Sunday May 19th, 2019 - 6:19:pm
topbanner
topbanner

ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിച്ച നാടകത്തിന് ഒന്നാം സ്ഥാനം: കോഴിക്കോട് ജില്ലാ കലോത്സവം വിവാദത്തിൽ

NewsDesk
ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിച്ച നാടകത്തിന് ഒന്നാം സ്ഥാനം: കോഴിക്കോട് ജില്ലാ കലോത്സവം വിവാദത്തിൽ

വടകര: കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ മേമുണ്ട ഹൈസ്‌കൂളിന്റെ നാടകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉണ്ണി ആറിന്റെ ‘ ബാങ്ക് ‘ എന്ന ചെറുകഥയുടെ സ്വതന്ത്ര രംഗാവിഷ്‌ക്കാരമായി റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ കിത്താബ് ‘ എന്ന നാടകമാണ് വിവാദമായത്. വടകര ടൗണ്‍ഹാളില്‍ വെച്ച് നടന്ന മേമുണ്ട ഹൈസ്‌കൂള്‍ അവതരിപ്പിച്ച നാടകം ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെ വികലമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

മുസ്‌ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ അനുവദിക്കുന്നില്ല എന്നതായിരുന്നു നാടകത്തിലെ പ്രധാന പ്രമേയം. ജില്ലാ കലോത്സവത്തിലെ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഈ നാടകമാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയത്. നാടകത്തില്‍ അഭിനയിച്ച റിയയെ മികച്ച നടിയായും തിരഞ്ഞെടുത്തിട്ടുണ്ട്.sdpi-protest-against-higher-secondary-school-drama

ഇസ്‌ലാമിക ആചാരങ്ങളേയും സംസ്‌കാരത്തേയും അവഹേളിക്കുന്ന പരാമര്‍ശമാണ് നാടകത്തിലൂടനീളമുള്ളത്. സംഭാഷണങ്ങള്‍ പലതും ഇസ്്‌ലാമിക വിശ്വാസത്തെ വികൃതമായി ചിത്രീകരിക്കുന്നതാണ്. നാടകത്തില്‍ ഉപ്പ കഥാപാത്രം ഉമ്മയോട് പറയുന്നുണ്ട്, പുരുഷന്മാരുടെ വാരിയെല്ലില്‍ നിന്നാണ് സ്ത്രീകളെ സൃഷ്ടിച്ചത്, അത് കൊണ്ട് സ്ത്രീക്ക് പുരുഷന്റെ പകുതി ബുദ്ധിയെ ഉണ്ടാവുകയുള്ളൂ എന്ന്. പുരുഷന്റെ ബുദ്ധിയുടെ പകുതിയേ സ്ത്രീകള്‍ക്കുള്ളൂവെങ്കില്‍ പുരുഷന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതി സ്ത്രീ കഴിച്ചാല്‍ പോരോ, പുരുഷന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പകുതി ധരിച്ചാല്‍ പോരേ എന്നും കഥാപാത്രം ചോദിക്കുന്നുണ്ട്. എന്നാല്‍ ബുദ്ധി പകുതിയാണെങ്കിലും വസ്ത്രം ഇരട്ടി ധരിക്കണമെന്ന് കിതാബിലുണ്ടെന്നാണ് പിതാവായി അഭിനയിക്കുന്ന കഥാപാത്രം ഓര്‍മ്മിപ്പിക്കുന്നത്. ഇസ്‌ലാമിലെ വസത്രധാരണാ രീതിയേയും ഖുര്‍ആനിലെ പരാമര്‍ശങ്ങളേയും അവഹേളിക്കുകയാണിത്.sdpi-protest-against-higher-secondary-school-drama

മുക്രിയുടെ നാലാമത്തെ ഭാര്യ തന്റെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഭക്ഷണത്തിന് കോഴിയെ പിടിക്കാന്‍ ഓടുന്ന രംഗം ദീര്‍ഘ നേരം കാണിക്കുന്നുണ്ട്. ജുമഅത്ത് പള്ളിയില്‍ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകള്‍ വീട്ടുകാരുമായി പങ്കുവെക്കുന്നു. എന്നാല്‍ നമ്മുടെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ കഴിയില്ലെന്നും പിതാവ് ഓര്‍മ്മിപ്പിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പുരുഷന്മാരായ നിങ്ങള്‍ക്ക് ഹൂറുലീങ്ങള്‍ ഉണ്ട്, സ്ത്രീകള്‍ക്ക് ഹൂറന്‍മാരില്ലല്ലോ പിന്നെ ഞങ്ങള്‍ക്ക് എന്തിനാ സ്വര്‍ഗം എന്ന് മകള്‍ തിരിച്ച് ചോദിക്കുന്നു.

മകള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് അവള്‍ക്ക് പ്രേതബാധ കാരണമാണെന്നും അതുകൊണ്ട് ഖുര്‍ആന്‍ ശകലങ്ങള്‍ ഓതി ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്നു. സുന്നി വിശ്വാസികളുടെ ആത്മീയ ചികിത്സയെ അവഹേളിക്കുകയാണ് ഈ കഥാപാത്രം. ബാങ്ക് കൊടുക്കണമെന്ന ആവശ്യം പിന്‍വലിക്കാത്തതിനാല്‍ വലിയ വടിവാള്‍ എടുത്തു കൊല്ലാന്‍ നോക്കുന്ന മുക്രിയും നാടകത്തിലുണ്ട്.

മകളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി പള്ളിയില്‍ സ്ത്രീകള്‍ ഒന്നിച്ചു ബാങ്ക് കൊടുക്കുന്ന രംഗത്തോടുകൂടിയാണ് നാടകം അവസാനിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലേക്ക് വിദേശത്ത് നിന്നടക്കം നിരവധി ഫോണ്‍ കാളുകളും പ്രതിഷേധങ്ങളുമാണ് വരുന്നത്.

അതേസമയം ഇതു സംബന്ധിച്ച് എംഎസ്എഫ് വടകര ഡിഇഒക്ക് പരാതി നല്‍കി. ഡിഡിഇക്ക് പരാതി മെയില്‍ ചെയ്തുകായും ചെയ്തു വടകര മണ്ഡലം എംഎസ്എഫ് ഭാരവാഹികളായ അന്‍സീര്‍ പനോളി, ആഷിര്‍ ഒഞ്ചിയം, ഇ.എം.സഹല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. നാടകത്തിനെതിരെ വൈകുന്നേരം എസ്ഡിപിഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യുവജനോൽസവ വേദിയിൽ ഇസ് ലാമിക പ്രത്യയശാസ്ത്രത്തെ അവഹേളിച്ചവർക്കെതിരെ കേസെടുക്കണമെന്നും കുറ്റക്കാരായവരെ സസ്പെൻഡ് ചെയ്യണമെന്നും സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ.എൻ.എ .എം അബ്ദുൽ ഖാദറും ജനറൽ സെക്രട്ടരി മുസ്തഫ മുണ്ടുപാറയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.sdpi-protest-against-higher-secondary-school-drama

മുസ്ലിംകൾ വിശുദ്ധമായി കാണുന്ന ഖുർആനിനെയും ബാങ്കിനെയും നാടകത്തിലൂടെ അവഹേളിക്കുകയായിരുന്നു. ഏറ്റവും ഗുരുതരമായ തെറ്റാണ് നടന്നിട്ടുള്ളത്. ഉത്തരവാദികൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. 

Read more topics: kozhikode, school kalolsavvam, drama,
English summary
kozhikode school kalolsavvam drama
topbanner

More News from this section

Subscribe by Email