Thursday December 13th, 2018 - 12:25:am
topbanner

ആശയ സംവാദത്തിന് ശ്രീധരന്‍ പിളളയെ താന്‍ വെല്ലുവിളിക്കുന്നു എന്ന് കോടിയേരി ബാലകൃഷ്ണന്‍

JB
 ആശയ സംവാദത്തിന് ശ്രീധരന്‍ പിളളയെ താന്‍ വെല്ലുവിളിക്കുന്നു എന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: ശബരിമലയെ സമര കേന്ദ്രമാക്കി മാറ്റുന്നതില്‍ നിന്നും സംഘപരിവാര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന് എതിരായാണ് സമരമെങ്കില്‍ ശബരിമലയില്‍നിന്നും മാറ്റി സെക്രട്ടറിയേറ്റിന് മുന്നിലാക്കണം. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായ സമരമാണെങ്കില്‍ തെരുവില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായി ആശയപ്രചാരണത്തിന് അവര്‍ തയ്യാറാവണം. ബിജെപിയുടെ ആശയത്തെ എതിര്‍ക്കാന്‍ സിപിഎം തയ്യാറാണ്. ആശയപരമായൊരു സംവാദത്തിന് ശ്രീധരന്‍പിളളയെ താന്‍ വെല്ലുവിളിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

കോടതിവിധി നടപ്പിലാക്കുകയല്ലാതെ മറ്റെന്താണ് വഴിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ചോദിച്ചിരിക്കുന്നു. ഇത് കേരളത്തിലെ ബിജെപിക്കാരോടുളള ചോദ്യമാണ്. കേന്ദ്ര ആബ്യന്തര മന്ത്രി തന്നെ ഇങ്ങനെ ചോദിക്കുമ്പോള്‍ പിന്നെ എന്തിനാണ് ഇവിടെയൊരു സമരം. ശബരിമലയെ സിപിഎം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശ്രീധരന്‍ പിളള പറയുന്നത്. ശബരിമലയെ തകര്‍ക്കാന്‍ എന്തു ശ്രമമാണ് കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയതെന്ന് അദ്ദേഹം പറയണം.

ശബരിമല ആര്‍എസ്എസ്സിന് പിടിച്ചെടുക്കണം. പല ക്ഷേത്രങ്ങളും ഇങ്ങനെ പിടിച്ചെടുത്തിട്ടുണ്ട്. അവയാണ് ബിജെപി ഇപ്പോള്‍ സമര കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. ശബരിമല പിടിച്ചെടുക്കാന്‍ കുറേ കാലമായി ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. ശബരിമലയില്‍ പ്രതിഷേധത്തിന് അന്‍പതിനായിരം വോളന്റിയര്‍മാരെ ആര്‍എസ്എസ് റെഡിയാക്കി വച്ചിട്ടുണ്ട്. ആര്‍എസ്എസ് ശാഖകള്‍ വഴിയാണ് ഇതിനുളള റിക്രൂട്‌മെന്റ് നടത്തിയിട്ടുളളത്. സോഷ്യല്‍മീഡിയ വഴിയാണ് ഇവര്‍ക്കുളള നിര്‍ദേശം നല്‍കുന്നത്.

ശബരിമലയിലേക്ക് സ്ത്രീകള്‍ പോകണമെന്ന് സിപിഎം പറഞ്ഞിട്ടില്ല. സ്ത്രീകള്‍ പോകണമെന്ന പിടിവാശി സര്‍ക്കാര്‍ കാണിച്ചിട്ടില്ല. സ്ത്രീകള്‍ സ്വമേധയാ വരുന്നെങ്കില്‍ അത് തടയാന്‍ പാടില്ല. എന്നാല്‍ സംഘപരിവാര്‍ ഇതിന്റെ മറവില്‍ കേരളത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ്. ഇതിന് യുഡിഎഫ് കൂട്ടുനില്‍ക്കുകയാണ്. ക്രിമിനല്‍ ആക്ടിവിറ്റി നടത്താന്‍ വന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത്. അങ്ങനെ അല്ലാത്തവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല.

ശബരിമലയിലേക്ക് പോകാന്‍ ഭക്തര്‍ക്ക് യാതൊരുവിധ തടസ്സവുമില്ല. പമ്പയിലെത്തിയ യുഡിഎഫ് നേതാക്കള്‍ക്ക് ഇന്നു അത് മനസ്സിലായിട്ടുണ്ടാവും. ഇന്നലെ അല്‍ഫോണ്‍സ് കണ്ണന്താനം ഭക്തരോട് ചോദിച്ചപ്പോള്‍ എന്തെങ്കിലും പ്രശ്‌നമുളളതായി ഒരു ഭക്തനും പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിട്ടില്ല. അങ്ങനെ എന്തെങ്കിലും പ്രശ്‌നം അവര്‍ക്ക് ഉണ്ടായിരുന്നുവെങ്കില്‍ കേന്ദ്രമന്ത്രിയോട് പറയുമായിരുന്നു. ഒരു പരാതിയും കേന്ദ്രമന്ത്രിക്ക് കിട്ടിയില്ല. ഇന്നു യുഡിഎഫ് നേതാക്കന്മാര്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ അനുവാദം കൊടുത്തു. എന്നിട്ടും അവര്‍ പമ്പ വരെ പോയി തിരിച്ചുവന്നു. എന്തുകൊണ്ടാണ് അവര്‍ ശബരിമലയിലേക്ക് പോകാത്തത്. ശബരിമലയിലേക്ക് പോകരുതെന്ന് അവരോട് ആരെങ്കിലും പറഞ്ഞോ?. ശബരിമലയില്‍ ഭക്തര്‍ക്ക് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കാനായിരുന്നു അവരുടെ സമരം.

സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാടിനെ തളളിക്കൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ യുഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണം. വിശ്വാസം ആണ് പ്രധാനം എന്നു പറയുന്ന ബിജെപി നിലപാടിനോട് മുസ്ലിം ലീഗ് യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. നവംബര്‍ 26 ന് ഭരണഘടനാദിനത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും- കോടിയേരി പറഞ്ഞു.

 

English summary
kodiyari balakrishnan aganist sreedaran pillai
topbanner

More News from this section

Subscribe by Email