കണ്ണൂര്‍: വിദേശ ജോലിക്കായി നഴ്സിംഗ് കൗണ്‍സിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രാര്‍ നല്കിയ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ചക്രപാണിയുടെ മാഫിയാബന്ധങ്ങള്‍ അന്വേഷിക്കണമെന്നും മെഡ്സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമി അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ ചെട്ടിപ്പീടികയിലെ സ്ഥാപനത്തിന്റെ പ്രധാന ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പ്രവര്‍ത്തകരെ രാഹുല്‍ ചക്രപാണിയുടെ ഗുണ്ടകളായ ചില ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചത് അല്പനേരം സംഘര്‍ഷത്തിനു വഴിവെച്ചു. പ്രവര്‍ത്തകര്‍ പിന്നീട് സ്ഥാപനത്തിനു മുന്നില്‍ ധര്‍ണ നടത്തി പിരിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് റിജില്‍ മാക്കുറ്റി, കെ എസ് യു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ്, ഷറഫുദ്ദീന് കാട്ടാമ്പള്ളി, എം കെ വരുണ്‍, അഭിജിത്ത്, നികേത് നാറാത്ത്, ആദര്‍ശ് മാങ്ങാട്ടിടം തുടങ്ങിയവര്‍ നേതൃത്വം നല്കി.
വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ചക്രപാണിയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. രാഹുല്‍ ചക്രപാണിയുടെ സഹോദരനും സ്ഥാപനത്തിന്റെ സഹഉടമയുമായ അനില്‍ ചക്രപാണി ഒളിവിലാണ്.
ഇവര്‍ കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിനു വ്യാജസര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി നല്‍കിയതായും, ഒരു സര്‍ട്ടിഫിക്കറ്റിനു 3000രൂപ വീതം വാങ്ങി ലക്ഷക്കണക്കിനു രൂപ ഇത്തരത്തില്‍ സമ്പാദിച്ചതായുമാണ് വിവരം.
യോഗ്യതയില്ലാത്തവര്‍ക്കും ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്കാന് സ്ഥാപനം കൂട്ടുനിന്നതായാണു സൂചന. ഉന്നത സിപിഎം നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. പലപ്പോഴായി പ്രമുഖര്ക്കൊപ്പമെടുത്ത ചിത്രങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു.
ഒരു മുന്‍ മന്ത്രിയുടെ പേരുപറഞ്ഞും രാഹുല്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായും, ഇതറിഞ്ഞ നേതാവ് രാഹുല്‍ ചക്രപാണിയെ വിളിച്ചു ശാസിക്കുകയും ചെയ്തിരുന്നു. മാപ്പുപറഞ്ഞ് കാലുപിടിച്ചു തടിതപ്പുകയായിരുന്നു.ഇതിനു പുറമെ ചില ഉന്നത നേതാക്കളുടെ ബന്ധുക്കള്‍ക്ക് സ്ഥാപനത്തിലെ ഉയര്‍ന്ന ജോലികള്‍ നല്‍കിയും വിശ്വാസം നേടിയെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ തമിഴ്നാട്ടിലെ നാമക്കലില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട് രാഹുല്‍ ചക്രപാണിക്കെതിരേ അറസ്റ്റ് വാറണ്ട് ഉള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. രാഹുല്‍ ചക്രപാണി അറസ്റ്റിലായതോടെ ഇയാളുടെ തട്ടിപ്പിനിരയായ പലരും പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ്.