Wednesday August 21st, 2019 - 12:09:am
topbanner
topbanner

ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ കോട്ടയത്തിന്റെ കോട്ട കാക്കാന്‍ ആരെത്തും; രാഷ്ട്രീയ അടിവലികള്‍ക്ക് ഇനിയും സാക്ഷിയാകേണ്ടവരുമോ?

JB
ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ കോട്ടയത്തിന്റെ കോട്ട കാക്കാന്‍ ആരെത്തും; രാഷ്ട്രീയ അടിവലികള്‍ക്ക് ഇനിയും സാക്ഷിയാകേണ്ടവരുമോ?

കോട്ടയം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോട്ടയത്ത് ആര് കോട്ട കെട്ടുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കേരളത്തില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കോട്ടയം. രണ്ട് മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയുമാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. മൊത്തം ഏഴ് പേരാണ് സ്ഥാനാര്‍ത്ഥികളായി മത്സര രംഗത്തുള്ളത്. ആദ്യം തന്നെ പറയട്ടെ കോട്ടയം ലോക്സഭ മണ്ഡലം ആരുടെയും കോട്ട അല്ലെന്നതാണ് കഴിഞ്ഞുപോയ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം. ഇതുവരെ നടന്ന പതിനാറ് ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ കോട്ടയത്ത് എല്‍ഡിഎഫും, യുഡിഎഫും, കേരളകോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് പറയാം. എല്‍ഡിഎഫും, കേരളകോണ്‍ഗ്രസും അഞ്ച് തവണ വീതം വിജയം കണ്ടപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അല്‍പം മുന്നിലായി ആറ് തവണ മണ്ഡലം നിലനിര്‍ത്തി.

ഭരണ തുടര്‍ച്ച മുന്നില്‍ കണ്ട് ഇത്തവണ യുഡിഎഫിനായി കോട്ടയത്ത് മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ്(എം) നേതാവുമായ തോമസ് ചാഴിക്കാടന്‍ മത്സരിക്കുമ്പോള്‍ മുന്‍ കോട്ടയം എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ വി.എം. വാസവനിലൂടെ എല്‍ഡിഎഫും ശക്തമായ പോരാട്ടത്തിനാണ് തുടക്കം കുറിച്ചത്. ഒപ്പം എന്‍ഡിഎയ്ക്കായി മുന്‍ മൂവാറ്റുപുഴ എംപിയും കേരള കോണ്‍ഗ്രസ് ടി ചെയര്‍മാനുമായ പി.സി. തോമസും രംഗത്തുണ്ട്. ഇത്തവണ ആദ്യം തന്നെ തര്‍ക്കങ്ങള്‍ക്കും വിമര്‍ശനങ്ങളള്‍ക്കും വഴിവെക്കാതെ എല്‍ഡിഎഫ് വി.എന്‍. വാസവനെ സ്ഥാനാര്‍ത്ഥിയായി നിര്‍ണയിച്ചു. പിന്നാലെ എന്‍ഡിഎയ്ക്കായി അഡ്വ. പി.സി. തോമസും വരവറിയിച്ചു. എന്നാല്‍ വിവാദങ്ങളും സ്ഥാനര്‍ത്ഥി നിര്‍ണയവും യുഡിഎഫിനെ വലച്ചു. ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ വന്നതും കേരള കോണ്‍ഗ്രസിലെ പി.ജെ. ജോസഫ് സീറ്റിനായി ആദ്യാവസാനം ശക്തമായി വാദിച്ചതും നേതൃത്വത്തെ വലിയ സമ്മര്‍ദത്തിലാക്കി. ഒടുവില്‍ ജോസഫിനെ നിശബ്ദനാക്കി കേരള കോണ്‍ഗ്രസിന്റെ തോമസ് ചാഴിക്കാടനെ മത്സര രംഗത്തിറക്കി. എന്നാല്‍ ഈ സമയംകൊണ്ട് എല്‍ഡിഎഫ് പ്രചാരണ രംഗത്ത് വന്‍ മുന്നേറ്റം നടത്തിക്കഴിഞ്ഞിരുന്നു. വൈകിയാണ് മത്സര രംഗത്ത് എത്തിയതെങ്കിലും ചാഴിക്കാടനും പ്രചാരണം കൊഴുപ്പിച്ചു. ഇരുവര്‍ക്കുമൊപ്പം പി.സി. തോമസും പ്രചാരണത്തില്‍ മുന്നേറാനുള്ള ശ്രമത്തിലാണ്.

