Monday December 17th, 2018 - 8:16:pm
topbanner

കണ്ണൂരിൽ പ്രവാസി ക്ഷേമനിധിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തു : പരാതിയുമായി നിരവധിപേര്‍ രംഗത്ത്

NewsDesk
കണ്ണൂരിൽ  പ്രവാസി ക്ഷേമനിധിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തു : പരാതിയുമായി നിരവധിപേര്‍ രംഗത്ത്

കണ്ണൂർ/തളിപ്പറമ്പ്: പ്രവാസി ക്ഷേമനിധിയില്‍ അടക്കാന്‍ തളിപ്പറമ്പ് പ്രവാസി സംഘത്തില്‍ ഏല്‍പ്പിച്ച രൂപ തട്ടിയെടുത്തെന്ന പരാതിയുമായി നിരവധിപേര്‍ രംഗത്ത്. പാപ്പിനിശ്ശേരി, ചെറുകുന്ന്, പഴയങ്ങാടി മേഖലകളില്‍ നിന്നും പ്രവാസികളുടെ ബന്ധുക്കളായ നിരവധി പേരാണ് ഇന്നലെ തളിപ്പറമ്പിലെ പ്രവാസി സംഘം ഓഫിസിലെത്തിയത്. പ്രവാസി സംഘത്തിന്റെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിനു സമീപത്ത് തന്നെയുളള പ്രവാസി സേവാ കേന്ദ്രത്തില്‍ പണമടച്ചവരാണ് പരാതിയുമായി എത്തുന്നത്.

ഇവര്‍ അക്ഷയ വഴി അടച്ച പണം മാത്രമേ ഇപ്പോള്‍ അക്കൗണ്ടിലുളളു. സംഘം ഏരിയ സെക്രട്ടറി എന്‍.കൃഷ്ണന്റെ പേരിലാണ് പ്രവാസി സേവാ കേന്ദ്രത്തിന്റെ ലൈസന്‍സ് ഉളളത്. ആദ്യം തളിപ്പറമ്പ് പ്രവാസി സംഘം ഏരിയ കമ്മിറ്റി ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാസി സേവാ കേന്ദ്രം പണം അടച്ചവര്‍ക്ക് പ്രവാസി സംഘത്തിന്റെ രസീതാണ് നല്‍കിയത്.

തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു വന്നതോടെ സേവാ കേന്ദ്രവുമായി പ്രവാസി സംഘത്തിന് ഒരുബന്ധവുമില്ലെന്നും ഇവ തികച്ചും വ്യക്തികളുടെ അധീനതയിലും ഉത്തരവാദിത്വത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്നും, അത് നടത്തുന്ന വ്യക്തി കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ പേരും സീലും ദുരുപയോഗം ചെയ്ത് പ്രവാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും കേരള പ്രവാസി സംഘം കണ്ണൂര്‍ ജില്ലാകമ്മറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പേരും സീലും ദുരുപയോഗം ചെയ്തതിന് പോലീസില്‍ പരാതി കൊടുക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ഇതോടൊപ്പം തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സംഘം ഏരിയ സെക്രട്ടറി എന്‍.കൃഷ്ണനെ കേരള പ്രവാസി സംഘത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ജില്ലാ കമ്മിറ്റി അറിയിച്ചു.

അതേ സമയം പ്രവാസി സംഘത്തിന്റെ കീഴില്‍ തന്നെയാണ് സേവാ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും, ഓഫീസില്‍ വരുന്ന തുക കൃത്യമായി ബന്ധപ്പെട്ടവരെ കണക്കു സഹിതം ഏല്‍പ്പിക്കാറുണ്ടെന്നുമാണ് പ്രവാസി സേവാ കേന്ദ്രത്തിലെ ജീവനക്കാരി പറയുന്നത്. രണ്ടുമാസത്തിനകം മുഴുവനാളുകള്‍ക്കും പണം നല്‍കുമെന്നും. ഇതിനുശേഷം പ്രവാസി സംഘം ഭാരവാഹികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജീവനക്കാരി പറഞ്ഞു.

സേവാ സംഘം നടത്തിപ്പുകാരനും ജീവനക്കാരിയും തളിപ്പറമ്പ് പ്രവാസി സംഘവും പരസ്പരം പഴിചാരുന്നത് തുടരുമ്പോള്‍ നഷ്ടപ്പെട്ട തങ്ങളുടെ പണം എങ്ങിനെ ലഭിക്കുമെന്ന ആശങ്കയിലാണ് തളിപ്പറമ്പ് പ്രവാസി സേവാ കേന്ദ്രം വഴി ക്ഷേമനിധിയില്‍ പണമടച്ചവര്‍. പെന്‍ഷന്‍, മരണാനന്തര ധനസഹായം തുടങ്ങി നിരവധി ആനൂകല്യങ്ങള്‍ക്ക് തളിപ്പറമ്പ് പ്രവാസി സേവാ കേന്ദ്രം വഴി അപേക്ഷ നല്‍കിയവരും തട്ടിപ്പിനിരയായതായാണ് സൂചന.

English summary
kannur taliparamba pravasi kshemanidhi cheating case
topbanner

More News from this section

Subscribe by Email