Friday September 21st, 2018 - 2:30:am
topbanner
Breaking News

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് വന്‍ നേട്ടം; ഒരു പഞ്ചായത്ത് പിടിച്ചെടുത്തു

NewsDesk
തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് വന്‍ നേട്ടം; ഒരു പഞ്ചായത്ത് പിടിച്ചെടുത്തു

കോട്ടയം: സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ വന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ നേട്ടമുണ്ടായി. ഒരു പഞ്ചായത്ത് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്ത മുന്നണി ഏഴു വാര്‍ഡുകളില്‍ വിജയിച്ചു. യുഡിഎഫിന് നാലു വാര്‍ഡുകളിലും വിജയമുണ്ടായി.

കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സിറാജ് പൂക്കോത്ത് (മുസ്ലിം ലീഗ്) 382 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. സിറാജിന് 742 വോട്ടും ഇടതു സ്വതന്ത്രന്‍ അബ്ദുല്‍ റഷീദിനു 360 വോട്ടും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിറാജ് സിപിഎം സ്ഥാനാര്‍ഥിയായി 55 വോട്ടിനു ജയിച്ച വാര്‍ഡ് ആണ്. സിപിഎം വിട്ട സിറാജ് രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. എല്‍ഡിഎഫാണു പഞ്ചായത്ത് ഭരിക്കുന്നത്. ഭരണത്തെ ബാധിക്കില്ല.

ഉപതെരെഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ തവന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ്  ഭരണം പിടിച്ചു. ഇവിടെയടക്കം മൂന്നിടത്ത് യുഡിഎഫ് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഒരിടത്ത് യുഡിഎഫ് സിറ്റിംഗ് വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ വിജയിച്ചു.

കാസര്‍കോട് തിരുനെല്ലി പഞ്ചായത്ത് അപ്പപ്പാറ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വിജയം. സിപിഎം സ്ഥാനാര്‍ഥി ബിന്ദു സുരേഷ് ബാബു 190 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പത്തനംതിട്ടയില്‍ യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. തണ്ണിത്തോട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡാണ്് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ടിജോ തോമസ്(എല്‍ഡിഎഫ് സ്വത.) ആണ് വിജയിച്ചത്. രശ്മി സജീവ്(കോണ്‍) ആണ് രണ്ടാമത്. സുലേഖ സോമരാജനും(ബിജെപി) മത്സരിച്ചിരുന്നു. കോണ്‍ഗ്രസിലെ പഞ്ചായത്തംഗം സജീവ് മണ്ണീറ മരിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണം.

കോട്ടയം പാലാ നിയോജകമണ്ഡലത്തില്‍ മുത്തോലി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെയാണ് തോല്‍പിച്ചത്. നേരത്തെ യുഡിഎഫ് ആയി മല്‍സരിച്ച് കോണ്‍ഗ്രസ് അംഗമാണ് ജയിച്ചത്. അന്ന് ഭൂരിപക്ഷം 157 വോട്ടുകളായിരുന്നു. ഇക്കുറി കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് മല്‍സരിച്ചു. 117 വോട്ടിനാണ് കോണ്‍ഗ്രസിന്റെ ജയം. പഞ്ചായത്തംഗം മരണമടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്ത് വന്ന ബിജെപി ഇപ്പോള്‍ മൂന്നാംസ്ഥാനത്തായി. കഴിഞ്ഞ തവണത്തെ 200 വോട്ട് അവര്‍ക്ക് 43 വോട്ടായി കുറഞ്ഞു.

കൊല്ലത്ത് ഉമ്മനൂര്‍ പഞ്ചായത്തിലെ അളൂരിലും യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫില്‍ നിന്ന് ബി യു രാധാമണി അമ്മ (കേരള കോണ്‍ഗ്രസ് ബി) വിജയിച്ചു. ഉമാകൃഷ്ണന്‍ (യുഡിഎഫ് സ്വത.) രണ്ടാമതെത്തി.  യുഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷനില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ പി.സി.മമ്മൂട്ടി 904 വോട്ടുകള്‍ക്ക് വിജയിച്ചു. സിപിഎമ്മിലെ സന്തോഷ്‌കുമാര്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. മുന്‍ മെമ്പറായിരുന്ന ഇ.ആലിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

എറണാകുളം ജില്ലയില്‍ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകള്‍ നോര്‍ത്ത് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. അബ്ദുള്‍ ബഷീര്‍ (കോണ്‍ഗ്രസ്) ആണ് വിജയി. യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു. 173 വോട്ടാണ് ഭൂരിപക്ഷം. എല്‍ഡിഎഫ് സ്വതന്ത്രന്‍ വി കെ ശങ്കരന്‍ രണ്ടാമതെത്തി.

രാമമംഗലം പഞ്ചായത്തിലെ നെട്ടുപാടം വാര്‍ഡില്‍ എന്‍ ആര്‍ ശ്രീനിവാസന്‍ (കോണ്‍) വിജയിച്ചു.യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. 147 വോട്ടാണ് ഭൂരിപക്ഷം. സി കെ പൌലോസ് (സിപിഐ എം സ്വത.) രണ്ടാമതെത്തി.

ആലപ്പുഴ ജില്ലയില്‍ തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. തകഴി ഉപതിരഞ്ഞെടുപ്പു എല്‍ഡിഎഫിലെ കെ. സുഷമയും എഴുപുന്നയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ജീവനും വിജയിച്ചു. തൃശൂരിലെ ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. ദീപ വസന്തന്‍ 288 വോട്ടിനു വിജയിച്ചു.

Read more topics: ldf, election, kerala
English summary
ldf wins Local body by election in kerala
topbanner

More News from this section

Subscribe by Email