ആദ്യം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതിനാല്‍ എല്‍ഡിഎഫ് കഴിഞ്ഞ വര്‍ഷങ്ങളിലെ മണ്ഡലത്തിലെ ഭരണ മുരടിപ്പിനെയും മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി പാതി വഴിയില്‍ മണ്ഡലത്തെ മറന്ന് രാജ്യസഭയിലേക്ക് ചേക്കേറിയെന്നതും വിമര്‍ശന ആയുധങ്ങളാക്കിയാണ് പ്രചരണ രംഗത്ത് സജീവമായിട്ടുള്ളത്. ഒപ്പം തങ്ങളുടെ വികസന കാഴ്ചപ്പാടുകളും നാടിനൊപ്പവുമുണ്ടെന്ന് ഊട്ടി ഉറപ്പിച്ചുകൊണ്ടാണ് വോട്ടര്‍മാര്‍ക്കിടയിലേക്ക് എത്തുന്നത്. അതേസമയം എല്‍ഡിഎഫന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് നാടിന്റെ വികസനവും പ്രവര്‍ത്തന മികവും തന്നെയാണ് യുഡിഎഫ് വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നത്. എല്‍ഡിഎഫിന്റെ ആരോപണങ്ങളും വമര്‍ശനങ്ങളും പ്രതിരോധിച്ച് വികസന കാഴ്ചപ്പടുകള്‍ ജനങ്ങളിലെത്തിക്കുകയെന്ന വെല്ലുവിളിയാണ് ഇപ്പോള്‍ യുഡിഎഫ് കാമ്പില്‍. എന്‍ഡിഎ ഒട്ടും പിന്നിലല്ലാതെ പ്രചരണ രംഗത്തുണ്ട്. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഒറ്റ ബോര്‍ഡുകളിലും എന്‍ഡിഎയുടെ ചിഹ്നമോ നോതാക്കളുടെ ചിത്രമൊ നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പകരം കര്‍ഷക സംരക്ഷക പാര്‍ട്ടി എന്ന് ബോധ്യപ്പെടുത്തുന്ന വിധമാണ് ബോര്‍ഡുകളെല്ലാം തന്നെ. ഇത് പാര്‍ട്ടിക്കിടയില്‍ അഭിപ്രായ വ്യത്യാസത്തിനും ഭിന്നതയ്ക്കും വഴിതെളിച്ചിട്ടുമുണ്ട്.

അതേസമയം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയുടെ നിര്യാണമാണ് ഇനി കോട്ടയത്തെ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന ഒരു ഘടകം. പാലാ നിയമസഭ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ 11 തവണ തുടര്‍ച്ചയായി വിജയം നേടിയ വ്യക്തിയാണ് കെ.എം. മാണി. അതിനൊപ്പം ജനസമ്മതനും. ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ യാത്രയയപ്പാണ് അദ്ദേഹത്തിന് ജനസാഗരം നല്‍കിയത്. അതുകൊണ്ടു തന്നെ ജനമനസുകളുടെ അളവറ്റ സ്നേഹം ഇനി എത്രത്തോളം വോട്ടായി പ്രതിഫലിക്കുമെന്നതാണ് മറ്റു പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കുന്നത്.

കോട്ടയം ജില്ലയിലെ പിറവം, പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോട്ടയം ലോക്സഭാ മണ്ഡലം. 2014ല്‍ പതിനാറാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി (കേരളാ കോണ്‍ഗ്രസ്(എം) വിജയിച്ചു. അവസാന രണ്ടു തിരഞ്ഞെടുപ്പിലും മണ്ഡലം കേരള കോണ്‍ഗ്രസിനൊപ്പമായിരുന്നു.

