Friday August 23rd, 2019 - 6:03:am
topbanner
topbanner

കണ്ണൂരിലെ കെട്ടിയിട്ടു കവര്‍ച്ച; സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു; അന്വേഷണം ഊര്‍ജിതം

NewsDesk
കണ്ണൂരിലെ കെട്ടിയിട്ടു കവര്‍ച്ച; സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു; അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് മര്‍ദ്ദിച്ച് വീട് കൊള്ളയടിച്ച സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. സമാനരീതിയില്‍ നേരത്തെയും പല കവര്‍ച്ചകളും നടത്തിയിട്ടുള്ള സംഘമാണിതെന്നാണ് പോലീസ് പറയുന്നത്.

കൊള്ളയ്ക്കുശേഷം സംഘം സംസ്ഥാനം വിടാതിരിക്കാനായി പഴുതടച്ചുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. ബംഗ്ലാദേശ് സ്വദേശികള്‍ അടങ്ങിയ 'ബംഗ്ലാ ഗ്യാങ്'  കവര്‍ച്ചാ സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം.

50 പേരിലേറെയുള്ള വന്‍ സംഘമാണിത്. ഇവരില്‍ പലരും കേരളത്തിലെത്തിയിട്ടുണ്ടെന്ന വിവരം പോലീസ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ വിലാസം നല്‍കുകയും പലയിടത്തായി കവര്‍ച്ച നടത്താന്‍ കറങ്ങുകയും ചെയ്യുന്ന ബംഗ്ലാദേശികളാണ് ഇതിലുള്ളത്. ഈ സംഘത്തിലുള്‍പ്പെട്ടവരാണ് കണ്ണൂരില്‍ കൊള്ള നടത്തിയതെന്നാണ് നിഗമനം.

സമയമെടുത്തുള്ള മോഷണം, വീട്ടുകാരെ ബന്ദിയാക്കിയ രീതി, കവര്‍ച്ചയ്ക്കായി വീട്ടില്‍ കയറിയരീതി എന്നിവ പരിശോധിച്ചാണു സ്ഥിരീകരണം. മുന്‍പു കൊച്ചിയിലെ ചില വീടുകളില്‍ കവര്‍ച്ച നടത്തിയ 14 അംഗ സംഘത്തിലുണ്ടായിരുന്നവര്‍ക്കു സംഭവവുമായി ബന്ധമുള്ളതായും സംശയമുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണു വിനോദ് ചന്ദ്രനെയും ഭാര്യ പി.സരിതയെയും താഴെചൊവ്വയിലെ വീട്ടില്‍ മര്‍ദ്ദിച്ചു കെട്ടിയിട്ടു നാലംഗ സംഘം 30 പവന്‍ സ്വര്‍ണ്ണവും 15000 രൂപയും വീട്ടുപകരണങ്ങളും കവര്‍ന്നത്. ഇരുവരും ചികിത്സയിലാണ്.

ആക്രമിച്ച് കീഴടക്കുകയും കൊള്ളനടത്തുകയും ചെയ്യുന്ന രീതി ഏതൊക്കെ സംഘങ്ങള്‍ക്കുണ്ടെന്ന പരിശോധനയാണ് അന്വേഷണസംഘത്തെ ബംഗ്ലാദേശികളിലെത്തിച്ചത്. തമിഴ്നാട്ടിലെ അയ്യനാര്‍ ഗാങ്, മഹാരാഷ്ട്രയിലെ ശ്രീകാമ്പൂര്‍ ടീം എന്നിവരൊക്കെയാണ് ബംഗ്ലാദേശിസംഘത്തിനു പുറമെ ഈ രീതിയില്‍ കവര്‍ച്ച നടത്തുന്നത്. ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് അയ്യനാര്‍ ഗാങ്ങിന്റെ കവര്‍ച്ച. പൊന്ന്യം, പെരിയ, കാഞ്ഞാര്‍ ബാങ്കുകളിലടക്കം കവര്‍ച്ച നടത്തിയത് ഈ സംഘമാണ്. ഇതില്‍ ഉള്‍പ്പെട്ടവര്‍ പിടിയിലായതോടെ സംസ്ഥാനത്ത് ഇവരുടെ 'ഓപ്പറേഷന്‍' കുറഞ്ഞതായാണ് പോലീസ് പറയുന്നത്.

സംഘം ഉപയോഗിച്ച നീല നിറത്തിലുള്ള ടാറ്റ ഇന്‍ഡിക്ക കാര്‍ മോഷ്ടിച്ചതോ പ്രാദേശികമായി സംഘടിപ്പിച്ചതോ ആണെന്നാണു പൊലീസ് നിഗമനം. കൊള്ളമുതല്‍ വീതം വച്ച് ഉടനെ സംഘം പിരിഞ്ഞു പോയതായും സംശയമുണ്ട്. അക്രമികള്‍ വീടുവിട്ട് അരമണിക്കൂറിനുള്ളില്‍ തന്നെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കിയിരുന്നെങ്കിലും കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാര്‍ സഞ്ചരിച്ച വഴിയറിയാന്‍ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്നുസംഘമായി തിരിഞ്ഞാണ് അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍ തുടങ്ങിയവയിലുള്ള സാങ്കേതിക പരിശോധന, പ്രതികളെന്ന് സംശയിക്കുന്നവര്‍ രക്ഷപ്പെടാനുള്ള ശ്രമം തടയലും പിടിക്കാനുള്ള ഇടപെടലും, മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണം എന്നിങ്ങനെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

English summary
Kerala: Robbery in journalist’s house raises concern
topbanner

More News from this section

Subscribe by Email