Sunday March 24th, 2019 - 2:42:am
topbanner
topbanner

വ്യാജ സർട്ടിഫിക്കറ്റ് കേസ്: രാഹുൽ ചക്രപാണിയെ റിമാൻഡ് ചെയ്തു: സഹോദരൻ അനിൽ ചക്രപാണി ഒളിവിൽ : കൂടുതൽ വ്യാജസർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയതായി സൂചന

NewsDesk
വ്യാജ സർട്ടിഫിക്കറ്റ് കേസ്: രാഹുൽ ചക്രപാണിയെ റിമാൻഡ് ചെയ്തു: സഹോദരൻ അനിൽ ചക്രപാണി ഒളിവിൽ : കൂടുതൽ വ്യാജസർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയതായി സൂചന

കണ്ണൂര്‍: വിദേശ ജോലിക്കായി നഴ്‌സിംഗ് കൗണ്‍സിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ കണ്ണൂര്‍ മെഡ്‌സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമി സി.ഇ.ഒ. രാഹുല്‍ ചക്രപാണിയെ റിമാന്‍ഡ്‌ചെയ്തു. രാഹുല്‍ ചക്രപാണിയുടെ സഹോദരനും സ്ഥാപനത്തിന്റെ സഹഉടമയുമായ അനില്‍ ചക്രപാണി ഒളിവിലാണ്.

ഇവര്‍ കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിനു വ്യാജസര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി നല്‍കിയതായും, ഒരു സര്‍ട്ടിഫിക്കറ്റിനു 3000രൂപ വീതം വാങ്ങി ലക്ഷക്കണക്കിനു രൂപ ഇത്തരത്തില്‍ സമ്പാദിച്ചതായുമാണ് വിവരം.

യോഗ്യതയില്ലാത്തവര്‍ക്കും ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്ഥാപനം കൂട്ടുനിന്നതായാണു സൂചന. ഉന്നത സിപിഎം നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. പലപ്പോഴായി പ്രമുഖര്‍ക്കൊപ്പമെടുത്ത ചിത്രങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു.

ഒരു മുന്‍ മന്ത്രിയുടെ പേരുപറഞ്ഞും രാഹുല്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായും, ഇതറിഞ്ഞ നേതാവ് രാഹുല്‍ ചക്രപാണിയെ വിളിച്ചു ശാസിക്കുകയും ചെയ്തിരുന്നു. മാപ്പുപറഞ്ഞ് കാലുപിടിച്ചു തടിതപ്പുകയായിരുന്നു.ഇതിനു പുറമെ ചില ഉന്നത നേതാക്കളുടെ ബന്ധുക്കള്‍ക്ക് സ്ഥാപനത്തിലെ ഉയര്‍ന്ന ജോലികള്‍ നല്‍കിയും വിശ്വാസം നേടിയെടുക്കുകയും ചെയ്തിരുന്നു.

മെഡ് സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമി മുഖേന ഗുഡ് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച കണ്ണൂര്‍ നടുവില്‍ സ്വദേശിനി പി പി ബിനീഷ, കോഴിക്കോട് അഴിഞ്ഞിലത്തെ പൂജാ വിജയന്‍ എന്നിവര്‍ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. വല്‍സ. കെ പണിക്കര്‍ ഡിജിപിക്കും ടൗണ്‍ പോലീസിനും പരാതി നല്‍കിയിരുന്നു. ഇത് കണ്ണൂര്‍ ടൗണ്‍ പൊലീസിന് കൈമാറിയിരുന്നു. കൗണ്‍സില്‍ രജിസ്ട്രാറുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.

വിദേശരാജ്യങ്ങളില്‍ നഴ്‌സിംഗ് ജോലി തേടിപ്പോകുന്നവരെയടക്കം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കബളിപ്പിച്ച മാഫിയാ സംഘത്തിന് ഉന്നതരുടെ സംരക്ഷണമുണ്ടായിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ ചെട്ടിപ്പീടികയിലെ മെഡ് സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമി ചെയര്‍മാന്‍ അനില്‍ ചക്രപാണിയേയും മെഡ് സിറ്റി ഗ്രൂപ്പ് എം ഡി രാഹുല്‍ ചക്രപാണിയേയും രക്ഷിക്കാനാണ് പോലീസ് നീക്കം എന്ന് ആരോപണമുണ്ടായിരുന്നു. ഭരണ, പ്രതിപക്ഷ പാര്‍ട്ടികളിലെ ചില നേതാക്കളുടെ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. ഇത് കേരള ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബുധനാഴ്ച മെഡ്‌സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ റെയ്ഡ് നടത്തീരുന്നു. റെയ്ഡില്‍ കമ്പൂട്ടറുകളും, ഹാര്‍ഡ് ഡിസ്‌ക്കും ചില രേഖകളും പിടിച്ചെടുതിരുന്നു ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

ദോഹയില്‍ നഴ്‌സുമാരായി ജോലി ലഭിച്ചവരാണ് വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയയുടെ തട്ടിപ്പിനിരയായത്. ഭരണകക്ഷിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള അനില്‍ ചക്രപാണിയും സഹോദരനും മെഡ്‌സിറ്റി ഗ്രൂപ്പ് സി എം ഡി രാഹുല്‍ ചക്രപാണിയുമുള്‍പ്പെട്ട തട്ടിപ്പു മാഫിയയെ സംരക്ഷിക്കാന്‍ പോലീസിലും ചില ഇടപെടലുകള്‍ നടന്നുവെന്നും സൂചനയുണ്ടായിരുന്നു.

നഴ്‌സിംഗ്, വിദേശജോലി, വിദേശപഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മറവില്‍ നടക്കുന്ന വലിയ തട്ടിപ്പുകളുടെ ചെറിയൊരംശം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ഈ മേഖലയില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നിറം കെടുത്തുന്ന വിധമാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നതടക്കമുള്ള തട്ടിപ്പുകളുമായി വ്യാജന്മാര്‍ വിലസുന്നത്.

മെഡ്‌സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയുടെ പുതിയ ബ്രാഞ്ച് ഈ മാസം കോട്ടയം കലക്ടറേറ്റിന് സമീപത്തും തുടങ്ങുന്നുണ്ട്, കേരളത്തില്‍ നഴ്‌സിംഗ് മേഖലയില്‍ കൂടുതല്‍ ജോലിചെയ്യുന്നതും, പുതിയകുട്ടികള്‍ വരുന്നതും കോട്ടയം ജില്ലയില്‍നിന്നാണ്. അപ്പോള്‍ അവിടെയുള്ള കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ തുടങ്ങുന്നതെന്നും ഇത് തിരിച്ചറിയണമെന്നും വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയയുടെ തട്ടിപ്പിനിരയായകുട്ടികള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

related news...

നഴ്സിംഗ് കൗണ്‍സിലിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയ കണ്ണൂരിലെ മെഡ് സിറ്റി ഇന്റര്‍നാഷണലിനെതിരെയുളള കേസ് ഒതുക്കാന്‍ നീക്കം

English summary
kannur medcity international academy Rahul Chakrapani remand
topbanner

More News from this section

Subscribe by Email