Monday April 22nd, 2019 - 1:54:pm
topbanner
topbanner

അനാഥക്കുഞ്ഞുങ്ങള്‍ക്കായി അനാഥമന്ദിരങ്ങള്‍ നിര്‍മ്മിക്കുകയല്ല ചെയ്യേണ്ടത്: ജോയ് മാത്യു

Jikku Joseph
അനാഥക്കുഞ്ഞുങ്ങള്‍ക്കായി അനാഥമന്ദിരങ്ങള്‍ നിര്‍മ്മിക്കുകയല്ല ചെയ്യേണ്ടത്: ജോയ് മാത്യു

സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍ എന്ന തലക്കെട്ടില്‍ ജോയ് മാത്യു എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഫാദര്‍ ടോമിന്‍ ചീരംകുഴിയില്‍ എഴുതിയ മറുപടിക്ക് വീണ്ടും മറുപടിയുമായി ജോയി മാത്യൂ രംഗത്ത്.

അനാഥക്കുഞ്ഞുങ്ങള്‍ക്കായി അനാഥമന്ദിരങ്ങള്‍ നിര്‍മ്മിക്കുകയല്ല അനാഥക്കുഞ്ഞുങ്ങളെ സൃഷ്ടിക്കാതിരിക്കലാണ് പുരോഹിതന്മാര്‍ ചെയ്യേണ്ടത് എന്ന തലക്കെട്ടിലാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട ഫാദർ ടോമിൻ ചീരംകുഴിയിൽ അറിയുവാൻ,

കൊട്ടിയൂരിന്നയൂത്തുള്ള നീണ്ടുനോക്കി പള്ളി വികാരി റോബിൻ വടക്കും ചേരി പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും ആ കുട്ടി പ്രസവിക്കുകയും ,ജനിച്ച കുഞ്ഞിനെ പത്തുലക്ഷം രൂപ നൽകി പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ കെട്ടിവെപ്പിക്കുകയും ചെയ്ത ദാരുണതയെപ്പറ്റി എന്റെ പേജിൽ ഞാൻ എന്റെ അമർഷം പ്രകടിപ്പിച്ചിരുന്നു .അതിൽ നിന്നും ചില ഭാഗങ്ങൾ അർഥം മാറ്റിയും മറിച്ചും പല ട്രോളുകളും തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടിരുന്നു. കാര്യങ്ങൾ വളചൊടിക്കാനും വിവരക്കേട് വിളബി ആളാവാനും ചില ഫേസ് ബുക്ക് എഴുത്തുകാരും ട്രോളന്മാരും ഓൺലൈൻ പത്രക്കാരും മത്സരിക്കുകയായിരുന്നു.

ഇത്തരുണത്തിൽ താങ്കളുടെ കുറിപ്പിന് ഒരു മറുപടി പറയേണ്ടത് എന്റെ ഒരു ബാദ്ധ്യതയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.മാത്രവുമല്ല വൈദികൻ ഒരു മനുഷ്യനാണെന്നും,മനുഷ്യന് സംഭവിക്കാവുന്ന തെറ്റുകളെ ഇവിടെ ഒരു വൈദികനും സംഭവിച്ചുള്ളൂ എന്നും താങ്കൾ പരോക്ഷമായെങ്കിലും സൂചിപ്പിച്ചുകണ്ടു.
അതേക്കുറിച്ച് വളരെ ആത്മാർത്ഥമായിത്തന്നെ കേരളത്തിലെ ദൈവശാസ്ത്ര സമാജ (KTA)യുടെ പ്രസിഡന്റെ ഫാദർ വിൻസെന്റ് കുണ്ടുകുളം "ദൈവശാസ്ത്രജ്ഞരുടെ മാപ്പ് " എന്ന് പറഞ്ഞുകൊണ്ടെഴുതിയ പത്രക്കുറിപ്പ് ഫാദർ ചീരൻകുഴിയിൽ ഒന്ന് വായിച്ച് നോക്കുക .അദ്ദേഹം പറയുന്നു "വൈദികർക്ക് ആത്മ പരിശോധനയ്ക്കുള്ള ഊഴമാണിത് .ഞങ്ങളും മനുഷ്യരാണ് എന്ന മുടന്തൻ ന്യായത്തിൽ ആർക്കും തടിയൂരാനാകില്ല .ലോകം പുരോഹിതരെ ആദരിക്കുന്നത് അവരിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നത് കൊണ്ടാണ് .വൈദികാന്തസ്സിനേയും സഭയെയും സമൂഹം എത്രമാത്രം വിലമതിക്കുന്നു എന്നാണു മാധ്യമങ്ങളിലെ രോഷപ്രകടങ്ങളിൽ നിന്ന് നമ്മൾ വായിച്ചെടുക്കേണ്ടത്. പൗരോഹിത്യം സ്വീകരിക്കുന്നതോടെ വൈദികർ അതിഭൗതികരായെന്ന ധാരണ അരുത് .അത്തരത്തിലുള്ള പ്രചാരണങ്ങൾ ചില കോണുകളിൽ നിന്ന് ഉണ്ടാകുന്നത് ഖേദകരമാണ് "(New Indian Express ,March 8/2017) അത്തരം ഒരു രോഷപ്രകടനമായി മാത്രം എന്റെ കുറിപ്പിനെ കാണുക .