കോട്ടയം മണ്ഡലത്തില്‍ 1952ല്‍ ആദ്യ ഇലക്ഷനില്‍ സി.പി. മാത്യു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിജയിച്ചു. പിന്നീട് തുടര്‍ച്ചയായി മൂന്നുവട്ടം വിജയം പാര്‍ട്ടിക്കൊപ്പം നിന്നു. അതിനുശേഷം കോണ്‍ഗ്രസ് ആദിപത്യം കാട്ടിയത് 1989, 1991,1996 വര്‍ഷങ്ങളില്‍ രമേശ് ചെന്നിത്തലയിലൂടെ തുടര്‍ച്ചയായി മൂന്നു വിജയം നേടിക്കൊണ്ടായിരുന്നു. എന്നാല്‍ 1998ല്‍ ചെന്നിത്തലയ്ക്ക് കാലിടറയിപ്പോള്‍ സുരേഷ് കുറുപ്പിലൂടെ എല്‍ഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. സുരേഷ് കുറുപ്പും ഇവിടെ നിന്ന് ഹാട്രിക് വിജയം നേടി. 2009ല്‍ സുരേഷ് കുറുപ്പിനെതിരെ അട്ടിമറി വിജയം നേടിയ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണിയിലൂടെ 2014 ലും മണ്ഡലം നിലനിര്‍ത്തി.

ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 6, കേരള കോണ്‍ഗ്രസ്- 5, സിപിഐഎം- 5 എന്നിങ്ങനെയാണ് വിജയിച്ചിട്ടുള്ളത്. 1952ലാണ് ഇവിടെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ഈ തിരഞ്ഞെടുപ്പില്‍ സി.പി. മാത്യു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിജയിച്ചു. പിന്നീട് 1957, 1962 വര്‍ഷങ്ങളിലും തുടര്‍ച്ചയായി വിജയം പാര്‍ട്ടിക്കൊപ്പം നിന്നു. എന്നാല്‍ 1967ല്‍ സിപിഎമ്മിന്റെ കെ.എം ഏബ്രഹാം വിജയം നേടി. പിന്നീട് 1971, 1977, 1980 വര്‍ഷങ്ങളില്‍ കേരള കോണ്‍ഗ്രസ് കോട്ടയാണ് കണ്ടത്. 1984ല്‍ സുരേഷ് കുറുപ്പിലൂടെ വീണ്ടും സിപിഎം ഭരണം പിടിച്ചു. എന്നാല്‍ 1989, 1991, 1996 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനായി രമേശ് ചെന്നിത്തല ഹാട്രിക് വിജയം നേടി. 1998, 1999, 2004 വര്‍ഷങ്ങളില്‍ സുരേഷ് കുറുപ്പ് എല്‍ഡിഎഫിനായി ഹാട്രിക് വിജയം നേടി മണ്ഡലം തിരിച്ചു പിടച്ചു. എന്നാല്‍ 2009ല്‍ സുരേഷ് കുറുപ്പിനെതിരെ അട്ടിമറി വിജയം നേടി ജോസ് കെ. മാണി മണ്ഡലം വീണ്ടും കേരള കോണ്‍ഗ്രസിന്റെ കൈകളില്‍ എത്തിച്ചു. തുടര്‍ന്ന് 2014ല്‍ നടന്ന തിരഞ്ഞെടുപ്പിലും ജോസ് കെ. മാണി തന്നെ വിജയിച്ചു.

വിവാദങ്ങളും വിമര്‍ശനങ്ങളും പിന്നിട്ട് ശക്തമായ പ്രചാരണം നടക്കുന്ന കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളാണുള്ളത്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണവും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ചേര്‍ന്ന് ഭരിക്കുമ്പോള്‍ രണ്ടിടത്ത് മാത്രമാണ് എല്‍ഡിഎഫ് ഭരണത്തിലുള്ളത്. ഈ ഏഴ് നിയമസഭ മണ്ഡലങ്ങളിലൂടെ കോട്ടയം ലോക്സഭ മണ്ഡലത്തിന്റെ വിധി എഴുതപ്പെടുമ്പോള്‍ നിയമസഭ മണ്ഡലങ്ങള്‍ ആര്‍ക്കൊപ്പമെന്ന് നോക്കാം.

 

 

 

English summary
kottayam loksabah election 2019 article
topbanner

More News from this section

Subscribe by Email