Wednesday March 20th, 2019 - 9:12:pm
topbanner
topbanner

കീഴാറ്റൂരില്‍ സിപിഎം കുഴപ്പത്തില്‍ ; ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സന്നദ്ധത അറിയിച്ചു

NewsDesk
കീഴാറ്റൂരില്‍ സിപിഎം കുഴപ്പത്തില്‍ ; ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സന്നദ്ധത അറിയിച്ചു

തളിപ്പറമ്പ: കീഴാറ്റൂര്‍ വിഷയത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയതായി റിപ്പോര്‍ട്ട്.

വയല്‍ക്കിളികളെ പാര്‍ട്ടി ശത്രുക്കളായി കണക്കാക്കി സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ജയരാജന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു.

ഇതോടെ പാര്‍ട്ടി തീരുമാനം ശിരസ്സാ വഹിച്ച് ബൈപ്പാസിനെ അനുകൂലിച്ച കീഴാറ്റൂരിലെ പാര്‍ട്ടി നേതാക്കളും മെമ്പര്‍മാരും നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

പ്രതിഷേധ സൂചകമായി കീഴാറ്റൂരിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഏരിയ കമ്മിറ്റി ഓഫീസിലെത്തി സെക്രട്ടറി പി. മുകുന്ദന്‍ മുമ്പാകെ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

സി.പി. എമ്മിനെതിരെ ആര്‍.എസ്.എസുമായി കൂട്ട് ചേര്‍ന്ന് സമാന്തര പ്രവര്‍ത്തനം നടത്തുന്ന സുരേഷ് കീഴാറ്റൂരിനെ ജയരാജന്‍ അനുകൂലിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

വയല്‍ക്കിളികളും സി.പി.എം സൈബര്‍ പോരാളികളും തമ്മില്‍ മാസങ്ങളായി ഫേസ്ബുക്കില്‍ ഏറ്റുമുട്ടല്‍ നടത്തുന്നുണ്ട്. ജയരാജന്റെ ആഹ്വാനത്തോടെ വയല്‍ക്കിളികള്‍ക്കെതിരെ ഒരു പോസ്റ്റും ഇടാന്‍ കഴിയാത്ത സാഹചര്യമാണ് സി.പി.എം അണികള്‍ക്ക്.

ഈ സാഹചര്യത്തിലാണ് സി.പി.എം നേതാക്കളടക്കമുള്ളവര്‍ രാജി ഭീഷണി മുഴക്കിയത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവെക്കുകയാണെന്നും പകരം വയല്‍ക്കിളികളെ വെച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിക്കോളൂവെന്നുമാണ് കീഴാറ്റൂരില്‍ നിന്നെത്തിയ സംഘം ഏരിയ സെക്രട്ടറിയെ അറിയിച്ചത്.

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്,

കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരം നടത്തിയവരുമായി സിപിഐ(എം) രഹസ്യ ചര്‍ച്ച നടത്തി എന്നാണ് ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത നല്‍കിയത്.ഇതില്‍ യാതൊരു രഹസ്യവുമില്ല. പാര്‍ട്ടി തുടര്‍ച്ചയായി എടുക്കുന്ന സമീപനം തന്നെയാണ് ഇത്. കീഴാറ്റൂര്‍ പ്രദേശത്ത് സമരത്തില്‍ ഏര്‍പ്പെട്ടവര്‍ പാര്‍ട്ടിയുടെ ഭാഗമായി നിന്നവരാണ്. അവര്‍ക്ക് നാഷണല്‍ ഹൈവേ ബൈപ്പാസ് അലൈന്മെന്റ് കീഴാറ്റൂര്‍ വഴി ആവരുത് എന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യത്യസ്തമായ നിലപാടാണ് ഉള്ളത്.

കാരണം ബൈപ്പാസ് അലൈന്മെന്റ് നിശ്ചയിക്കുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള അതോറിറ്റിയാണ്. അവരുടെ മാനദണ്ഡ പ്രകാരം അലൈന്മെന്റ് നിശ്ചയിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ പ്രസ്തുത ഭൂമി ഏറ്റെടുത്ത് കൊടുക്കുന്ന ഉത്തരവാദിത്വമാണ് സംസ്ഥാന ഗവണ്മെന്റിന് ഉള്ളത്. അതിന്റെ ഭാഗമായി ജില്ലയിലെ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ എതിര്‍പ്പുകള്‍ മറികടന്ന് പൂര്‍ത്തീകരിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ലോങ് മാര്‍ച്ച് നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്. അങ്ങനെ കീഴാറ്റൂരില്‍ ഒതുങ്ങി നിന്ന സമരത്തെ സംസ്ഥാന വ്യാപകമായി ഉയര്‍ത്താനാണ് ആസൂത്രണം ഉണ്ടായത്.ഈ ഘട്ടത്തിലാണ് കഴിഞ്ഞകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി പാര്‍ട്ടി ഇടപെട്ടത്. അതിന്റെ ഭാഗമായി നടപടി എടുക്കപ്പെട്ട മുന്‍ പാര്‍ട്ടി മെമ്പര്‍മാരെയാകെ കണ്ടു സംസാരിക്കണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു.

