topbanner
Monday February 19th, 2018 - 7:39:pm
topbanner
Breaking News

മെട്രോയില്‍ കയറണമെന്ന ആഗ്രഹം മാത്രമുണ്ടായിരുന്ന ഗോപികയും വന്ദനയും ഇനി മെട്രോ ഡ്രൈവര്‍മാര്‍

NewsDesk
മെട്രോയില്‍ കയറണമെന്ന ആഗ്രഹം മാത്രമുണ്ടായിരുന്ന ഗോപികയും വന്ദനയും ഇനി മെട്രോ ഡ്രൈവര്‍മാര്‍

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ മെട്രോ ട്രെയിന്‍ നിയന്ത്രിക്കാന്‍ ഏഴു വനിതാ ഡ്രൈവര്‍മാരും. എന്നെങ്കിലും കൊച്ചി മെട്രോയില്‍ കയറണമെന്നു മാത്രം ആഗ്രഹിച്ച ഗോപികയും വന്ദനയും ഉള്‍്‌പ്പെടെയുള്ളവര്‍ക്കാണ് നിയമനം ലഭിച്ചത്.

''ഓഫീസിലെ ചേട്ടന്മാര്‍ എല്ലാം പറഞ്ഞുതരും, ഒന്നോര്‍ത്തും ഞങ്ങള്‍ക്ക് ആശങ്കയില്ല'' കൊച്ചിയുടെ സ്വന്തം മെട്രോയില്‍ ജോലിക്കെത്താനായതില്‍ അടക്കാനാവാത്ത സന്തോഷം പങ്കുവച്ചുകൊണ്ട് ഗോപിക പറഞ്ഞു.

മെട്രോ പാതയിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ട്രെയിനുകളെ നിയന്ത്രിക്കുന്ന സീറ്റിലാണ് ഇപ്പോള്‍ ഇവരുടെ ഇരിപ്പ്. സ്‌റ്റേഷന്‍ കണ്‍ട്രോളര്‍/ഓപ്പറേറ്റര്‍ തസ്തികയിലാണ് ഇവര്‍ക്ക് നിയമനം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയത്.

വന്ദനയെയും ഗോപികയെയും കൂടാതെ കൊല്ലം സ്വദേശിനികളായ സി. ഹിമ, രമ്യ ദാസ്, തൃശ്ശൂര്‍ സ്വദേശിനിയായ കെ.ജി. നിധി, ചേര്‍ത്തല സ്വദേശിനി അഞ്ജു അശോകന്‍, തിരുവനന്തപുരം സ്വദേശിനി ജെ.കെ. അഞ്ജു എന്നിവരാണ് കൊച്ചി മെട്രോയുടെ പുതിയ വനിത സാരഥികള്‍.

എന്‍ജിനിയറിങ് ഡിപ്ലോമയും മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവുമായിരുന്നു യോഗ്യത. തെരഞ്ഞെടുത്തവര്‍ക്ക് 2016 മാര്‍ച്ച് മുതല്‍ മൂന്നുമാസം ബെംഗളുരുവില്‍ പരിശീലനം നല്‍കി.

മെട്രോപാതയില്‍ ഓടിക്കാനുള്ള അനുമതിക്കു മുമ്പായുള്ള കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 400 കിലോമീറ്റര്‍ ട്രെയിന്‍ ഓടിക്കണം. ഇതുകൂടാതെ യാര്‍ഡില്‍ 40 കിലോമീറ്റര്‍ ഓടിക്കണം. രണ്ടും കൊച്ചി മെട്രോയുടെ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇവയുള്‍പ്പെടെ പരിശീലനത്തിന്റെ എല്ലാ കടമ്പകളും വിജയകരമായി പിന്നിട്ടാണ് ഗോപികയും വന്ദനയുമടക്കമുള്ളവര്‍ മെട്രോയുടെ ഡ്രൈവിങ് സീറ്റില്‍ എത്തിയത്. എല്ലാവരും മലയാളികളാണ്.

നന്നായി ആസ്വദിച്ചാണ് ട്രെയിനുകള്‍ ഓടിക്കുന്നതെന്ന് ഗോപികയും വന്ദനയും പറഞ്ഞു. ഇതുവരെ പ്രശ്‌നമൊന്നുമില്ല. എട്ടുമണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. ഒരു ട്രെയിനില്‍ ഒരു ഡ്രൈവറാണുള്ളത്. പ്രത്യേക ലിവര്‍ ഉപയോഗിച്ചാണ് ട്രെയിനുകള്‍ നിയന്ത്രിക്കുന്നത്. യാത്രാ സര്‍വീസിലേതുപോലെ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയാണ് പരീക്ഷണ ഓട്ടം. ഇവര്‍ക്കു പുറമേ 32 പുരുഷന്മാരും ഇനി മെട്രോ ഓടിക്കും. എല്ലാവരും മലയാളികളാണ്.

Read more topics: kochi, metro, train, woman, driver
English summary
kochi metro train woman drivers
topbanner

More News from this section

Subscribe by Email