topbanner
Sunday September 24th, 2017 - 5:35:pm
topbanner

പുതുവത്സരത്തിന് ഇരുട്ടടി സമ്മാനം; മോദിയെ പരിഹസിച്ച് എം ബി രാജേഷ്

NewsDesk
പുതുവത്സരത്തിന് ഇരുട്ടടി സമ്മാനം; മോദിയെ പരിഹസിച്ച് എം ബി രാജേഷ്

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തിനെ കുറയുമ്പോഴും ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലകൂട്ടുന്നത് പതിവായിരിക്കുകയാണ്. പുതുവത്സരത്തില്‍ പാചകവാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ച് എം ബി രാജേഷ് എംപി ഫേസ്ബുക്കിലിട്ട കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്,

പ്രിയപ്പെട്ട മോഡിജി,
പുതുവത്സരാശംസകള്‍!
അങ്ങയുടെ പുതുവത്സര സമ്മാനം കിട്ടി. സബ്‌സിഡി ഉള്ളതും ഇല്ലാത്തതും വാണിജ്യാവശ്യത്തിനുള്ളതുമായ പാചകവാതകത്തിന് വിലകൂട്ടി ഈ പുതുവര്‍ഷ വരവേല്‍പ്പ് അവിസ്മരണീയമാക്കിയ അങ്ങേക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല. ഇടതുപക്ഷക്കാരും മറ്റും വിലകൂട്ടിയതിനെ വിമര്‍ശിക്കാനും അങ്ങയുടെ പുതുവത്സര സമ്മാനത്തെ വിലകുറച്ചു കാണിക്കാനും ശ്രമിക്കും. അത് കാര്യമാക്കണ്ട. അവന്മാരെയൊക്കെ ഫേസ് ബുക്കില്‍ തെറിവിളിച്ചു ഞങ്ങള്‍ നിശബ്ദരാക്കാന്‍ നോക്കാം. രാജ്യസ്‌നേഹപരമായ ഈ വിലകൂട്ടല്‍ സമ്മാനത്തെ ഞങ്ങള്‍ കഴിയുന്നത്ര വാഴ്ത്തിക്കോളാം. ഇതൊക്കെ രാജ്യം നന്നാക്കാന്‍ പണം കണ്ടെത്താനാണെന്ന മോഡിജിയുടെ ന്യായം ഞങ്ങള്‍ കിണഞ്ഞു പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ആ പഴയ സര്‍ദാര്‍ജി ഇതെല്ലാം ചെയ്തപ്പോള്‍ ഗ്യാസ്‌കുറ്റിയുമായി നമ്മള്‍ റോട്ടില്‍ സമരം ചെയ്തതും നടു റോഡിലൂടെ വണ്ടിയുന്തിയതും പറഞ്ഞു 'ചകാക്കള്‍' നമ്മളെ ഉത്തരം മുട്ടിക്കാന്‍ നോക്കുന്നുണ്ട്. പഴയ ഫോട്ടോകളൊക്കെ അവരെടുത്തിട്ടപ്പോള്‍ ഞങ്ങള്‍ക്ക് കുറച്ചു വല്ലായ്മ തോന്നുന്നുണ്ടെങ്കിലും തെറിവിളിയുടെ ഡോസ് കൂട്ടി ആ ജാള്യത ഞങ്ങള്‍ മാറി കടന്നോളാം. കോര്‍പ്പറേറ്റുകള്‍ക്കു സര്‍ദാര്‍ജിയെപ്പോലെ തന്നെ ലക്ഷക്കണക്കിനു കോടി രൂപ നമ്മള്‍ ഇളവ് കൊടുക്കുന്നതിനെ 'ചകാക്കള്‍' വിമര്‍ശിക്കുന്നുണ്ട്. അതിനു എന്തു മറുപടിയാണ് ഞങ്ങള്‍ നല്‍കേണ്ടത്? മറുപടി ഇല്ലെങ്കില്‍ അതും പറയണം. കുറെക്കൂടി മുട്ടന്‍ തെറി വിളിച്ച് അവരെ അടക്കാന്‍ വേണ്ടിയാണ്. സ്വച്ച് ഭാരതിന് വേണ്ടി പെട്രോളിയത്തിന്റെ പേരില്‍ സെസ്സ് പിരിച്ച് അത് ചെലവാക്കിയില്ലെന്നു സി.എ.ജി.ക്കാര് എന്തോ റിപ്പോര്‍ട്ട് കൊടുത്തതും പൊക്കിപ്പിടിച്ച് ഇനി 'ചകാക്കള്‍' വരും. അതിനെന്തെങ്കിലും മറുപടി കൊടുക്കാനുണ്ടോ? അതോ തെറിവിളി തന്നെ മതിയാകുമോ? സര്‍ദാര്‍ജിയെ താഴെയിറക്കാന്‍ സി.എ.ജി.ക്കാരുടെ റിപ്പോര്‍ട്ട് നമ്മളെ സഹായിച്ചിട്ടുണ്ടെന്നത് നേരാണ്. എന്നാല്‍ ഇനിയവന്മാരെ അങ്ങനെ റിപ്പോര്‍ട് എഴുതാന്‍ വിട്ടുകൂടാ.

