Tuesday March 19th, 2019 - 1:32:am
topbanner
topbanner

പൊലീസുകാരും മനുഷ്യരാണ്: മാധ്യമ പ്രവര്‍ത്തകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു  

rajani v
പൊലീസുകാരും മനുഷ്യരാണ്: മാധ്യമ പ്രവര്‍ത്തകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു   

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവമാധ്യമങ്ങളും മുഖ്യധാര മാധ്യമങ്ങളിലും പോലീസുകാരെ മനസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലാത്തവരായി ചിത്രീകരിക്കുകയാണ്. ഇത്തരം വാര്‍ത്തയോടെ ശക്തമായി എതിര്‍പ്പ് വ്യക്തമാക്കി കൊണ്ട് എന്താണ് പോലീസ് എന്ന് മനസിലാക്കി കൊണ്ടുള്ള മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പോലീസിന്റെ പെരുമാറ്റം മനുഷ്യത്വരഹിതമാണെന്ന് ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ പടച്ചുവിടാനാണ് മുഖ്യധാര മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിലൂടെ പോലീസിനെ കുറിച്ച് ജനങ്ങളുടെ മനസിലേയ്ക്ക് തെറ്റിദ്ധാരണ പടര്‍ത്താനും അവര്‍ ശ്രമിക്കുന്നു.

എന്നാല്‍ ഏത് സമയത്തും മനുഷ്യജീവന് കാവല്‍ക്കാരാണ് പോലീസുകാര്‍ എന്ന സത്യം ഓര്‍മ്മിപ്പിക്കുകയാണ് ആലക്കോട് ശ്രീനി. ഇവരും മനുഷ്യരാണ് എന്ന ശ്രീനിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പോലീസുകാര്‍ അവരുടെ ജീവന്‍പോലും മറന്ന് ജനങ്ങള്‍ക്ക് രക്ഷകരായി തീര്‍ന്ന സംഭവത്തെ കുറിച്ച് വ്യക്തമാക്കുന്നു.

ഇവരും മനുഷ്യരാണ്.....
എന്റെ പേര് ശ്രീനി. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് സ്വദേശിയായ ഒരു മാധ്യമപ്രവര്‍ത്തകനാണ്. വളരെ ആലോചിച്ചതിനു ശേഷമാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതണമെന്ന് തോന്നിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള പൊലീസിനെ കുറിച്ച് വളരെ മോശമായ പരാമര്‍ശങ്ങളാണ് ചില മുഖ്യ ധാരാ മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും ഒക്കെയായി പ്രചരിക്കുന്നത്.

കേരള പൊലീസ് കരുതി കൂട്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരാണെന്ന സന്ദേശമാണ് അത്തരം വാര്‍ത്തകള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുന്നത്. എന്നാല്‍ ഞാന്‍ അറിയുന്ന പൊലീസ് അങ്ങിനെയല്ല എന്ന് നൂറു ശതമാനവും സത്യസന്ധമായി എനിക്ക് പറയാന്‍ കഴിയും. കാരണം ഊണും ഉറക്കവുമില്ലാതെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നവരാണ് നമ്മളെ പോലെ പച്ച മനുഷ്യരായ ആ ഉദ്യോഗസ്ഥര്‍.

മറ്റേത് സര്‍ക്കാര്‍ ജോലിയും ഒരു നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ത്താല്‍ മതി. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെതാകട്ടെ അതില്‍ നിന്നും വ്യത്യസ്തമാണ്. രാവും പകലും കണ്ണും കാതും കൂര്‍പ്പിച്ച് കാവല്‍ നില്‍ക്കുന്നവരായി അവര്‍ മാറുന്നത് നാം അറിയുന്നില്ല. ചില ഉദാഹരണങ്ങള്‍ കൂടി പറയാം.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ആലക്കോട് നിന്നും 25 കിലോ മീറ്റര്‍ അകലെയുള്ള തളിപ്പറമ്പിലെ സഹകരണ ആശുപത്രിക്ക് തീപിടിച്ച വിവരമറിഞ്ഞാണ് പുലര്‍ച്ചെ 3 മണി യോടെ ഞാന്‍ തളിപ്പറമ്പില്‍ എത്തിയത്. അഗ്‌നി ശമന സേനയ്‌ക്കൊപ്പം യാതൊരു വിധ സുരക്ഷാ സന്നാഹവുമില്ലാതെ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിക്കുന്ന കാക്കി കുപ്പായക്കാരുടെ ചിത്രങ്ങള്‍ ഇന്നും മനസിലുണ്ട്. കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം മുടക്കിയ പൊലീസിനെ കുറിച്ച് വായിക്കാനിടയായി.

സമൂഹം ഒന്നടങ്കം അവരെ കുറ്റപ്പെടുത്തി. എന്നാല്‍ അവിടെ അന്ന് സംഭവിച്ചതിന്റെ സത്യാവസ്ഥ കെ.എസ്.ആര്‍,ടി.സി ബസിലുണ്ടായിരുന്നവര്‍ വെളിപ്പെടുത്തിയെങ്കിലും പൊലീസ്‌കാരുടെ നിരപരാധിത്വം ജനം മനസിലാക്കാന്‍ ഏറെ വൈകി. ഒരു കാര്യം എനിക്കുറപ്പാണ് ജന മൈത്രി പൊലീസ് എന്ന സംവിധാനമാണ് പൊലീസുകാരുടെ ആത്മവീര്യം ചോര്‍ത്തുന്നത്. ഏതു വലിയ ആക്രമണം നടത്തിയാലും സ്റ്റേഷനില്‍ ചെന്നാല്‍ സൗമ്യമായി പെരുമാറണമെന്ന് പറയുന്നതിലെ വൈരുദ്ധ്യം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചില്ലേ.

അപകടകരമായ വിധത്തില്‍ വാഹനം ഓടിക്കുന്ന യുവ തലമുറയോട് അല്പമൊന്നു ശബ്ദം കൂട്ടി സംസാരിച്ചാല്‍ അതും പൊലീസ് അതിക്രമമായി വ്യാഖ്യാനിക്കപ്പെടുന്ന കാലമാണിത്. ഹെല്‍മറ്റ് വെക്കുന്നത് പൊലീസിന്റെ കണ്ണില്‍ പൊടിയിടാനാണെന്ന ചിന്തയുമായി നടക്കുന്നവര്‍ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ വില പെട്ട ജീവന്‍ രക്ഷിക്കാനുള്ള മുന്‍കരുതലുകളാണ് പോലീസുകാര്‍ നടത്തുന്നതെന്ന് മനസിലാക്കുന്നവര്‍ എത്രയുണ്ട്. കാക്കിയെന്നു കേട്ടാല്‍ കലിയിളകുന്ന ഭൂതകാലത്തിന്റെ പിന്‍മുറക്കാരായി നാം മാറരുത്. അറിയുക ഇവരും നമ്മേ പോലെ മനുഷ്യരാണ്.

 

Viral News

Read more topics: journalist, talk about, police duty
English summary
journalist talk about police duty
topbanner

More News from this section

Subscribe by Email