ആദ്യമായി അങ്ങു മനസ്സിലാക്കേണ്ടത് ഞാൻ പുരോഹിതരെക്കുറിച്ചല്ല 'വികാരി'മാരെക്കുറിച്ചാണ് എഴുതിയത് എന്നാണു .പുരോഹിതനും വികാരിയും രണ്ടാണ് .വികാരിയച്ചൻ ,പള്ളിവികാരി എന്നെല്ലാം നമ്മൾ പറയുന്നത് പള്ളിയിൽ കുർബ്ബാന നടത്താനും പള്ളിയിലെ അംഗങ്ങളുടെ വികാരങ്ങളെയും വിചാരങ്ങളെയും അടുത്തറിയുകയും അവരുടെ ആത്മീയകാര്യങ്ങളിൽ അവരെ വഴിനടത്തുകയും ചെയ്യുന്ന ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന അർത്ഥത്തിലാണ്. സ്‌കൂൾ അദ്ധ്യാപകരായും വക്കീൽമാരായും സഭയുടെതന്നെ വിവിധ വകുപ്പുകളിൽ പലവിധ ജോലികളിൽ ഇരിക്കുന്ന പുരോഹിതന്മാരെ ആരും "വികാരിയച്ചൻ" എന്ന് പറയാറില്ല ,ഉണ്ടോ? അതുകൊണ്ടാണ് ഞാൻ പ്രത്യേകിച്ചും 'വികാരി' എന്ന പദം തന്നെ ഉപയോഗിച്ചത് .
എന്റെ കുടുംബത്തിൽത്തന്നെ പൗരോഹിത്യം സ്വീകരിച്ച ദൈവദാസരുണ്ട് .പോരാത്തതിന് നിരവധി പുരോഹിതന്മാർ എനിക്ക് സുഹൃത്തുക്കളായും ഉണ്ട് .അതുകൊണ്ടുതന്നെ പുരോഹിതരെ മുഴുവനായി ഒരു അടച്ചാക്ഷേപിക്കൽ എനിക്ക് സാദ്ധ്യമാവുന്നതെങ്ങിനെ? അവരൊന്നും 'വികാരി' എന്ന സംജ്ഞയിൽ പെടുന്നവരല്ല,മറിച്ച് പുരോഹിതൻ എന്നാണറിയപ്പെടുന്നത് .

