topbanner
Tuesday September 26th, 2017 - 2:12:am
topbanner

കോട്ടയം പ്രസ് ക്ലബ്ലില്‍ 17 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ആരോപണം

NewsDesk
കോട്ടയം പ്രസ് ക്ലബ്ലില്‍ 17 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ആരോപണം

കോട്ടയം: പ്രസ്‌ക്‌ളബില്‍ 17 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ആക്ഷേപം. കഴിഞ്ഞ ശനിയാഴ്ച നടന്ന ക്‌ളബിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് സംഭവം പുറത്ത് വന്നത്.

കഴിഞ്ഞ രണ്ടു ടേമുകളായി എസ്.മനോജും പ്രസിഡന്ററും ഷാലുമാത്യു സെക്രട്ടറിയുമായുള്ള ഭരണസമതിയാണ് ഭരണം നടത്തിയിരുന്നത്. ഈ കാലയളവിലാണ് പുതിയ പ്രസ്‌ക്‌ളബിന്റെ നിര്‍മ്മാണം നടന്നത്. ഇതിന്റെ കണക്കിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. തര്‍ക്കം കയ്യാകളിലേയ്ക്ക് വരെ നീങ്ങി. അവസാനം കണക്ക് പാസാക്കാതെ പിരിയുകയായിരുന്നു.

പ്രസ് ക്‌ളബിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബാധ്യതയിലേയ്ക്കാണ് എത്തിച്ചിരിക്കുന്നത്. പൊതുയോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോട്ടയം പ്രസ്‌ക്‌ളബ് മുന്‍ ഭാരവാഹിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സതീശന്‍ നായര്‍ ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തി. ചര്‍ച്ചയ്ക്കിടെ വികാരാധിതനായി കുഴഞ്ഞു വീഴുകപോലും ഉണ്ടായി.

കേവലം ആരോപണങ്ങളാണെന്ന വാദഗതികള്‍ ഉയര്‍ത്തിയാണ് നാളുകളായി കഴിഞ്ഞു വന്നിരുന്നത്. ഇതിനെ ഖണ്ഡിക്കും വിധം അംഗങ്ങള്‍ വിവരാകാശപ്രകാരവും അല്ലാതെയും ലഭിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കള്ളകണക്കാണെന്ന് ചര്‍ച്ചയില്‍ ഉന്നയിച്ചത്.

ചര്‍ച്ചയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം വരെ ഉയര്‍ന്നു. തുടര്‍ന്ന് സെക്രട്ടറി ഷാലു മാത്യു നല്‍കിയ മറുപടി പ്രസംഗത്തിലും അംഗങ്ങള്‍ ത്യപ്തരായില്ല. അതിനിടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും വേഗത്തില്‍ പാസാക്കാനുള്ള ശ്രമം വാക്കേറ്റത്തിലും കയ്യാകളിലും വരെ എത്തി.

തുടര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടു. പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കാമെന്നും വരവ് ചിലവ് കണക്കുകള്‍ സബ് കമ്മറ്റിയെ വച്ച് അന്വേഷിപ്പിക്കണം എന്നും ആവശ്യപ്പെട്ടു.

ഇത് ഭാരവാഹികള്‍ അംഗീകരിച്ചു. കെ.ടി ഏബ്രാഹാം, വി.ജയകുമാര്‍, റോബിന്‍ തോമസ് പണിക്കര്‍ എന്നിവരടങ്ങിയ മൂന്നംഗ സബ് കമ്മറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു. അംഗീക്യത ഏജന്‍സികൊണ്ട് കണക്ക് പരിശോധിച്ച് കൃത്യത തേടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് വീണ്ടും പൊതുയോഗം വിളിച്ച് കണക്ക് അവതരിപ്പിച്ച് തീരുമാനം എടുക്കാനും തീരുമാനിച്ചാണ് പിരിഞ്ഞത്.

പ്രസ്‌ക്ളബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള ഒരു ഇന്റിരിയല്‍ കമ്പനിക്ക് 5,54,000 രൂപയാണ് നല്‍കാനുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കണക്കില്‍ 4,54,000 രൂപ എന്നാണ് കാണിച്ചിട്ടുള്ളത്. (കഴിഞ്ഞ തവണത്തെ കണക്കില്‍ ഇത് കേവലം രണ്ടു ലക്ഷം രൂപമാത്രമാണ് നല്‍കാനുള്ളതെന്നാണ് കാണിച്ചിരിക്കുന്നത്).

