തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. അമ്മ മരിച്ചതിന്റെ പുലമാറാതെയാണ് വിശ്വാസിയെന്ന് പറയുന്ന സുരേന്ദ്രന് മല ചവിട്ടിയത്. ഇത് ആചാരലംഘനമല്ലെയെന്നും കടകംപള്ളി സുരേന്ദ്രന് ചോദിച്ചു. മന്ത്രിയുടെ വാക്കുകള്‍-സുരേന്ദ്രനൊക്കെ വലിയ വിശ്വാസിയാണെന്നാണല്ലോ പറയുന്നത്. സുരേന്ദ്രന്റെ പെറ്റമ്മ മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടില്ല. സാധാരണനിലയില്‍ ഒരു വിശ്വാസിയുടെ അമ്മ മരിച്ചാല്‍ ഒരു വര്‍ഷം കഴിഞ്ഞാണ് മലചവിട്ടാറ്. ആ ഒരുവര്‍ഷം ക്ഷേത്രസന്നിധാനത്ത് എത്താന്‍ പുലയുണ്ടാവാറുണ്ട്. വിശ്വാസികളല്ലാത്തവരെ അങ്ങനെ വരാറുള്ളു മന്ത്രി പറഞ്ഞു.
ശബരിമല തുലമാസ പൂജയ്ക്ക് നടതുറന്നപ്പോഴും അവിടെ ഉണ്ടായിരുന്നു. അന്ന് കണ്ടപ്പോള്‍ നിങ്ങള്‍ നേരത്തെ സ്ത്രികള്‍ കയറുന്നതിനെ അനുകൂലിച്ച് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനെ കുറിച്ചു ചോദിച്ചു. സ്ത്രീകളെ ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുമ്പോള്‍ 15 ദിവസത്തെ വൃതം മതിയെന്ന് നിങ്ങള്‍ പറഞ്ഞല്ലോ. അതില്‍ നിന്ന് പിന്മാറിയോ എന്നും ഞാന്‍ ചോദിച്ചതാണ്. എന്നാല്‍ അതിനൊന്നും മറുപടുയുണ്ടായില്ല. ഇവര്‍ക്ക് വിശ്വാസവും ആചാരവുമായി എന്തെങ്കിലും പുലബന്ധമുണ്ടോ. ആചാരങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നവരാണെങ്കില്‍ അമ്മ മരിച്ച് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട. രണ്ട് മാസം കഴിഞ്ഞിട്ട് പുലമാറാതെ ശ്രീകോവിന് മുന്നില്‍ നിന്നാളാണ്. അപ്പോള്‍ ഇത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല മലകയറ്റം. ഇവര്‍ വെറും രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ലോക്സഭാ തെരഞ്ഞടുപ്പില്‍ നാല് സീറ്റുകിട്ടാനായി വര്‍ഗീയ ചേരിതിരിവുണ്ടാക്കി ദുഷ്പ്രചാരണം നടത്തുകയാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പച്ചക്കള്ളമാണ് സുരേന്ദ്രന് പറഞ്ഞത്. ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ കണ്ടാല്‍ ഇക്കാര്യം വ്യക്തമാകും. സുരേന്ദ്രന് കിടക്കാന്‍ സൗകര്യമൊരുക്കി, ഭക്ഷണം നല്കി, മരുന്ന് നല്കി, ആവശ്യമായതെല്ലാം നല്കി. അതും പോരാഞ്ഞിട്ട് മര്‍ദ്ദിച്ചെന്ന് പച്ചക്കള്ളവും പറഞ്ഞു. ഞാന്‍ പറയുന്നത് നുണയാണെങ്കില്‍ നിങ്ങള്‍ക്ക് ചിറ്റാര്‍ പൊലിസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. വിശ്വാസികള്‍ എന്നു പറയുന്ന ഇവര്‍ക്ക് ജനങ്ങളോടും വിശ്വാസികളോടും യാതൊരു ഉത്തരവാദിത്തം ഇല്ല. വൃശ്ചികം മാസം ഒന്നാം തിയ്യതി ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ല. എല്ലാ കാലത്തും ശബരിമല തീര്‍ത്ഥാടകരെയും പത്തനംതിട്ടയെും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ശബരിമലയില്‍ പൊലീസിന്റെ നിയന്ത്രണങ്ങള്‍ സന്നിധാനത്ത് ആവശ്യമാണ്. കഴിഞ്ഞ തവണ നടതുറന്നപ്പോള്‍ ഇവരുടെ വിശ്വാസ രാഹിത്യം എല്ലാവരും കണ്ടതാണെന്നും മന്ത്രി പറഞ്ഞു