Wednesday September 26th, 2018 - 12:28:pm
topbanner

സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന് ആരോപണം; വിശദീകരിക്കാന്‍ വയല്‍ക്കിളികള്‍

NewsDesk
സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന് ആരോപണം; വിശദീകരിക്കാന്‍ വയല്‍ക്കിളികള്‍

തളിപ്പറമ്പ്: കീഴാറ്റൂരില്‍ നടന്നുവരുന്ന ബൈപാസ് വിരുദ്ധ സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ വയല്‍ക്കിളികള്‍ തയ്യാറെടുക്കുന്നു.

ഇന്ന് ആരംഭിക്കുന്ന സിപിഎമ്മിന്റെ കീഴാറ്റൂര്‍ വിശദീകരണയാത്ര അവസാനിക്കുന്നതിന്റെ പിറ്റേന്ന് 10 ന് വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ വിപുലമായ പൊതുയോഗം സംഘടിപ്പിച്ച് സിപിഎം ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നതോടൊപ്പം ഭാവി സമരപരിപാടികള്‍ പൊതുയോഗത്തില്‍ പ്രഖ്യാപിക്കാനാണ് ഇന്നലെ തളിപ്പറമ്പില്‍ ചേര്‍ന്ന ഐക്യദാര്‍ഡ്യ സമിതി യോഗത്തില്‍ ധാരണയായത്.

സിപിഎം ജാഥകള്‍ ഒന്‍പതിനാണ് സമാപിക്കുന്നത്. ബിജെപി ഇന്നലെ നടത്തിയ കീഴടങ്ങില്ല കീഴാറ്റൂര്‍ കര്‍ഷക രക്ഷാമാര്‍ച്ചില്‍ വയല്‍കിളികള്‍ പങ്കെടുത്തതിനെച്ചൊല്ലി ഇന്നലെ നടന്ന ഐക്യദാര്‍ഡ്യ സമിതി യോഗത്തില്‍ പ്രതിഷേധം ശക്തമായിരുന്നു.  

അടിയന്തിരമായി വിളിച്ചുചേര്‍ത്ത സമിതി യോഗത്തില്‍ ഇതേച്ചൊല്ലി കടുത്ത വാക്കേറ്റം തന്നെ നടന്നതായാണ് വിവരം. വയല്‍കിളി പന്തലില്‍ ബിജെപിക്ക് പരിപാടി നടത്താന്‍ അവസരം നല്‍കിയതും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി.

എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത സുരേഷ് കീഴാറ്റൂര്‍ ഇത് നിഷേധിക്കുകയാണുണ്ടായത്. ഒടുവില്‍ ബിജെപിയുടെ കോര്‍പറേറ്റ് അജണ്ട സമരം ഹൈജാക്ക് ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സമരം ശക്തമാക്കാനാണ് യോഗം തീരുമാനിച്ചത്.

വയല്‍കിളികള്‍ക്കുള്ള പിന്തുണ ഈ ഘട്ടത്തില്‍ ഉപേക്ഷിച്ചാല്‍ ബിജെപി പൂര്‍ണ്ണമായി സമരം കയ്യടക്കും എന്നതിനാലാണ് വയല്‍കിളികള്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കാന്‍ യോഗം തീരുമാനിച്ചത്.

കീഴാറ്റൂരില്‍ നെല്‍വയല്‍ സംരക്ഷണത്തിനായി നടക്കുന്ന സമരം കോര്‍പറേറ്റ് വികസന അജണ്ടക്കെതിരായ സമരമാണെന്ന് കീഴാറ്റൂര്‍ ഐക്യദാര്‍ഡ്യസമിതി യോഗം പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.

കക്ഷിരാഷ്ട്രീയ നേതൃത്വങ്ങള്‍ സമരത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ബിജെപി കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് നടത്തിയ മാര്‍ച്ച് അത്തരമൊരു ശ്രമത്തിന്റെ ഭാഗമാണ്. അതില്‍ വീണുപോകാതിരിക്കാന്‍ സമഗരംഗത്തുള്ളവര്‍ ജാഗ്രത കാണിക്കണമെന്ന് കണ്‍വീനര്‍ നോബിള്‍ പൈകട പത്രക്കുറിപ്പില്‍ അറിയിച്ചു.

ദേശീയപാത ബിഒടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ഇതിനേക്കുറിച്ച് ബിജെപി നിലപാട് വ്യക്തമാക്കണം. കീഴാറ്റൂര്‍ നെല്‍വയല്‍ സമരം സജീവമാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനും ഇന്നലെ ചെര്‍ന്ന ഐക്യദാര്‍ഡ്യസമിതി യോഗം തീരുമാനിച്ചു.

നേരത്തെ പ്രഖ്യാപിച്ച ലോംങ്ങ്മാര്‍ച്ചിന് വലിയ തയ്യാറെടുപ്പ് വേണമെന്നതിനാല്‍ അതിന് മുന്നൊരുക്കങ്ങള്‍ സജീവമാക്കാനും തീരുമാനിച്ചു. ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.സുനില്‍കുമാര്‍, വിനോദ്കുമാര്‍ രാമന്തളി, വി.പി.മഹേശ്വരന്‍, സുരേഷ് കീഴാറ്റൂര്‍, നോബിള്‍ പൈകട, സൈനുദ്ദീന്‍ കരിവെള്ളൂര്‍, എം.കെ.ജയരാജന്‍, ഹരി ചക്കരക്കല്ല് എന്നിവര്‍ പ്രസംഗിച്ചു.

English summary
keezhattoor vayal kili meeting at kannur stadium corner
topbanner

More News from this section

Subscribe by Email