Saturday September 22nd, 2018 - 1:59:am
topbanner

കെഎസ്ആര്‍ടിസി അതിവേഗ സര്‍വീസുകളില്‍ ഇനി നിന്നു യാത്ര ചെയ്യാം

Jikku Joseph
കെഎസ്ആര്‍ടിസി അതിവേഗ സര്‍വീസുകളില്‍ ഇനി നിന്നു യാത്ര ചെയ്യാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളില്‍ നിന്നും യാത്ര ചെയ്യാം. ഇതിനുള്ള തടസം നീക്കി ഗതാഗത വകുപ്പ് വിജ്ഞാപനമിറക്കി. നേരത്തെ കെ.എസ്.ആര്‍.ടി.സിയുടെ അതിവേഗ ബസുകളില്‍, നിന്ന് യാത്ര ചെയ്യുന്നതിന് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, ചട്ടങ്ങളില്‍ ആവശ്യാനുസരണം സര്‍ക്കാരിന് ഭേദഗതി വരുത്താമെന്ന കോടതിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ തച്ചങ്കരിയുടെ ഭേദഗതി ആവശ്യം അംഗീകരിച്ചാണ് പുതിയ വിജ്ഞാപനം ഇറങ്ങിയത്. കെ.എസ്.ആര്‍.ടി.സിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായിരുന്നു കോടതിയുടെ നിയന്ത്രണം.

സൂപ്പര്‍ ക്ലാസ് ബസുകളില്‍ സീറ്റിന്റെ ശേഷി അനുസരിച്ചുള്ള യാത്രക്കാരെ മാത്രമേ അനുവദിക്കാവൂ എന്നായിരുന്നു മോട്ടോര്‍വാഹനചട്ടത്തില്‍ പറഞ്ഞിരുന്നത്. ഇതില്‍ സൂപ്പര്‍ക്ലാസ് എന്ന നിര്‍വചനത്തില്‍ നിന്നും സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് സര്‍വീസുകളെ ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഭേദഗതി. ദീര്‍ഘദൂര പാതകളിലെ വോള്‍വോ, സ്‌കാനിയ മള്‍ട്ടി ആക്സില്‍ ബസുകള്‍ മാത്രമേ സൂപ്പര്‍ക്ലാസ് വിഭാഗത്തില്‍ ഉള്‍പ്പെടുകയുള്ളൂ. ഇവയില്‍ സീറ്റിനെക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റാറില്ല.

സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സൂപ്പര്‍ക്ലാസ് ബസുകളില്‍ നിന്നുയാത്ര നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായത്. അതിവേഗബസുകളില്‍ നിന്നുയാത്ര നിയമവിധേയമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അവര്‍ കോടതിയെ സമീപിച്ചത്. 1989-ലെ മോട്ടാര്‍ വാഹന ചട്ടത്തിലെ 267-ാം റൂള്‍ രണ്ടാം ഉപചട്ടപ്രകാരം, ലക്ഷ്വറി സര്‍വീസുകളിലും, സൂപ്പര്‍ ഡീലക്സ് സര്‍വീസുകളിലും,സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. മോട്ടോര്‍ വാഹന ചട്ടം കര്‍ശനമായി കെ.എസ്.ആര്‍.ടി.സി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കോടതിവിധിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ് കെ.എസ്.ആര്‍.ടി.സി. സര്‍ക്കാരിനെ സമീപിച്ചത്. സര്‍ക്കാരിന് വേണമെങ്കില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഇളവ് നല്‍കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് പോകുന്നത് നിരോധിച്ചാല്‍ യാത്രാക്ലേശം രൂക്ഷമാകുമെന്ന് കെ.എസ്.ആര്‍.ടി.സി. സര്‍ക്കാരിനെ അറിയിച്ചു.

പുതിയ ബസ് ബോഡി കോഡ് പ്രകാരം ബസിന്റെ പ്ലാറ്റ്ഫോം അളവ് കണക്കിലെടുത്താണ് റോഡ് നികുതി ഈടാക്കുന്നത്. അതിനാല്‍ സീറ്റ് അടിസ്ഥാനമാക്കി യാത്രക്കാരെ പരിമിതപ്പെടുത്തുന്നതില്‍ അപാകമുണ്ടെന്നും കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കിയിരുന്നു. നിന്നു യാത്രചെയ്യാന്‍ അനുമതി നല്‍കണമെന്ന അഭിപ്രായമാണ് യാത്രക്കാരും പങ്കുവച്ചത്.

കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം മാത്രം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.

English summary
ksrtc passengers travel problem solved by government
topbanner

More News from this section

Subscribe by Email