Saturday December 15th, 2018 - 5:37:am
topbanner

മണിയുടെ ചിരി ചിതയെടുത്തിട്ട് ഒരാണ്ട്; ഇനിയും തെളിയാതെ മരണ കാരണം

NewsDesk
മണിയുടെ ചിരി ചിതയെടുത്തിട്ട് ഒരാണ്ട്; ഇനിയും തെളിയാതെ മരണ കാരണം

കൊച്ചി: മണിയുടെ ചിരി ചിതയെടുത്തിട്ട് ഒരുകൊല്ലമെത്തിയിട്ടും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ് കലാഭവന്‍ മണിയുടെ കേസ്. കലാഭവന്‍ മണി മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും മരണ കാരണം കണ്ടെത്താനായില്ല. തെളിവൊന്നും ലഭിക്കാതെ പൊലീസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍ മണി എങ്ങനെയാണ് മരിച്ചത് എന്നത് തെളിയിക്കപ്പെട്ടിട്ടില്ല. ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മണിയുടെ കുടുംബം.

കൊലപാതകമോ ആത്മഹത്യയോ സ്വാഭാവികമരണമോ എന്ന് സ്ഥിരീകരിക്കാനാവാതെ അന്വേഷണം അവസാനിപ്പിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം ചെയ്തത്.  കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണം. മണിയുടേത് സ്വാഭാവിക മരണമല്ലെന്ന ആരോപണവുമായി അന്ന് തന്നെ കുടുംബം രംഗത്തെത്തി. ഇതോടെ അന്വേഷണം ആരംഭിച്ചു. മണിയുടെ ശരീരത്തില്‍ നിന്ന് മെഥനോള്‍ കണ്ടെത്തിയതോടെ ദുരൂഹതകള്‍ വര്‍ധിച്ചു. തുടര്‍ന്ന് ശാസ്ത്രീയ പരിശോധനകളും നുണപരിശോധനയുമടക്കം നടത്തിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ല. പക്ഷേ മെഥനോള്‍ എങ്ങനെ ശരീരത്തില്‍ വന്നു എന്ന കാര്യം ഇത് വരെ കണ്ടെത്താനായിട്ടില്ല.

സിഐ മുതല്‍ എസ് പി വരെയുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്നവര്‍ പലരും ഇപ്പോള്‍ സ്ഥലത്തില്ല. തെളിവുകള്‍ കണ്ടെത്താനാവാതെ വന്നതോടെ പൊലീസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. കേസ് സിബിഐക്ക് വിട്ടിരുന്നെങ്കിലും സിബിഐ ഇതു വരെ ഏറ്റെടുത്തിട്ടില്ല. ചുരുക്കത്തില്‍ മരണത്തിന് ഒരാണ്ട് തികയുമ്പോഴും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കായിട്ടില്ല.

കലാഭവന്‍ മണി ഇല്ലാത്ത ഒരു വര്‍ഷം മലയാള സിനിമയിലുണ്ടാക്കിയ വിടവ് ചെറുതല്ല. അഭിനയരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് മണി വിടപറഞ്ഞത്‍. നായകനായും പ്രതിനായകനായും സഹനടനായുമെല്ലാം ഒരുപിടി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയായിരുന്നു അപ്രതീക്ഷിതമായുള്ള വിടവാങ്ങല്‍.

ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം ഈ പുഞ്ചിരിയോടെ നേരിട്ടായിരുന്നു മണി മുന്നേറിയത്. 1995ല്‍ പുറത്തിറങ്ങിയ അക്ഷരമായിരുന്നു ആദ്യചിത്രം. സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പനിലൂടെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഹാസ്യവേഷങ്ങളിലൂടെ പ്രിയതാരമായി. കാറ്റത്തൊരു പെണ്‍പൂവില്‍ ആദ്യ വില്ലന്‍ വേഷം. മൈ ഡിയര്‍ കരടിയിലൂടെ നായകനായി അരങ്ങേറ്റം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനിലൂടെ മണിയിലെ അതുല്യനടനെ അടയാളപ്പെടുത്തി. അന്ധഗായകനായുള്ള പ്രകടനം ദേശീയ അംഗീകാരം നേടി.

കരുമാടിക്കുട്ടനിലെയും വാല്‍കണ്ണാടിയിലേയും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളെ മണി അനായാസം അവതരിപ്പിച്ചു. നായക വേഷം ചെയ്യുമ്പോഴും പ്രമുഖ താരങ്ങളുടെ ചിത്രങ്ങളില്‍ വില്ലനായും എത്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങള്‍. ഇതരഭാഷകളിലെ താരങ്ങളോട് കിടപിടിക്കുന്ന പ്രകടനങ്ങള്‍. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഒരാള്‍ മാത്രം അഭിനയിക്കുന്നുവെന്ന അപൂര്‍വ്വത ദി ഗാര്‍ഡിലൂടെ മണി സ്വന്തമാക്കി. അഭിനയിച്ച മിക്ക ചിത്രങ്ങളിലും ഗായകനായും മണി സാന്നിധ്യം അറിയിച്ചു. ചെയ്ത് തീർക്കാൻ ഇനിയും ഒരുപാട് വേഷങ്ങള്‍ ബാക്കി വെച്ചാണ് മണി തിടുക്കത്തില്‍ യാത്രപറഞ്ഞു പോയത്.

Read more topics: kalabhavan mani, death,
English summary
kalabhavan mani death one year
topbanner

More News from this section

Subscribe by Email