Friday April 26th, 2019 - 9:30:pm
topbanner
topbanner

കുറുമണിക്ക് വേണം ഒരു ബോട്ടും തോണിയും : മറ്റൊന്നും വേണ്ട സാർ

RA
കുറുമണിക്ക് വേണം ഒരു ബോട്ടും തോണിയും : മറ്റൊന്നും വേണ്ട സാർ

സി.വി.ഷിബു

കൽപ്പറ്റ: ഈ വയനാട്ടിലുണ്ടായ പ്രളയക്കെടുതിയിൽ ഇപ്പോഴും വെള്ളമിറങ്ങാത്ത പ്രദേശമാണ് കുറു മണി.തോണി മാത്രമാണിവർക്ക് ഇപ്പോഴും ആശ്രയം. ഒരു തോണിയും ബോട്ടും തങ്ങൾക്ക് അനുവദിക്കണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് '

പടിഞ്ഞാറത്തറ ,കോട്ടത്തറ പഞ്ചായത്തുകളിൽപ്പെട്ട പത്ത് വാർഡുകളുടെ പരിധിയിലാണ് എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കം ആവർത്തിക്കുന്നത്. മഴക്കാലത്ത് വെണ്ണിയോട് ചെറിയ പുഴയും വലിയ പുഴയും കരകവിഞ്ഞാണ് കുറുമണി പ്രദേശം ഒറ്റപ്പെടുന്നത്. ബാണാസുര ഡാമിന്റെ ഷട്ടർ ഉയർത്തിയാൽ പ്രളയത്തിന്റെ രൂക്ഷത വർദ്ധിക്കും. ഈ വർഷം ജൂലൈ 13- മുതൽ അഞ്ച് തവണയാണ് വെള്ളം കയറിയതും .താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങിയിട്ടും കുറുമണി ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

മുമ്പ് മണൽ വാരലിന് ഉപയോഗിച്ച 15 വർഷം പഴക്കമുള്ള ഒരു ഫൈബർ തോണി ഒരു ഭാഗത്തും ഒരാൾ സ്വന്തമായി നിർമ്മിച്ച മറ്റൊരു താൽക്കാലിക കൊട്ടത്തോണി മറ്റൊരു ഭാഗത്തും ജനങ്ങളെ മറുകരയെത്തിക്കുന്നു. സർക്കാർ സഹായമില്ലാത്തതിനാൽ മഴക്കാലത്തിന് മുമ്പ് ഒരു യുവാവ് സ്വന്തം ചിലവിൽ നിർമ്മിച്ച ഈ കൊട്ടത്തോണിയിൽ പത്ത് പേർക്ക് വരെ കയറാം. പലപ്പോഴും ജീവൻ പണയം വെച്ചാണ് തുഴയലും തോണിയാത്രയും.പുലർച്ചെ തുടങ്ങിയാൽ രാത്രി ഒമ്പത് മണി വരെയും ഈ തോണി തുഴയേണ്ടി വരുെവെന്ന് കോളനിയിലെ പൂച്ചാളക്കൽ വിനോദും റെനീഷും പറഞ്ഞു.

പുലിക്കാട്ട് കുന്ന്, ബാങ്ക് ക്കുന്ന്, പൂച്ചാളക്കൽക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഇവർ തോണി തുഴയുന്നത്. ഇത്തവണ മറ്റ് ഭാഗങ്ങളിൽ നിന്ന് ഇവിടെയെത്തിച്ച ദുരിതാശ്വാസ കിറ്റുകൾ ദിവസങ്ങളെടുത്താണ് തോണിയിൽ വീടുകളിൽ എത്തിച്ചത്. പലരുടെയും കിണറുകൾ അടക്കം വെള്ളം കയറി മുങ്ങിയതിനാൽ തോണിയിൽ കുടിവെള്ളം കൊണ്ടുവന്നാണ് പാചകത്തിന് ഉപയോഗിക്കുന്നത്. വീടുകളിൽ പലതും കുന്നിൻ മുകളിലായതിനാൽ ഇവരിൽ പലരും വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിട്ടില്ല. അതു കൊണ്ട് തന്നെ ദുരിത ബാധിതരുടെ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കാറില്ല.