ക്ളബിനോട് അനുബന്ധിച്ച് നടത്തുന്ന ജേര്‍ണലിസം സ്‌കൂളില്‍ നിന്ന് 3.50ലക്ഷം രൂപ കടം എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ നാളിതുവരെ സ്‌കൂളിന്റെ ആവശ്യത്തിന് ചിലവായതുകയുടെ ബാക്കി ക്ളബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനയോഗിച്ചു വരുകയാണ്.

ഇത് അംഗങ്ങള്‍ ഉന്നയിച്ചപ്പോള്‍ എങ്ങനെ കടം എടുത്തു എന്ന് പറയാന്‍ നന്നേ ബുദ്ധിമുട്ടി. പിന്നിട് സ്‌കൂള്‍ ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫില്‍ നിന്ന് കടം വാങ്ങി എന്ന് പറഞ്ഞ് തടി തപ്പി.

സ്‌കൂളിന്റെ പ്രവര്‍ത്തനത്തിലും വന്‍ താളപിഴകള്‍ ഉണ്ടായികൊണ്ടിരിക്കുന്നതായും അംഗങ്ങള്‍ കുറ്റപ്പെടുത്തി. ക്ളബിന്റെ ഭാഗമായിരുന്ന ഹൗസിംങ് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടെ ആയിരുന്ന സെക്രട്ടറി ഷാലു മാത്യൂ സൊസൈറ്റിയില്‍ നിന്നും കടം വാങ്ങിയ 3ലക്ഷം രൂപ തിരികെ നല്‍കിയില്ല. ഇത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തിരിച്ചടയ്ക്കാത്തതിനെ ചൊല്ലിയും തര്‍ക്കവും ആക്ഷേപവും ഉയര്‍ന്നു.

ഏറെ വിവാദമായത് പഴയ പ്രസ്‌ക്ളബ് മന്ദിരത്തിന്റെ മൂന്ന് നില മൊബൈല്‍ ഷോറുമായ ഓക്സിജന് 10 വര്‍ഷത്തേയ്ക്ക് കരാര്‍ നല്‍കിയതാണ്. മാസം വെറും 55,000 രൂപയ്ക്ക് വാടയ്ക്ക് നല്‍കിയത് ക്ളബിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് യോഗത്തില്‍ പരക്കെ ആക്ഷേപം ഉയര്‍ന്നു.

രണ്ട് വര്‍ഷം മാത്രം കാലാവധിയുള്ള ഭരണ സമിതിക്ക് എങ്ങനെ പത്ത് വര്‍ഷത്തേയ്ക്ക് കരാര്‍ നല്‍കാന്‍ കഴിയുമെന്നും ചോദ്യം ഉയര്‍ന്നു. പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപയുടെ ബാധ്യത മുന്‍കൂര്‍ അടച്ചാണ് ഷോറും ഉടമ കെട്ടിടം 10 വര്‍ഷത്തേയ്ക്ക് എടുത്തത്.

അഞ്ച് വര്‍ഷം കഴിയുമ്പോള്‍ അദേഹത്തിന് കൊള്ള ലാഭം ആകും ഉണ്ടാകുകയെന്ന് ചൂണ്ടിക്കാട്ടി. വാടക പുതുക്കാന്‍ പോലും അവകാശം ഇല്ല. ഈ കരാര്‍ പുനപരിശോധിക്കണമെന്നും ശക്തമായ ആവശ്യം യോഗത്തില്‍ ഉയര്‍ന്നു.

പുതിയ ഭരണ സമിതി കരാര്‍ പുനപരിശോധിക്കുന്നതിന് നീക്കം ആരംഭിച്ചതായും അറിയുന്നു. കെട്ടിട നിര്‍മ്മാണത്തിലെ വിവിധ ഘട്ടങ്ങളില്‍ പാഴ് ചിലവുകളും ദൂര്‍ത്തും നടത്തിയിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നു.

പഴയ ഭരണസമിതിയുടെ പാനലിന്റെ തിരഞ്ഞെടുപ്പ് ചിലവ് മുഴുവന്‍ വഹിച്ചിരുന്നത് ഓക്സിജന്‍ മൊബൈല്‍ ഷോപ്പ് ആണെന്ന ആക്ഷപം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. ഉടമയുടെ സഹോദരനും കമ്മറ്റി അംഗമായി ആ പാനലില്‍ മത്സരിച്ചിരുന്നു.വിവാദങ്ങള്‍ക്കിടയിലും സാനു ജോര്‍ജ് തോമസ് പ്രസിഡന്റായും എസ്.സനല്‍ കുമാര്‍ സെക്രട്ടറിയായും ഉള്ള ഭരണ സമിതി ചുമതലയേറ്റ് പ്രവര്‍ത്തനം തുടങ്ങി.

Read more topics: kottayam, press club, corruption
English summary
kottayam press club corruption allegation
topbanner topbanner

More News from this section

Subscribe by Email