ഉത്തരവാദപ്പെട്ട നേതാക്കന്മാര്‍ അവരുടെ വീടുകളില്‍ എത്തിയാണ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന അവരുടെ മുന്നില്‍ വെച്ചത്. അതിനെ തുടര്‍ന്നാണ് സമരനേതാവായ സുരേഷും മറ്റുമായി സംസാരിച്ചത്. ഇതിലെല്ലാം പാര്‍ട്ടി സമരക്കാരോട് പറഞ്ഞത് ഒരേ കാര്യമായിരുന്നു.കേരളത്തിലെ വികസന പ്രശ്‌നങ്ങളില്‍ ഭൂമി ഏറ്റെടുക്കേണ്ട ഘട്ടങ്ങളില്‍ സ്വാഭാവികമായി ഭൂവുടമകള്‍ക്ക് ഉണ്ടാവുന്ന പ്രയാസങ്ങള്‍ മുതലെടുത്ത് കൊണ്ട് തീവ്രവാദ ശക്തികളാണ് രംഗത്ത് വരുന്നത്.ഇക്കാര്യം സമരത്തിന്റെ തുടക്കം മുതല്‍ പാര്‍ട്ടി ചൂണ്ടി കാണിച്ചതാണ്.

2018 മാര്‍ച്ച് 17 ന്റെ ദേശാഭിമാനി പത്രത്തില്‍ ഞാന്‍ എഴുതിയ ലേഖനത്തിന്റെ അവസാന ഖണ്ഡിക ഇങ്ങനെയായിരുന്നു. ' വികസനപ്രശ്‌നങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ചൂഷണംചെയ്യാന്‍ ചില തീവ്രവാദശക്തികള്‍ കീഴാറ്റൂര്‍പോലെ മറ്റിടങ്ങളിലും ഇടപെടുന്നു എന്നത് ഗൗരവപൂര്‍വം പരിഗണിക്കേണ്ടതാണ്.

ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരായ അവസരമായി മുതലാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കല്ല ചില തീവ്രവാദശക്തികള്‍ക്കാണ് അതിന്റെ നേട്ടമെന്നത് എല്ലാവരും തിരിച്ചറിയണം. കീഴാറ്റൂര്‍ ബൈപാസ് വിരുദ്ധ സമരത്തില്‍നിന്ന് പുരോഗമനശക്തികളാകെ ഉള്‍ക്കൊള്ളേണ്ട പാഠമാണിത്.

കീഴാറ്റൂര്‍ സമരം ലോങ് മാര്‍ച്ചാവുന്നതോടെ ആര്‍ എസ് എസ്-ഇസ്‌ളാമിസ്‌റ് തീവ്രവാദ ശക്തികള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ലഭിക്കും.ഇക്കാര്യമാണ് ഒടുവിലും പാര്‍ട്ടി ചൂണ്ടി കാണിച്ചത്.ഇത് ഇടതുപക്ഷ മനസുള്ള എല്ലാവരെയും ബോധ്യപ്പെടുത്തതാനായി.

പാര്‍ട്ടിയുടെ ഈ അഭിപ്രായത്തോട് യോജിക്കുമ്പോള്‍ തന്നെ സമരം നടത്തിയവര്‍ക്ക് വയല്‍ വഴിയുള്ള ബൈപ്പാസ് അലൈന്മെന്റ് മാറ്റണമെന്ന അഭിപ്രായം തന്നെയാണുള്ളത്. അതായത് വര്‍ഗ്ഗീയ തീവ്രവാദ ശക്തികളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ നടത്തപ്പെടുന്ന ലോങ് മാര്‍ച്ച് തല്‍ക്കാലമെങ്കിലും മാറ്റി വെക്കാന്‍ അവര്‍ തയ്യാറായിരുന്നു. ഇത് നല്ല സൂചനയായി കണക്കാക്കുന്നു.

ഇങ്ങനെ ചര്‍ച്ച നടത്തിയതിനെ കുറ്റപ്പെടുത്തിയ ചിലരെങ്കിലുമുണ്ട്. അവരില്‍ ചിലര്‍ സമരത്തില്‍ അണിനിരന്ന ആളുകളെ മുഴുവന്‍ പാര്‍ട്ടി ശത്രുക്കളായി കണക്കാക്കിക്കൊണ്ട സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്.ഇത് പാര്‍ട്ടി അംഗീകരിക്കുന്ന സമീപനമല്ല.എന്തുകൊണ്ടെന്നാല്‍ അവരില്‍ പലര്‍ക്കും ബൈപ്പാസ് പ്രശ്നത്തില്‍ ഒഴികെ സിപിഐ എം കൈക്കൊള്ളുന്ന രാഷ്ട്രീയ സമീപനങ്ങളോട് തികഞ്ഞ യോജിപ്പുണ്ട്.

അതിന്റെ ഫലമായാണ് സമരത്തെ വര്‍ഗ്ഗീയ തീവ്രവാദ ശക്തികള്‍ കൈയ്യടക്കുന്നതിനെതിരായ ഉറച്ച നിലപാട് അവര്‍ സ്വീകരിച്ചത്.ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.തെറ്റായ സമീപനം തിരുത്തിക്കുന്നതിന് പകരം ശത്രുപാളയത്തില്‍ എത്തിക്കുന്ന പ്രതികരണങ്ങള്‍ ഒരിക്കലും പാര്‍ട്ടിക്ക് ഗുണപരമാകില്ല.തെറ്റ് തിരുത്താന്‍ സഹായകരമായ നിലപാടാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എല്ലാവരും കൈക്കൊള്ളേണ്ടത്.

Viral News

English summary
keezhattoor cpm branch secretary likely to be resigns
topbanner

More News from this section

Subscribe by Email