60,000 രൂപ വിലയുള്ള ഒരു തോണിയും ഒരു ലക്ഷം രൂപ വിലയുള്ള ഒരു ബോട്ടും ലഭിച്ചാൽ തീരാവുന്നതാണ് തങ്ങളുടെ താൽകാലിക പ്രശ്നമെന്ന് പ്രദേശവാസിയായ ബെന്നി പറഞ്ഞു. മറ്റൊന്നും തങ്ങൾക്ക് ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു. 'പൂച്ചാളക്കൽ കുന്ന് പട്ടികജാതി കോളനിയും കൊറ്റ് കുളം കോളനിയും ഉൾപ്പടെ 16 കുന്നുകളിൽ താമസിക്കുന്ന 125-ലധികം കുടുംബങ്ങൾക്കാണ് മഴക്കാലത്ത് സ്ഥിരമായി തോണിയുടെ ആവശ്യം .മൂന്നൂറോളം കുടുംബങ്ങൾക്ക് വെള്ളപ്പൊക്കം രൂക്ഷമാകുമ്പോഴും തോണി ആവശ്യമുണ്ട്.ഇവരിൽ ചിലർ പി.വി.സി. പൈപ്പ് കൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങൾ ഉപയോഗിക്കുന്നുണ്ട്.

അഞ്ച് പേർ രക്ഷപ്പെട്ട തോണിയപകടം

സ്ഥിരമായി തോണി ഉപയോഗിക്കുന്നതിനാൽ അപകടവും ഇടക്കിടെ ഉണ്ടാവാറുണ്ടന്ന് കുറുമണിയിൽ സേവനവും ചെയ്യുന്ന പ്രദേശവാസിയായ അപ്പച്ചൻ പറഞ്ഞു.കഴിഞ്ഞാഴ്ച മറുകരെയുള്ള കരിഞ്ഞകുന്നിൽ ഒറ്റപ്പെട്ട നാല് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ ഇവിടുത്തെ യുവാക്കൾ മൂന്ന് കിലോമീറ്ററാണ് പാതിരാത്രിയിൽ തോണി തുഴഞെത്തിയത്. തിരിച്ച് വരുമ്പോൾ തോണി മറിഞ്ഞു. കവുങ്ങിൻ തോട്ടത്തിന് മുകൾ ഭാഗത്തു കൂടി പോരുമ്പോഴായിരുന്നു അപകടം .അഞ്ച് പേർ നീന്തി കവുങ്ങുകളിൽ പിടിച്ചു തൂങ്ങി കിടന്നു.

മറ്റുള്ളവർ തോണി നിവർത്തി , യാത്രക്കാരെയും കൊണ്ട് മറുകരയെത്തി തിരിച്ചു വരുന്നത് വരെ ജീവനും മരണത്തിനും മധ്യേ ഈ യുവാക്കൾ കവുങ്ങുകളിൽ തൂങ്ങി നിൽക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പൂച്ചാളക്കൽ കുന്നിന്റെ താഴെ ഭാഗത്ത് ഇടക്കിടെ യാത്രക്കുപയോഗിക്കുന്ന സ്വകാര്യ വ്യക്തിയുടെ ചെറിയ തോണിയും ഈ വർഷം രണ്ട് പ്രാവശ്യം മറിഞ്ഞു. ഭാഗ്യത്തിനാണ് തോണിയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതെന്ന് പ്രദേശവാസിയായ രാജൻ പറഞ്ഞു.

Read more topics: kurumani, wants, boat
English summary
kurumani wants boat
topbanner

More News from this section

Subscribe by Email