ഇനി ഞാനെഴുതിയത് എന്താണ് എന്ന് നോക്കാം, സംന്യാസം സ്വീകരിക്കുകയും എന്നാൽ നിത്യവും സ്ത്രീ പുരുഷ ഭേദമെന്യേസഭാവിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്യുന്നവർ എളുപ്പത്തിൽ ലൗകിക പ്രലോഭനങ്ങളിൽ വീണുപോകാൻ സാധ്യതയുണ്ട് ,ശാലോം ടെലിവിഷനിൽ ഒരു വികാരി തന്നെ പെൺകുട്ടികൾ ജീൻസ് ധരിച്ച് പള്ളിയിൽ വരുബോൾ അദ്ദേഹത്തിന് എന്തൊക്കെയോ തോന്നും എന്നു പറഞ്ഞിരിക്കുന്നു .
ശുദ്ധാത്മാക്കളായ ഇത്തരം വികാരിമാർക്ക് ഇങ്ങിനെയുള്ള പ്രലോഭനങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ മൂന്ന് മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അത് നടപ്പാക്കാൻ ഞാൻ ആരെയും നിർബന്ധിച്ചുമില്ല;എനിക്കത് സാധ്യവുമല്ല പോട്ടയിലും അതുപോലുള്ള ധ്യാന കേന്ദ്രങ്ങളിലും പിശാച് ബാധ അകറ്റുക തുടങ്ങി ദൈവത്തിനു പോലും സാധിക്കാത്ത, പല ടെക്നിക്കുകളും ഉണ്ടത്രേ.അപ്പോൾ ഞാൻ പറഞ്ഞു, 'വികാരി'മാർക്ക് പരീക്ഷിക്കാവുന്ന ഒന്നാമത്തെ കാര്യം അതാണ് .ശരിയല്ലേ അച്ചോ ?

രണ്ടാമത്തെ കാര്യം പൗരോഹിത്യത്തെ ഒരു തൊഴിലായിക്കണ്ട് വിവാഹിതനായി കുടുംബമായി ജീവക്കുക, പല കൃസ്ത്യൻ വിഭാഗങ്ങളും ഇങ്ങിനെയൊക്കയാണ് സഭയെയും ജീവിതത്തെയും നവീകരിച്ചത് ,വികാരങ്ങളെ പ്രതിരോധിച്ചത്. വികാരിമാരുടെ വികാരശമനത്തിന് ഇത് ഒരു ഉത്തമ മാർഗ്ഗം തന്നെയാണ് .അല്ലേ അച്ചോ?

മൂന്നാമത് പറഞ്ഞ കാര്യത്തിലാണ് അങ്ങയെപ്പോലുള്ളവർക്ക് പ്രശ്നമായത്.  "വികാരി" മാർക്ക് വന്ധ്യംകരണം ആവാം ,അത് പള്ളികൾതന്നെ നേരിട്ട് നടത്തുന്ന ആശുപത്രികളിൽ ചെയ്യുകയും ചെയ്യാം. ഇവിടെയാണ് ട്രോളന്മാരും മറ്റും പണിപറ്റിച്ചത്. അവർ പ്രചരിപ്പിച്ചത് വന്ധ്യംകരണം എന്നാൽ ലിംഗം മുറിച്ചുകളയുകയാണെന്നാണ്.

എന്നാൽ സത്യത്തിൽ വന്ധ്യംകരണം (Vasoctomy)എന്നത് ഒരു ചെറിയ സർജറി മാത്രമാണ് . ഇതുമൂലം ലൈംഗിക ജീവിതത്തിനു യാതൊരു കോട്ടവും സംഭവിക്കുകയില്ല മാത്രമല്ല തന്തയില്ലാത്ത കുട്ടികളെ ജനിപ്പിക്കുകയും ,അവരെ നിഷ്ക്കരുണം കൊല്ലുകയോ അനാഥമന്ദിരത്തിൽ തന്തയില്ലാ കുഞ്ഞുങ്ങളായി വളർത്തുകയോ ചെയ്യുന്നത് ഇല്ലാതാവുകയും ചെയ്യും .അതുകൊണ്ടാണ് ഞാൻ വന്ധ്യംകരണത്തെപ്പറ്റി പറഞ്ഞത്. ആണിനും പെണ്ണിനും വിരോധമില്ലെങ്കിൽ അവർ തമ്മിൽ ഇണചേരുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് ആധുനികമായി ചിന്തിക്കുന്നവരുടെ നിലപാട് എന്ന് ഞാൻ ബഹുമാനപ്പെട്ട ചീരംകുഴിയിൽ അച്ചന് പറഞ്ഞുതരേണ്ടതില്ലല്ലോ.

