കൊച്ചി: കെ.മുരളീധരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പിന് തുടക്കമാകുന്നു. രമേശ് ചെന്നിത്തല നേതൃത്വം നല്കുന്ന വിശാല ഐ ഗ്രൂപ്പില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അസ്വസ്ഥരായി കൊച്ചിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളാണ് കഴിഞ്ഞ ദിവസം രഹസ്യ യോഗം നടത്തിയത്.
ഡിഐസിയില്‍ നിന്ന് തിരികെ കോണ്‍ഗ്രസ്സിലെത്തിയിട്ടും അര്‍ഹിച്ച സ്ഥാനം പാര്‍ട്ടിയില്‍ ലഭിക്കാത്തതിനാലാണ് കെ.കരുണാകരന് അനുകൂലികള്‍ ഇത്തരത്തില്‍ ഒരു നിലപാട് എടുക്കാന്‍ ഒരുങ്ങുന്നത്. കെ.മുരളീധരനെ മുന്നില്‍ നിര്‍ത്തി പുതിയ ഗ്രൂപ്പ് രൂപീകരണം ഉള്‍പ്പെടെ ആലോചിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നിരിക്കുന്നത്.
കെ.കരുണാകരന് സ്റ്റഡി സെന്റര്‍ എന്ന പേരിലാണ് ഇവര്‍ ജില്ലാ തലങ്ങളില്‍ ഒത്തുകൂടുന്നത്. ഡിഐസി (കെ) എന്ന പേരില്‍ കെ.കരുണാകരന് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയില്‍ നിന്നു പുറത്തു പോവുകയും പിന്നീട് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണ് ഇവര്‍.
പുതിയ ഗ്രൂപ്പിനെ പറ്റി പരസ്യമായി ഒന്നും പറയുന്നില്ലെങ്കിലും നിലവിലെ ഗ്രൂപ്പ് നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുണ്ടെന്ന കാര്യം ഇവര്‍ തുറന്നു പറയുന്നു. രമേശ് ചെന്നിത്തല നേതൃത്വം നല്കുന്ന ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പഴയ കെ.കരുണാകരന് അനുകൂലികള്‍ അതൃപ്തരാണ്.