topbanner
Sunday June 25th, 2017 - 8:59:pm
topbanner

ചികിത്സയിലുള്ള മുത്തച്ഛനെ കാണാനെത്തിയ യുവാവിന് അതേ ആശുപത്രിക്കു മുന്നില്‍ ദാരുണ അന്ത്യം

NewsDesk
ചികിത്സയിലുള്ള മുത്തച്ഛനെ കാണാനെത്തിയ യുവാവിന് അതേ ആശുപത്രിക്കു മുന്നില്‍ ദാരുണ അന്ത്യം

ഏറ്റുമാനൂര്‍: എം.സി.റോഡില്‍ തെള്ളകം മാതാ ആശുപത്രിയിൽ ചികിത്സയിലുള്ള മുത്തച്ഛനെ കാണാനെത്തിയ യുവാവിന് അതേ ആശുപത്രിക്കുമുന്നിലുണ്ടായ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ആര്‍പ്പൂക്കര തുരുത്തേല്‍ ബാബുവിന്‍റെ മകന്‍ ജെറിനാ (22)ണു മരിച്ചത്.

വ്യാഴാഴ്ച രാവിലെ 11.45 മണിയോടെയായിരുന്നു അപകടം. മാതാ ആശുപത്രിയില്‍ അഡ്മിറ്റായ മുത്തച്ഛന്റെ അടുത്തേക്ക് പോകുകയായിരുന്ന ജെറിന്‍ റോഡില്‍ നിന്നും വലതുവശത്തുള്ള ആശുപത്രിയിലേക്ക് തിരിയവെ എതിര്‍ദിശയില്‍ നിന്നും വന്ന ലോറിക്കടിയില്‍ പെടുകയായിരുന്നു. ഭാരത് പെട്രോളിയത്തിന്റെ എറണാകുളത്തുള്ള യൂണിറ്റില്‍ നിന്നും പെട്രോളുമായി ഏനാത്തിലുള്ള പെട്രാള്‍ പമ്പിലേക്ക് പോവുകയായിരുന്നു ലോറി.

ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി സൈഡിലേക്കൊതുക്കിയെങ്കിലും ലോറി പക്ഷെ അടിയില്‍ കുരുങ്ങിയ ബൈക്കുമായി നിയന്ത്രണംവിട്ട് വഴിയരികിലെ ഓടയ്ക്ക് മുകളിലൂടെ ആശുപത്രി മതിലില്‍ ഇടിച്ചു നി ൽക്കുകയായിരുന്നു.

ലോറിക്കടിയില്‍പ്പെട്ട ബൈക്ക് നിശ്ശേഷം തകര്‍ന്നു. എം.സി.റോഡില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കാലിനും ലോറിയുടെ ബമ്പറിനും മുന്‍വശത്തെ ടയറിനുമിടയില്‍ കുരുങ്ങിയ ജെറിനിനെ ഏതാണ്ട് 25 മിനിട്ട് നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോറിയുടെ മുന്‍വശം ഉയര്‍ത്താനുള്ള ആദ്യശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് നീലിമംഗലത്തുനിന്ന് ക്രയിന്‍ കൊണ്ടുവന്ന് ലോറിയുടെ മുന്‍വശം ഉയര്‍ത്തി ജെറിനെ പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.

ഈ സമയമത്രയും ആശുപത്രിയില്‍ നിന്നുള്ള സംഘം സ്ട്രക്ചറും മറ്റുമായി ലോറിയുടെ സമീപത്തു തന്നെയുണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ടാങ്കറില്‍ നിന്നും പെട്രോള്‍ ചെറുതായി ലീക്ക് ചെയ്തു തുടങ്ങിയിരുന്നു. പൂര്‍ണ്ണമായി തകര്‍ന്ന ബൈക്കില്‍ നിന്നും ടാങ്ക് പൊട്ടി പെട്രോള്‍ പരന്നൊഴുകിയെങ്കിലും ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സമയോചിതമായ ഇടപെടല്‍ കാരണം വന്‍ദുരന്തം ഒഴിവാക്കാനായി.

അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം എം.സി റോഡില്‍ ഗതാഗതം തടസപ്പെട്ടു. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്‌സ് സംഘവും ഏറ്റുമാനൂര്‍ സി.ഐ സി.ജെ. മാര്‍ട്ടിന്‍, എസ്‌ഐ പ്രശാന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

അപകടത്തില്‍ മരിച്ച ജെറിന്‍റെ സംസ്കാരം പിന്നീട്. അമ്മ: സുനി തെള്ളകം പൊന്‍മാങ്കല്‍ കുടുംബാംഗം. സഹോദരങ്ങള്‍: ജസ്റ്റിന്‍ (വിദ്യാര്‍ഥി, കാനഡ), അല്‍ഫോന്‍സ(വിദ്യാര്‍ഥി, കുമാരനല്ലൂര്‍ ദേവീവിലാസം സ്കൂള്‍).

Read more topics: kottayam, accident, death,
English summary
kottayam mc road near matha hospital accident death
topbanner topbanner

More News from this section

Subscribe by Email