പ്രശസ്ത ഐറിഷ് നോവലിസ്റ് ഏഥ്ൻ ലിലിയൻ വോയ്ച് പതിനെട്ടാം നൂറ്റാണ്ടിൽ എഴുതിയ 'കാട്ടുകടന്നൽ' എന്ന നോവൽ (മലയാള പരിഭാഷ പി.ഗോവിന്ദപിള്ള -ദേശാഭിമാനി ബുക്സ് ) വായിച്ചാൽ ഒരു പള്ളിവികാരിയുടെ ജാരസന്തതിയായി ജനിച്ചു പോയ ആർതർ എന്ന ബാലനും ആർതർ തന്റെ ജാരസന്തതിയാണെന്ന് തിരിച്ചറിയുന്ന ബിഷപ്പും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ്,സെമിനാരികളിൽ പാഠപുസ്തകം പോലുമാക്കേണ്ട പുസ്തകമാണത് .

കേരളത്തിൽ കൃസ്ത്യൻ സഭ ഒരു സമാന്തര ഭരണകൂടമാണെന്ന് ആർക്കാണറിയാത്തത്  പണം ,പദവികൾ ,വിദ്യാഭ്യാസ സ്ഥാപങ്ങൾ ,ആശുപത്രികൾ ,പത്രം ,ചാനൽ ..... പോരാത്തതിന് അനുസരണയുള്ള അസംഖ്യം കുഞ്ഞാടുകളും കൊണ്ട് സബന്നമാണ്‌ കൃസ്ത്യൻ സഭകൾ .
സെമിനാരികൾ ,കന്യാമഠങ്ങൾ ,ആശുപത്രികൾ ,അനാഥ മന്ദിരങ്ങൾ .....എന്നൊരു മറ്റൊരു കോബിനേഷനും.

ഇതുകൊണ്ടൊക്കെത്തന്നെയാണ് രാഷ്ട്രീയ പാർട്ടികൾ തിരഞെടുപ്പ് സമയത്ത് അരമനയുടെ മുറ്റത്ത് വന്നു കുബിട്ട് നിൽക്കുന്നത് ,അതിൽ വിപ്ലവപാർട്ടികളും വിപ്ലവമില്ലാത്ത പാർട്ടികളുമുണ്ട്. അതുകൊണ്ട് ആര് ഭരിച്ചാലും കേരളത്തിലെ ക്രൈസ്തവ സഭകളിലെ ലൈംഗികാതിക്രമങ്ങൾ
മൂടിവെക്കപ്പെടുകയോ തുബില്ലാതാവുകയോ ചെയ്യുന്നത്. പണവും സ്വാധീനവും ഉള്ളിടത്തോളം ഒരു അഭയക്കേസും എവിടെയുമെത്തില്ല എന്ന് ഏതു മലയാളിക്കും അറിയാം. ഇതുകൊണ്ടൊക്കെയാണ് ഞാൻ പറഞ്ഞത് ,വികാരിമാർ വിവാഹിതരാകുകയോ വന്ധ്യം കരിക്കുകയോ ചെയ്യട്ടെ ,
കാലം മാറുന്നതിനനുസരിച്ച് പോപ്പിന്റെ ചിന്താഗതികൾ മാറുന്നുത് നാം കാണുന്നുണ്ടല്ലോ. കേരളത്തിലെ പ്രത്യേക അവസ്ഥ അങ്ങേരെ ബോധ്യപ്പെടുത്തി നമുക്ക് വത്തിക്കാനിൽ നിന്നും ഇതൊക്കെ നേടിയെടുക്കാവുന്നതേയുള്ളൂ. അത് വിപ്ലവകരവും ആനന്ദകരവും സഭയിലെ പാവപ്പെട്ട വീടുകളിലെ പെൺകുട്ടികൾക്ക് സമാധാനവും പ്രദാനം ചെയ്യും എന്നതിന് രണ്ടുപക്ഷമില്ല എന്ന് ഞാൻ കരുതുന്നു .

