത്.

സ്ഥിരമായി അടിക്കുന്നതുകൊണ്ട് മൂന്നാം തവണയും സമ്മാനം കിട്ടിയതറിഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നായിരുന്നു മനോഹരന്റെ ആദ്യ പ്രതികരണം.

വൈദ്യുതിബോര്‍ഡിലെ റിട്ട. ഓവര്‍സിയറാണ് തകഴി പടഹാരം ലക്ഷ്മിഗോകുലത്തില്‍ ആര്‍.പി. മനോഹരന്‍ എന്ന അറുപത്തിനാലുകാരന്‍. വിരമിച്ചശേഷമാണ് ഭാഗ്യക്കുറി സ്ഥിരമായി എടുക്കാന്‍ തുടങ്ങിയത്. 5000 രൂപയുടെവരെ ടിക്കറ്റ് എടുക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. വനജയാണ് മനോഹരന്റെ ഭാര്യ. സജിത്ത്, എസ്.ഡി. കോളേജില്‍ സാമ്പത്തികശാസ്ത്രവിഭാഗം ഗസ്റ്റ് അധ്യാപികയായ ലക്ഷ്മി എന്നിവര്‍ മക്കളാണ്.

Read more topics: lottery, kerala
English summary
manoharan who win lottery third time
topbanner

More News from this section

Subscribe by Email