പിന്നെ, 2016 ല്‍ മോഡിജി വിദേശയാത്ര വെട്ടിക്കുറക്കാന്‍ പോകുന്നു എന്ന ഒരു വാര്‍ത്ത ടി.വി.യില്‍ കണ്ടു. ട്വെന്റി ട്വെന്റി യില്‍ ബാറ്റ് ചെയ്യും പോലെ കുറഞ്ഞ സമയത്തിനകം 37 രാജ്യങ്ങളിലെത്തിയ മോഡിജി 2016 ല്‍ വിദേശയാത്രയില്‍ സെഞ്ച്വറി അടിക്കുന്നത് കാണാനിരിക്കുകയായിരുന്നു ഞങ്ങള്‍. സ്‌െ്രെടക് റേറ്റ് കുറയില്ലെ മോഡിജി? ധോണിജിയേക്കാള്‍ വേഗത്തില്‍ മോഡിജി സെഞ്ച്വറി അടിക്കുമെന്ന് 'ചകാക്കളോടു' ബെറ്റ് വച്ച ഞങ്ങളുടെ കാശ് പോകില്ലേ മോഡിജി. ഇവന്മാരൊക്കെ പറയുന്നതു കേട്ടു മോഡിജി യാത്രയൊന്നും കുറക്കരുത്. പഴേ സര്‍ദാര്‍ജിയെപ്പോലെ സൈലെന്റ് മോഡിലല്ല ഞങ്ങളുടെ മോഡിജി എപ്പോഴും ഫ്‌ലൈറ്റ് മോഡിലാണെന്നത് ഞങ്ങള്‍ക്കൊക്കെ ഒരഭിമാനമായിരുന്നു. 2015 ല്‍ പത്തു ലക്ഷത്തിന്റെ കോട്ടിട്ട് 'ചകാക്കളെ'യും 'മതേതറ'ന്മാരെയും മാത്രമല്ല, സകല ചായക്കടക്കാരെയും പാവപ്പെട്ടവനെയും പണക്കാരനെയുമൊക്കെ ഒരു പോലെ ഞെട്ടിച്ച് താരമായ മോഡിജി 2016 ല്‍ 50 ലക്ഷത്തിന്റെ കോട്ട് ഇട്ടോണ്ട് വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങളൊക്കെ. ഇനി കോട്ടില്‍ മാത്രം അങ്ങയുടെ പേരെഴുതിയാല്‍ പോരാ, നമുക്ക് നെറ്റിയിലും ഒരു പേരെഴുതി ഒട്ടിക്കണം. അങ്ങനെ ഈ 'ചകാക്കള്‍' ക്കും 'മതേതറ' ന്മാര്‍ക്കുമൊക്കെ ഒരു ചുട്ട മറുപടി കൊടുക്കണം. അടുത്തകാലത്തായി എല്ലാ തെരഞ്ഞെടുപ്പുകളിലും നമ്മളെ തോല്‍പ്പിക്കുന്ന ജനങ്ങളെ കൈകാര്യം ചെയ്യാനുള്ള ഒരു വിദ്യ കൂടി നാം 2016 ല്‍ കണ്ടുപിടിക്കണം. ദില്ലിയിലും ബീഹാറിലും മോഡിജിയുടെ വാരണാസിയിലും രാജ്‌നാഥ്ജിയുടെ ലഖ്‌നൌ വിലും മദ്ധ്യപ്രദേശിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും നേരത്തെ രാജസ്ഥാനിലെയും ഉത്തരപ്രദേശിലെയും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും മോഡിജിയുടെയും അമിത് ഷാജിയുടെയും ഗുജറാത്തിലെയും മധ്യപ്രദേശിലെയും ഛത്തീസ് ഗഡിലെയും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും നാം നിലം തൊട്ടില്ലെന്ന് പത്രങ്ങളൊക്കെ എഴുതുന്നു. ന്യൂനപക്ഷങ്ങളും 'മതേതറ'ന്മാരും നമുക്ക് വോട്ട് ചെയ്യാത്തത് മനസിലാക്കാം. എന്നാല്‍ ഈ ഹിന്ദുക്കള്‍ എന്നു പറയുന്നവരോ? നമ്മളെ തോല്‍പ്പിക്കുന്ന ഇവറ്റകളൊക്കെ എന്തു ഹിന്ദുക്കളാണ്! ഇവരെയൊക്കെ 'ശരിയായ' ഹിന്ദുക്കളാക്കാന്‍ 2016 ല്‍ പുതിയ സാമഭേദദണ്ഡ മുറകള്‍ ആവിഷ്‌ക്കരിക്കണം. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ന്യായം പറഞ്ഞു ക്ഷീണിച്ചു പോയി. അതുകൊണ്ടാണ്. നമുക്ക് വോട്ട് ചെയ്യുന്നില്ലെകില്‍ ഇന്ന്! കൊടുത്തത് പോലുള്ള സമ്മാനങ്ങള്‍ ഇടക്കിടക്ക് കൊടുക്കണം. ഹിന്ദുക്കളാണ് പോലും ഹിന്ദുക്കള്‍! ഒരു പാഠം പഠിക്കട്ടെ.
മോഡിജിക്ക് ഒരിക്കല്‍ക്കൂടി പുതുവത്സരാശംസകള്‍!

(ഒരു സംഘി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അയക്കാന്‍ സാധ്യതയുള്ള പുതുവത്സര ആശംസാ സന്ദേശം !)

Read more topics: m b rajesh, facebook, narendra modi
English summary
m b rajesh's facebook post against narendra modi
topbanner topbanner

More News from this section

Subscribe by Email