ഇനി ബഹുമാനപ്പെട്ട ഫാദർ ടോമിൻ ചീരൻകുഴിയിൽ തന്നെ വളരെ നിസ്സാരമായി സമ്മതിക്കുന്നുണ്ട് ഒരു ഇരുപതോളം വൈദികരാണ് പീഡനക്കേസുകളിൽ ഇതുവരെ പ്രതി ചേർക്കപ്പെട്ടിട്ടുള്ളൂ എന്ന് . ഇരുപത് സ്ത്രീ ജന്മങ്ങൾ പിച്ചിച്ചീന്തപ്പെട്ടത് എത്ര ലാഘവത്തോടെയാണ് ദൈവദാസനായ അങ്ങ് പറയുന്നത് ! റിപ്പോർട്ട് ചെയ്യപ്പെടാത്ത എത്ര കേസുകൾ വേറെ ഉണ്ടാവും എന്നത് നമുക്കൂഹിക്കാം അല്ലെ?
താങ്കൾതന്നെ പറയുന്നു .'അറിയിക്കണ്ട ഇടങ്ങളിൽ അറിയിക്കാനുള്ള ആർജ്ജവം ഞങ്ങൾക്കുണ്ടു.. അതറിയിച്ചിട്ടുമുണ്ടു..
തീരുമാനങ്ങൾ അധികാരികളുടെ വിവേചനം ആണു..'

അതെ ,താങ്കളെപ്പോലുള്ള നിഷ്കളങ്ക പുരോഹിതർ മേലധികാരികളിൽ വിശ്വാസമർപ്പിച്ച് കാത്തിരിക്കുന്നു .എന്നാൽ അവിടെ വിവേചനം ഉണ്ടെന്നും താങ്കൾ സമ്മതിക്കുന്നു .പേരാവൂരിൽ പീഡനത്തിനിരയായ കുട്ടിയുടെ പിതാവിന് പത്ത് ലക്ഷം രൂപാ ഒരു പുരോഹിതൻ എവിടന്നു കൊടുക്കും ?പൗരോഹിത്യം-സംന്യാസം _ സ്വീകരിക്കുബോൾ സ്വകാര്യ സ്വത്തോ സബാദ്യമോ അവർ കൈവശം വെക്കാൻ പാടില്ല എന്നാണു എന്റെ ഒരു അറിവ് (തെറ്റാണെങ്കിൽ തിരുത്തണം ).ഇപ്പോൾ തന്നെ നോക്കൂ പിടിയിലായ റോബിൻ വടക്കാഞ്ചേരി എന്ന പാതകി പീഡിപ്പിച്ച പെൺകുട്ടിയുടെ പിതാവിന് നൽകിയ പത്തുലക്ഷം രൂപാ എവിടന്നു വന്നു ? അഭയക്കേസിലെ പ്രതികൾക്ക് വേണ്ടി പണം ചിലവാക്കുന്നത് ആരാണ് ? ആരോപണവിധേയരായവരെ സഭയിൽ നിന്നും നീക്കം ചെയ്യാൻ പോലും സഭ തയാറാകാത്തത് എന്തുകൊണ്ടാണ് ?
പിന്നീട് താങ്കൾ പറഞ്ഞ് വന്നത് സിനിമാക്കാർ പുരോഹിതരെക്കാൾ മോശമാണെന്നാണ് .അല്ലെന്നാരു പറഞ്ഞു ? ഇല്ലാത്ത സ്വർഗ്ഗത്തിൽ കൊണ്ട് ചെന്നെത്തിക്കാമെന്നോ ഇല്ലാത്ത നരകത്തിലെ തീയിലിട്ടു ചുട്ടുകളയുമെന്നോ ഒരു സിനിമാക്കാരനും ഒരു പ്രേക്ഷകനോടും പറയുന്നില്ല എന്ന് അങ്ങ് മനസ്സിലാക്കണം .

