കോട്ടയം: ജില്ലാ പഞ്ചായത്തില്‍ വീണ്ടും സിപിഎം കേരള കോണ്‍ഗ്രസ് (എം) സഖ്യം. വെള്ളിയാഴ്ച നടന്ന വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) അംഗം അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സി.പി.എം അംഗങ്ങളുടെ പിന്തുണയോടെ ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ലിസമ്മ ബേബിയെ എട്ടിനെതിരെ 12 വോട്ടുകള്‍ക്കാണു തോല്‍പ്പിച്ചത്. സി.പി.ഐ അംഗം പി സുഗതന് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. പി.സി.ജോര്‍ജിന്റെ ജനപക്ഷം അംഗം ലിസി സെബാസ്റ്റ്യന്‍ വോട്ട് അസാധുവാക്കി.
കോണ്‍ഗ്രസ് അംഗങ്ങള്‍ ജില്ലാ പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധിച്ചു. മുന്നാം തീയതി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തനി ആവര്‍ത്തനമായിരുന്നു വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ തെരഞ്ഞെടുപ്പും.അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തിന്റെ ആളാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടഞ്ഞ് നിന്ന ജോസഫിനെ ഇതിലൂടെ അനുനയിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായ നേട്ടം.
ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് - 8, കേരള കോണ്‍ഗ്രസ്- 6, സി.പി.എം- 6, സി.പി.ഐ-1, ജനപക്ഷം- 1 എന്നിങ്ങനെയാണു കക്ഷിനില.വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വന്ന ഒഴിവിലാണ് മത്സരം നടന്നത്. വികസന കാര്യ സ്റ്റാന്റിഡിങ് കമ്മറ്റി ചെയര്‍മാനായിരുന്ന സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതോടെയാണ് സ്ഥിരം സമിതിയിലേക്ക് ഒഴിവു വന്നത്. തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ലിസമ്മ ബേബി പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗമായി. സമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് സി.പി.എം പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് പ്രസിഡന്റ് പദം നേടിയത്.ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വന്‍ ചര്‍ച്ചയായ സംഭവമായിരുന്നു.