Sunday April 21st, 2019 - 12:05:am
topbanner
topbanner

മാധവി ബസ് ജീവനക്കാരുടെ വിളയാട്ടം വീണ്ടും: കണ്ണൂരിൽ ബസും ജീവനക്കാരും കസ്റ്റഡിയിൽ

NewsDesk
മാധവി ബസ് ജീവനക്കാരുടെ വിളയാട്ടം വീണ്ടും: കണ്ണൂരിൽ ബസും ജീവനക്കാരും കസ്റ്റഡിയിൽ

കണ്ണൂര്‍ : മാധവി മോട്ടോര്‍സ് ജീവനക്കാരുടെ വിളയാട്ടം വീണ്ടും. കണ്ണൂരില്‍ ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന സമരക്കാരെ മാധവി ബസ് ജീവനക്കാരന്‍ തെറിവിളിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. പൊലിസ് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തി കോളനി നിവാസികള്‍ നടത്തുന്ന സമരത്തിന് എത്തിയവരെയാണ് മാധവി ബസ് ജീവനക്കാര്‍ തെറിവിളിച്ചത്.

കണ്ണൂര്‍ കലക്‌ടറേറ്റിനു സമീപം ദളിതു സംഘടനകളുടെ സമരപന്തലിനു മുന്നില്‍ നില്‍ക്കുന്നവരെ കേട്ടാലറക്കുന്ന ഭാഷയില്‍ കണ്ടക്ടര്‍ തെറിവിളിക്കുകയായിരുന്നു. ഈ സമയത്ത് വി.എം സുധീരന്‍ വേദിയില്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നുണ്ടായിരുന്നു.

ബസ് ജീവനക്കാരുടെ നടപടിയില്‍ പ്രകോപിതരായ ദളിതു സംഘടന പ്രവര്‍ത്തകര്‍ ബസിനുളളിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും ഹൈഡ്രോളിക്ക് ഡോര്‍ ആയതിനാല്‍ സാധിച്ചില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് ദളിത് സംഘടന പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനുളള നീക്കവും ആരംഭിച്ചു. ഇതിനിടയില്‍ സംഭവമറിഞ്ഞ ടൗണ്‍ സ്റ്റേഷന്‍ എസ്.ഐ ശ്രീജിത്ത് കൊടേരി ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.

മാധവി മോട്ടോര്‍സ് ജീവനക്കാരുടെ യാത്രക്കാരോടും മറ്റുളളവരോടുമുളള പെരുമാറ്റം കുപ്രസിദ്ധമാണ്. ബസിലും റോഡിലും സ്ഥിരം പ്രശ്‌നക്കാരാണിവര്‍. ഈ മാസം ആദ്യം തളിപ്പറമ്പ് സ്റ്റാന്‍ഡില്‍ നിന്നും കെഎസ്ആര്‍ടിസി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മാധവി ബസിലെ രണ്ട് ജീവനക്കാരെ തളിപ്പറമ്പ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജെ.വിനോയി അറസ്റ്റ് ചെയ്തിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് കണ്ണൂരിലേക്കുള്ള ടൗണ്‍ ടു ടൗണ്‍ ബസില്‍ നാട്ടിലേക്ക് പോകുകയായിരുന്ന രഞ്ജിത്തിനായിരുന്നു മര്‍ദ്ദനമേറ്റത്. കെഎസ്ആര്‍ടിസിക്ക് പിന്നാലെ വന്ന് നിര്‍ത്തിയ മാധവി ബസ്സിലെ ക്ലീനര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറുന്നവരോട് തങ്ങളുടെ ബസാണ് ആദ്യം പോകുന്നതെന്ന് പറഞ്ഞപ്പോള്‍ കണ്ടക്ടറുടെ സീറ്റിലിരിക്കുകയായിരുന്ന താന്‍ ഞങ്ങള്‍ക്ക് തിരക്കില്ല എന്ന് മറുപടി പറഞ്ഞു.

ഇത് ഇഷ്ടപ്പെടാത്ത ക്ലീനറും ഡ്രൈവറും അശ്ലീല ഭാഷില്‍ ചീത്തവിളിച്ചപ്പോള്‍ പരാതി നല്‍കാനായി ബസിന്റെ നമ്പര്‍ നോക്കാന്‍ പുറത്തിറങ്ങിയ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് രഞ്ജിത്ത് പോലീസിന് മൊഴിനല്‍കിയത്.

കെഎസ്ആര്‍ടിസി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടും മാധവി ബസ് ജീവനക്കാരുടെ കലിയടങ്ങിയിരുന്നില്ല.

ഇവര്‍ പിറ്റെ ദിവസം രാവിലെയും തളിപ്പറമ്പില്‍ അക്രമാന്തരീക്ഷം സൃഷ്ടിച്ചു . സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സിന് മുന്നിലേക്ക് അപകടകരമാകും വിധം മാധവി ബസ്സ് ഓടിച്ച് കയറ്റുകയും കെഎസ്ആര്‍ടിസി ബസ്സിനു പോകാന്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുകയും ഇത് ഫോട്ടോ എടുത്തയാളെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു ചെയ്തു.

പിന്നീട് തളിപ്പറമ്പിലുളള യുവജന സംഘടനകളും നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് സ്ഥിരം നിരീക്ഷണമേര്‍പ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ കുറഞ്ഞത്.

മാധവി ബസ് ജീവനക്കാരുടെ തോന്യാസങ്ങള്‍ക്കെതിരെ കണ്ണൂര്‍ സംഭവത്തോടെ എല്ലാ മേഖലകളില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. ഭരണതലത്തില്‍ ഉന്നതബന്ധമുളള വ്യക്തിയുടെ ബസായത്‌കൊണ്ട് നടപടികള്‍ക്ക് അധികാരികള്‍ മുതിരുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട് മാധവി ബസിനും ജീവനക്കാർക്കുമെതിരെ വൻ ജനകീയ ഇടപെടലിനുളള സൂചനയും പുറത്തു വരുന്നുണ്ട്.

Read more topics: Private bus, workers, kannur,
English summary
madhavi bus workers kannur issue
topbanner

More News from this section

Subscribe by Email