തികച്ചും ലൗകികമായ കാര്യങ്ങൾ തന്നെയാണ് മറ്റേതൊരു വിനോദോപാധിയിലുമെന്നപോലെ സിനിമയിലും ഉള്ളത് .മറ്റുള്ള കലകളെ അപേക്ഷിച്ച് പകിട്ട് കുറച്ച് കൂടുമെന്ന് മാത്രം .എങ്കിലും നന്നായി ശരീരമനങ്ങി ജോലിചെയ്തിട്ട് തന്നെയാണ് ഓരോ സിനിമാക്കാരനും ജീവിക്കുന്നത് .'അരമന'കളിൽ താമസിക്കുന്നത് സിനിമാക്കാരല്ല മെത്രാന്മാരാണെന്ന് ആർക്കാണറിയാത്തത് ?

എന്തുകൊണ്ട് അരമനകളെ ദൈവഭവനം എന്ന് വിളിച്ചുകൂടാ ? നമ്മുടെ മെത്രാന്മാർ ഉപയോഗിക്കുന്ന മുന്തിയ ഇനം കാറുകൾ മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് പോലും സ്വന്തമായിട്ടുണ്ടോ എന്ന് സംശയമാണ് .ഒരു അഗതിക്കോ യാചകനോ ഈ അരമനകളിൽ കയറിച്ചെല്ലാൻ സാധിക്കാത്ത കൂറ്റൻ മതിൽകെട്ടിനകത്ത് ദൈവത്തിന്റെ പ്രതിപുരുഷന്മാർ വാഴുമ്പോൾ സിനിമാക്കാരൻ റോഡിലും തോട്ടിലും കടലിലും ഒക്കെ സാധാരണക്കാരോടോപ്പമാണ് പണിയെടുത്ത് ജീവിക്കുന്നത് എന്നും ബഹുമാനപ്പെട്ട ഫാദർ ചീരൻ കുഴിയിൽ മനസ്സിലാക്കണം എന്നപേക്ഷിക്കട്ടെ .

പിന്നെ അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട സിനിമാ നടിയെ പീഡിപ്പിച്ച സംഭവം പേരാവൂരിലെ പുരോഹിത പീഡനകഥയുമായി ചേർത്ത് താങ്കൾ പറയുന്നുണ്ട് ,കയ്യടി കിട്ടാൻ അതൊക്കെ നല്ലതാണ് ,ഞാൻ പറഞ്ഞല്ലോ ഞങ്ങൾ സിനിമാക്കാർ അത്ര നല്ലവരൊന്നുമല്ല .
എല്ലാ മനുഷ്യർക്കും ഉള്ളതുപോലെ വികാര വിചാരങ്ങൾ ഒക്കെ ഉള്ള സാധാരണ മനുഷ്യരാണ് ഇത് സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും മറ്റു സമസ്ത മേഖലകളിലുമുണ്ട് സിനിമയാകുമ്പോൾ ഞാൻ പറഞ്ഞ്ഞില്ലേ ഇച്ചിര പകിട്ട് കൂടും അതിൽ അസൂയ പെടേണ്ട കാര്യമില്ലച്ചോ
മഞ്ജുവാര്യർ ഏതോ പ്രമുഖന്റെ പേര് പറഞ്ഞെന്ന് താങ്കൾ പറഞ്ഞു ,ഉള്ളത് പറയാമല്ലോ ഞാൻ കേട്ടില്ല .,ആ പ്രമുഖൻ ഞാൻ ആണെന്ന് നിങ്ങൾ പറഞ്ഞില്ലല്ലോ ;നന്ദി .

