Monday July 22nd, 2019 - 5:39:pm
topbanner
topbanner

കേരളത്തിലെ ഹര്‍ത്താലില്‍ പ്രവാസികള്‍ക്ക് പുച്ഛം; മറുപടിയുമായി ജോയ് മാത്യു

NewsDesk
കേരളത്തിലെ ഹര്‍ത്താലില്‍ പ്രവാസികള്‍ക്ക് പുച്ഛം; മറുപടിയുമായി ജോയ് മാത്യു

കൊച്ചി: പണിമുടക്കിനെതിരെ പ്രതികരിച്ച തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറപടിയുമായി നടനും സംവിധാകനുമായി ജോയ് മാത്യു. പണിമുടക്ക് പ്രാകൃതമാണെന്ന കാര്യത്തില്‍ അദ്ദേഹം ഉറച്ചുനിന്നു.

പാവപ്പെട്ടവന്റെ വരുമാനം മുടക്കിയും അവനുള്ള സേവനം തടഞ്ഞും ആകരുത് പണിമുടക്ക്. പാവപ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാവുകയാണ് ഇന്നത്തെ പണിമുടക്കെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

 

മാറിയില്ലേ, കിണ്ടിയും കോളാമ്പിയും -
-----------------------------------------------

നമ്മുടെയൊന്നും വീടുകളിൽ ഇന്നു കിണ്ടിയും കോളാമ്പിയും ഇല്ല. രണ്ടിന്റെയും ആവശ്യമില്ലാത്ത തരത്തിൽ കാലം മാറി. ചില വീടുകളിലൊക്കെ കോളാമ്പി ഫ്ലവർവെയിസ് ആക്കിയിട്ടുണ്ട്. എന്നു വച്ചാൽ കാലത്തിനൊത്ത് കോളാമ്പിയും മാറി എന്നർഥം. പണിമുടക്കിന്റെ രീതികളിലും കാലത്തിനൊത്ത് മാറ്റം വരേണ്ടേ?

പണിക്കു പോകുന്നവനെ തടയുന്നതാവരുതു പണിമുടക്ക്. പണിക്കു പോകുന്നില്ല എന്ന പ്രഖ്യാപിക്കലാകണം. സമരങ്ങളോട് എതിർപ്പുള്ള ആളല്ല ഞാൻ. സമരങ്ങൾക്കിറങ്ങിയിട്ടുമുണ്ട്. സമര രീതികളോട് ആണ് എന്റെ എതിർപ്പ്.

ഒരു ദിവസത്തെ പണിമുടക്കിൽ കേരളത്തിനു നഷ്ടം 1700 കോടി രൂപയാണ്. ഇതു നഷ്ടപ്പെടുത്തിയാണ് നമ്മുടെ ഓരോ പണിമുടക്കും. പിറന്നു വീഴുന്ന ഓരോ മലയാളിയും 40,000 രൂപ കടക്കാനാരനാണ്. ഈ കടം കൂട്ടുകയാണ് ഓരോ പണിമുടക്കും. ഇതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വരുന്നതു സാധാരണ ജനമാണ്, ബാങ്കിൽ നിന്നു വായ്പയെടുത്തു ചായക്കട നടത്തുന്നവരും ഓട്ടോറിക്ഷ ഓടിക്കുന്നവരുമാണ്. വായ്പകളുടെ പലിശ രാവും പകലുമില്ലാതെ കൂടിക്കൊണ്ടിരിക്കുന്നതാണ്. അതിന്റെ സുഖം ഞാൻ നന്നായി അനുഭവിച്ചിട്ടുള്ളതാണ്.

പണിമുടക്ക് എന്തു പ്രാകൃത സമരമാർഗമാണ് എന്നു ഞാൻ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടു. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമുണ്ടായി. പ്രതികൂലിച്ചവർ വേഗം മർമത്തു കയറിപ്പിടിച്ചു. ‘സിനിമാനടൻ ആയതോടെ ജോയ് മാത്യു പഴയതൊക്കെ മറന്നിരിക്കുന്നു. ജോയ് മാത്യുവിന്റെ പഴയതൊക്കെ ആരാ കണ്ടത്? സിനിമാനടൻ ആകുന്നതിനു മുൻപുള്ള 24 വർഷം ഞാൻ എന്തൊക്കെ പണി ചെയ്താണ് ജീവിച്ചതെന്ന് ആർക്കാണ് അറിയാവുന്നത്? ഒരു ദിവസം പോലും പണിമുടങ്ങുന്നത് എനിക്ക് ആലോചിക്കാനാവുമായിരുന്നില്ല. ഇപ്പോഴും എന്റെ പണികൾ തീർക്കാൻ 24 മണിക്കൂർ പോരാ.

പണിമുടക്കുന്നവർ ആത്മാർഥമായാണ് അതു ചെയ്യുന്നതെങ്കിൽ ശമ്പളം വേണ്ടെന്നു വച്ചു മുടക്കണം. സർക്കാർ ഉദ്യോഗസ്ഥർ അതു ചെയ്യുമോ? മാർക്സിന്റെ നിർവചനം അനുസരിച്ച് ഉൽപാദന പ്രക്രിയയിൽ പങ്കെടുന്നവനാണ് തൊഴിലാളി. നമ്മുടെ തൊഴിലാളികൾ ഏതെങ്കിലും പൊതുമേഖലാസ്ഥാപനം നാടിനു തൃപ്തി തോന്നുന്ന മട്ടിൽ അവരുടെ അധ്വാനം കൊണ്ട് ആക്കിയെടുത്തിട്ടുണ്ടോ? അതു ചെയ്തിട്ടില്ലെങ്കിൽ അവരോട് എങ്ങനെയാണ് ബഹുമാനം തോന്നുക? ബഹുമാനം തോന്നുക മുൻപേ പറഞ്ഞ വായ്പയെടുത്തു ജീവിതം കരുപ്പിടിപ്പിക്കാൻ ഓടുന്ന തൊഴിലാളിയോടാണ്. അവന്റെ പണിയാണ് നമ്മൾ മുടക്കുന്നത്. അവന്റെ ഓട്ടോയുടെ കാറ്റാണ് അഴിച്ചുവിടുന്നത്.

