Tuesday September 25th, 2018 - 4:43:pm
topbanner

ഭൂമി ഇടപാട്: കേസെടുക്കാനുള്ള ഉത്തരവിനെതിരായ കര്‍ദിനാളിന്റെ അപ്പീല്‍ വിധി പറയാന്‍ മാറ്റി

Jikku Joseph
ഭൂമി ഇടപാട്: കേസെടുക്കാനുള്ള ഉത്തരവിനെതിരായ കര്‍ദിനാളിന്റെ അപ്പീല്‍ വിധി പറയാന്‍ മാറ്റി

കൊച്ചി: അതിരൂപതയുടെ ഭൂമി ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീല്‍ വിധിപറയുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാറ്റി. കര്‍ദിനാളും മറ്റും നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തിരുന്നു.

അനുകൂല വിധി ലഭിച്ചില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതിയെ വീണ്ടും സമീപിക്കാമെന്നും തങ്ങള്‍ ഹര്‍ജിക്കാര്‍ക്കൊപ്പമാണെന്നും കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കര്‍ദിനാളിനു പുറമേ ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ മാര്‍ച്ച് ആറിനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, ചതി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍ ഭൂമിയിടപാടില്‍ കേസെടുത്തതിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈകോടതിയെ സമീപിച്ചു. ക്രിമിനല്‍ കേസെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആലഞ്ചേരി കോടതിയെ സമീപിച്ചത്. ഭൂമി ഇടപാടില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന ഹര്‍ജികള്‍ കീഴ്‌കോടതികള്‍ തള്ളിയതാണ്.

പരാതി സിവില്‍ സ്വഭാവം ഉള്ളതാണെന്നും സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. ക്രിമിനല്‍ കേസെടുക്കണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതിയലക്ഷ്യം ഭയന്നാണ് പോലീസ് പോലും എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും കര്‍ദിനാളിന്റെ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.

English summary
land sale row in syro malabar church high court postpones verdict on appeal
topbanner

More News from this section

Subscribe by Email