ആത്മീയ സത്യാനേഷകനായ എന്റെ അച്ചോ സിനിമാക്കാരുടെ അണിയറക്കഥകളൊക്കെ നന്നായി ഫോളോ ചെയ്യുന്നുണ്ട് അല്ലെ ?നല്ലത്
അവസാനം ഫാദർ പറഞ്ഞു നിർത്തുന്നത്; "ഈ പോസ്റ്റു ഒരു ന്യായീകരണ പോസ്റ്റ്‌ അല്ല.. ഒരു തെറ്റുകാരന്റെയും കൂടെ നിൽക്കാൻ കഴിയില്ല.. പക്ഷെ അതിൽ മനം നൊന്തു വേദനിക്കുന്ന എല്ലാവരും പ്രതികളാണെന്നു വരുത്തി തീർക്കരുതു... അങ്ങനെയെങ്കിൽ ഒരു വർഷം പതിനായിരത്തിനു മുകളിൽ പീഡനങ്ങൾ നടക്കുന്ന ഇന്ത്യയിൽ എല്ലാ ആണുങ്ങളെയും പെണ്ണു കെട്ടി രണ്ടു കുട്ടി ആയി കഴിഞ്ഞാൽ.ഉടനെ വന്ധ്യംകരിക്കേണ്ടി വരുമല്ലൊ മി.ജോയി സാർ.

വൈദികനാകുമ്പോൾ ലൈംഗീകത ആവശ്യം ഇല്ലെങ്കിൽ അതേപോലെ പെണ്ണു കെട്ടി കുട്ടികളായി ഭാര്യയുടെ പ്രസവവും നിർത്തിക്കഴിഞ്ഞാൽ ആണുങ്ങളെയും നമുക്കു വന്ധ്യംകരിച്ചാലൊ?..
ഇല്ലേൽ അവർ പുറത്തു പോവൂലെ.."

അതിലെന്താ തെറ്റ് ?അക്കാര്യത്തിൽ ഫാദർ ,അങ്ങ് പറഞ്ഞതാണ് ഞാനും പറയുന്നത്. വിവാഹിതനായി കുഞ്ഞുങ്ങളൊക്കെയായാൽ ആണിന് മാത്രമല്ല പെണ്ണിനും വന്ധ്യംകരിക്കാവുന്നതാണ് പിന്നെ അവർക്ക് സൈര്യമായി ആരുമായും ലൈംഗികമായി ഇടപെടാൻ ഒരു കുഴപ്പവുമില്ല .ഒരു DNA ടെസ്റ്റിനേയും ഭയപ്പെടേണ്ടതില്ല .തന്തയില്ലാത്ത കുഞ്ഞുങ്ങളെക്കൊണ്ട് ഈ ഭൂമി നിറയില്ല .അപ്പോൾ അതാണ് എന്റെ പോയന്റ് തെരുവിലെ അനാഥക്കുഞ്ഞുങ്ങൾക്കായി അനാഥമന്ദിരങ്ങൾ നിർമ്മിക്കുകയല്ല മറിച്ച് അനാഥക്കുഞ്ഞുങ്ങളെ സൃഷ്ടിക്കാതിരിക്കലാണ് പുരോഹിതന്മാർ ചെയ്യേണ്ടത് .
പക്ഷെ ഫാദർ അങ്ങും കരുത്തിയത് ഞാൻ പുരോഹിതരുടെ ലിംഗം മുറിക്കണം എന്ന് പറഞ്ഞു എന്ന് തന്നെയാണ്. ഇനി വന്ധ്യംകരണം കൊണ്ടും കാര്യങ്ങൾ ശരിയാകുന്നില്ലെങ്കിൽ അക്കാര്യത്തിലും തെറ്റില്ല എന്നാണ് എന്റെ ഒരു ഇത് .

ശ്രദ്ധിക്കുക : ബഹുമാനപ്പെട്ട ഫാദർ ടോമിൻ ചീരംകുഴിയുടെ വാലിൽ തൂങ്ങി (tag )ഒരു വക്കീലിന്റെ പേര് കണ്ടു .അങ്ങോർക്ക് കൂടി വായിക്കാനാണ് ഇത്രയും എഴുതിയത്

English summary
joy mathew facebook post for reply for fr tony cheeramkuzhyil
topbanner

More News from this section

Subscribe by Email