Monday February 18th, 2019 - 5:45:am
topbanner

ക്യാമ്പ് ഫോളോവേഴ്സിനെ അടിയന്തിരമായി തിരികെ വിളിക്കണമെന്ന് കാനം രാജേന്ദ്രന്‍

rajani v
ക്യാമ്പ് ഫോളോവേഴ്സിനെ അടിയന്തിരമായി തിരികെ വിളിക്കണമെന്ന് കാനം രാജേന്ദ്രന്‍

കോട്ടയം: ക്യാമ്പ് ഫോളോവേഴ്സിനെ അടിയന്തിരമായി തിരികെ വിളിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ.ഐ.വൈ.എഫ് മനുഷ്യ സംഗമം കോട്ടയം പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രീട്ടീഷ് ഭരണത്തിന്റെ പിന്തുടര്‍ച്ചയാണ് ഇവിടുത്തെ ക്യാമ്പ് ഫോളോവേഴ്സ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്യാമ്പ് ഫോളോവേഴ്സിനെ അടുക്കള ജോലിക്കാരാക്കരുതെന്ന് കോടിയേരി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് 2008, 09, 10 കാലങ്ങളിലും ഈ ഉത്തരവ് ആവര്‍ത്തിച്ചു. പിന്നീട് ഇത്തരം ദാസ്യവേല ചെയ്യിക്കുന്നവരുടെ ശമ്പളം പിടിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോ തുടര്‍ന്നുവന്ന സര്‍ക്കാരോ ഈ ഉത്തരവ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചില്ല എന്നതാണ് വസ്തുത.

3000 നും നാലായിരത്തിനും ഇടയ്ക്ക് ക്യാമ്പ് ഫ്ളേവേഴ്സ് വേണ്ടിടത്ത് 1123 പേരാണ് ഈ തസ്തികയില്‍ ഉള്ളത്. ഇവരുടെ നിയമനം പി എസ് സിക്ക് വിട്ടിരുന്നെങ്കിലും സ്പെഷ്യല്‍ റൂള്‍സ് കൊടുക്കാത്തിനാല്‍ പിഎസ്സി അത് ഏറ്റെടുത്തിരുന്നില്ല.ഇത് ഏറ്റെടുത്താല്‍ മാത്രമെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകുകയുള്ളൂ.

ശമ്പള പരിഷ്‌കരണത്തിന്റെ കാര്യത്തിലും ഈ വിഭാഗം അവഗണനയാണ് നേരിടുന്നത്. മറ്റ് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം ഏര്‍പ്പെടുത്തുമ്പോള്‍ ഇവരുടെ ഫയല്‍ മേലുദ്യോഗസ്ഥര്‍ തട്ടിക്കളിക്കുന്നതിനാല്‍ അര്‍ഹമായ ശമ്പളം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല.

ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാനും പരിഹാരം കാണുന്നതിനുമായി 20ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. പോലീസ് അല്ലെങ്കിലും പോലീസിന്റെതായ എല്ലാ ജോലിയും നിര്‍വഹിക്കുന്ന ഇവരോട് മനുഷ്യത്വ പരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പട്ട് പോലീസ് ഉദ്യാഗസ്ഥനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കാനാവില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഉത്തരവാദിതത്തില്‍ നിന്നും ഒഴിഞ്ഞു മാറിയതിനെതിരെ കര്‍ശന നടപടി ഉണ്ടാകണം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടൈഗര്‍ ഫോഴ്സ് രൂപീകരിച്ച സംഭവത്തിലും നടപടി ഉണ്ടാകണം.

എന്തിന്റെ പേരിലായാലും ഒരു ചെറുപ്പക്കാരനെ തല്ലിക്കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. നിയമപാലകര്‍ നിയമംലംഘിച്ചാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ലോക്കപ്പ് കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ആദ്യമായല്ല സംഭവിക്കുന്നത്.

തെറ്റു ചെയ്യുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് സേനയില്‍ സ്ഥാനമില്ലെന്ന് വന്നാലേ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കൂ. എങ്കില്‍ മാത്രമേ പോലീസ് സേനയ്ക്ക് നഷ്ടപ്പെട്ട യശസ് വീണ്ടെടുക്കാനാവൂ എന്നും അദ്ദഹം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍ അധ്യക്ഷത വഹിച്ചു. കവി കരീപ്പുഴ ശ്രീകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ കൃഷ്ണന്‍, ഐപ്സോ സംസ്താവ ജനറല്‍ സെക്രട്ടറി അഡ്വ. വി ബി ബിനു, എഐവൈഎഫ് നേതാക്കളായ മഹേഷ് കക്കത്ത്, പ്രശാന്ത് രാജന്‍, മനോജ് ജോസഫ്, പി പ്രദീപ്, എബി കുന്നേപ്പറമ്പില്‍, പിഎസ്എം ഹുസൈന്‍, റെനീഷ് കാരിമറ്റം, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, സിപിഐ ജില്ലാ കൗണ്‍സിലംഗം ജോണ്‍ വി ജോസഫ്, എലിക്കുളം ജയകുമാര്‍, ടി സി ബിനോയി എന്നിവര്‍ പ്രസംഗിച്ചു.

 

Viral News

Read more topics: kanam, response, campfollwers
English summary
kanam response campfollwers
topbanner

More News from this section

Subscribe by Email