Thursday September 20th, 2018 - 9:05:pm
topbanner
Breaking News

പ്രതിപക്ഷ നേതൃപദവിയിലേക്ക് ഉമ്മന്‍ചാണ്ടി കടന്നുവരണമെന്ന അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ താനാളല്ല: കെ.എം മാണി

suvitha
പ്രതിപക്ഷ നേതൃപദവിയിലേക്ക് ഉമ്മന്‍ചാണ്ടി കടന്നുവരണമെന്ന അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ താനാളല്ല: കെ.എം മാണി

കോട്ടയം: പ്രതിപക്ഷ നേതൃപദവിയിലേക്ക് ഉമ്മന്‍ചാണ്ടി കടന്നുവരണമെന്ന യു.ഡി.എഫ് നേതാക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ക്ക് മറുപടി പറയാന്‍ താനാളല്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായം പറയട്ടെ. യു.ഡി.എഫ് നേതാക്കള്‍ക്ക് മാര്‍ക്കിടുന്നത് തന്റെ ചുമതലയല്ല. അതിന് തനിക്ക് വശമില്ലെന്നും തയ്യാറുമല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തിപരമായി നല്ലയാളാണ്.

എന്നാല്‍, രാഷ്ട്രീയപരമായി ചെന്നിത്തലയുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. യു.ഡി.എഫ് നല്ലത് ചെയ്യുമ്പോള്‍ നല്ലതെന്നും തെറ്റുചെയ്യുമ്പോള്‍ തെറ്റെന്നും തുറന്നുപറയും. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് ഉചിതമായ സമയത്ത് യുക്തമായ തീരുമാനമെടുക്കും. അടുത്ത തെരഞ്ഞെടുപ്പ് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പുതിയ കേന്ദ്രമന്ത്രിയെ ലഭിച്ചത് നല്ലകാര്യമാണ്.

എന്നാല്‍, കേന്ദ്രമന്ത്രിസഭയില്‍ ഒരാള്‍ അംഗമായതുകൊണ്ട് രാജ്യം പിടിച്ചടക്കാന്‍ പറ്റുമോ. കണ്ണന്താനം വന്നതുകൊണ്ട് കേരളം മുഴുവന്‍ ബി.ജെ.പി നയമാവുമെന്ന് ആരും കരുതേണ്ടതില്ല. കേരളത്തിലെ ജനം പ്രബുദ്ധരാണ്. മതസൗഹാര്‍ദത്തിനും മതനിരപേക്ഷതയ്ക്കും സ്ഥാനം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ബി.ജെ.പിയുടെ നയമെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അതുമായി ഒത്തുപോവാന്‍ നമുക്കാവുമോയെന്ന് കെ.എം മാണി ചോദിച്ചു.

അല്‍ഫോണ്‍സ് കണ്ണന്താനം ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചതിലും തെറ്റുപറയാനാവില്ല. അത് മന്ത്രിയുടെ സ്വാതന്ത്ര്യമാണ്. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുണ്ടാവുമ്പോഴെല്ലാം കേരളാ കോണ്‍ഗ്രസിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, സുന്ദരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവുമെന്നായിരുന്നു കെ.എം മാണിയുടെ മറുപടി. കേരള കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് വൈകാതെയുണ്ടാവും. പുതുവര്‍ഷത്തില്‍ പുതിയ ഭാരവാഹികളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
the opinion of UDF leaders: km mani
topbanner

More News from this section

Subscribe by Email