കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യാമാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന.
നേരത്തേ രണ്ടുതവണ കാവ്യയെ ചോദ്യം ചെയ്തിരുന്നു. അന്നു ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. പൊട്ടിക്കരയുകയായിരുന്ന കാവ്യയോട് വിളിപ്പിക്കുമ്പോള്‍ വരണമെന്നു നിര്‍ദേശിച്ചാണ് എ.ഡി.ജി.പി: സന്ധ്യ വിട്ടയച്ചത്.
കാവ്യയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസിന് ശേഖരിക്കേണ്ടതുണ്ട്. നടി ചോദ്യം ചെയ്യലിനു വിധേയയാകേണ്ടി വരുമെന്നുള്ള ആശങ്കയില്‍ ചോദ്യങ്ങളോടു പ്രതികരിക്കണ്ടതിനെപ്പറ്റി ഇന്നലെ അഭിഭാഷകരില്‍ നിന്ന് ഉപദേശം തേടി.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ കാവ്യക്കു നേരിട്ടു പങ്കില്ലന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എങ്കിലും സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കാവ്യയെ സാക്ഷിയാക്കി ദിലീപിന്റെ കുരുക്ക് മുറുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പോലീസ്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണു തുടക്കം മുതല്‍ ദിലീപും കാവ്യയും പറഞ്ഞിരുന്നത്. എന്നാല്‍, പള്‍സറിനെ വര്‍ഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊഴി. പള്‍സര്‍ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണു പള്‍സറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ട്. ഇതു തെളിയിക്കാന്‍ പോലീസിനു കഴിയും.