കൊല്ലം: സിപിഎം പിബി അംഗം പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസംഗം. കൊല്ലത്ത് കൊട്ടാരക്കര തലച്ചിറയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്.
പിണറായി വിജയന് ഭീകരരൂപിയാണെന്ന് പറഞ്ഞ കൊടിക്കുന്നില്‍ മുഖത്ത് നോക്കാന്‍ തന്നെ അറപ്പുള്ള പിണറായി മുഖ്യമന്ത്രിയായാല്‍ കേരളം നശിക്കുമെന്നും പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തിലെ മദ്യശാലകള്‍ക്കെല്ലാം പൂട്ടിട്ട കാരണം ഇപ്പോള്‍ കേരളത്തില്‍ മദ്യപാനം കൊണ്ടുള്ള ശല്യമില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.അങ്ങനെ കേരളത്തില്‍ സുരക്ഷിതത്വവും വീടുകളില്‍ സമാധാനവും തിരിച്ചുവന്നു. അത്തരത്തില്‍ നല്ല ഭരണം കാഴ്ചവെച്ച സര്‍ക്കാറാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ളത്.
അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയുന്ന ഒരന്തരീക്ഷം കേരളത്തിലുണ്ടാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താനായി കേരളത്തില്‍ വീണ്ടു യുഡിഎഫിനെ ശക്തിപ്പെടുത്തണമെന്നും കൊടുക്കുന്നില്‍ സുരേഷ് പറഞ്ഞു.