തൊഴിലാളി പ്രസ്ഥാനങ്ങളുടെ പത്രങ്ങളും ചാനലുകളുമൊന്നും പണിമുടക്കിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയും മന്ത്രിമാരും പണിമുടക്കാതിരുന്നത് എന്തു കൊണ്ടാണ്? അപ്പോൾ പണിമുടക്കിയാൽ പ്രശ്നമുണ്ട്. മുഖ്യമന്ത്രി ഡൽഹിക്കു പോകാതിരുന്നില്ല. വിമാനം പറക്കാതിരുന്നില്ല.

പണിമുടക്കും ഹർത്താലും ഇവിടെ ആഘോഷമാണ്. ഹർത്താൽ പ്രഖ്യാപിച്ചിട്ട് ഏതെങ്കിലും ജില്ലയെ ഒഴിവാക്കി എന്നു പറഞ്ഞാൽ ആ ജില്ലയിൽ നിന്നു കേൾക്കാം അയ്യോ എന്ന്. എന്നാൽ ഹർത്താൽ എന്നു കേൾക്കുമ്പോൾ മറുനാട്ടിൽ കഠിനമായി ജോലി ചെയ്തു നാട്ടിലേക്കു പണമയയ്ക്കുന്ന മലയാളികൾക്കു തോന്നുക പുച്ഛമാണ്. അവരുടെ പണം കൊണ്ടാണല്ലോ കേരളത്തിന്റെ സാമ്പത്തിക മേഖല നേരേ നിൽക്കുന്നത്. അല്ലാതെ ഇവിടത്തെ ഉൽപാദന പ്രക്രിയയും വ്യവസായ വളർച്ചയും കൊണ്ടല്ല. സർക്കാർ നിലനിൽക്കുന്നതു ജനത്തെ പിഴിയുന്ന നികുതി കൊണ്ടാണ്. പണിമുടക്ക് ആ പിഴിച്ചിൽ കൂട്ടും.

പാവപ്പെട്ടവന്റെ വരുമാനം മുടക്കിയും അവനുള്ള സേവനം തടഞ്ഞും ആകരുത് പണിമുടക്ക്. ആശുപത്രി പ്രവർത്തിക്കാതിരുന്നാൽ അവന്റെ ചികിൽസയാണ് മുടങ്ങുക. ആശുപത്രിയെ ഒഴിവാക്കി എന്നു പറയുന്നതു വിഡ്ഢിത്തമാണ്, ജോലിക്കു പോകാൻ നഴ്സിനും ഡോക്ടർക്കും വാഹനമില്ലെങ്കിൽ അവരെങ്ങനെ ആശുപത്രിയിലെത്തും. അവരില്ലാതെ എങ്ങനെ ആശുപത്രികൾ പ്രവർത്തിക്കും?

ഇതു ഹൈടെക് കാലം ആണ്. ഹൈെടക് സാക്ഷരതയിലേക്ക് ഉയർത്തപ്പെട്ടവർ വീട്ടിലിരുന്നും പണിയെടുക്കും. അവിടെയും തള്ളപ്പെടുന്നതു പാവപ്പെട്ടവനാണ്. അവരെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിടുന്നതാവുകയാണ് ഇന്നത്തെ പണിമുടക്ക്.

നമ്മുടെ നാടു ഫുൾടൈം രാഷ്ട്രീക്കാരും ഫുൾടൈം ട്രേഡ് യൂണിയൻ നേതാക്കളും ഉള്ളതാണ്. വികസിത രാജ്യങ്ങളിൽ ഇല്ലാത്ത പ്രതിഭാസമാണിത്. സമരം എന്നത് ഇവർ നടത്തിയാൽ പോരേ? അലവൻസൊക്കെ പറ്റുന്ന ട്രേഡ് യൂണിയൻ നേതാക്കൾക്ക് ഇതു ചെയ്യാവുന്നതേയുള്ളു. അവർ പ്രധാനമന്ത്രിയെ തടയട്ടെ. പാർലമെന്റ് സ്തംഭിപ്പിക്കട്ടെ. അവർക്കെന്തെങ്കിലും സംഭവിച്ചാൽ നമ്മൾ കൂടെയുണ്ട്. അതല്ലാതെ വലിയൊരു വിഭാഗം ജനങ്ങളുടെ ജനാധിപത്യ അവകാശത്തെ നിഷേധിക്കുന്ന പണിമുടക്ക് പ്രാകൃതമാണ്.

വിവാഹമോചനം: അമല ഇപ്പോള്‍ ഹാപ്പിയിലാണോ?

സിനിമ കാരണം പലതും നഷ്ടപ്പെട്ടെന്ന് കാവ്യാമാധവന്‍

Read more topics: joy mathew, facebook, strike
English summary
joy mathew facebook post over national strike
topbanner

More News from this section

Subscribe by Email