topbanner
Sunday June 25th, 2017 - 8:57:pm
topbanner

റബര്‍ ബോര്‍ഡിന്റെ നിലവിലുള്ള സംവിധാനം ഉടച്ചുവാര്‍ത്ത് കര്‍ഷക നിയന്ത്രണത്തിലാക്കണം: ജോസ് കെ.മാണി എം.പി

NewsDesk
റബര്‍ ബോര്‍ഡിന്റെ നിലവിലുള്ള സംവിധാനം ഉടച്ചുവാര്‍ത്ത് കര്‍ഷക നിയന്ത്രണത്തിലാക്കണം: ജോസ് കെ.മാണി എം.പി

കോട്ടയം: രാജ്യത്തെ കാര്‍ഷിക മേഖലയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്ന റബര്‍ ബോര്‍ഡിന്റെ നിലവിലുള്ള സംവിധാനം ഉടച്ചുവാര്‍ത്ത് കര്‍ഷക നിയന്ത്രണത്തിലാക്കണമെന്നു കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. റബര്‍ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കേരള കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച റബര്‍ കര്‍ഷക മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബോര്‍ഡ് മേഖലാ ഓഫീസുകള്‍ നിര്‍ത്തലാക്കിയാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി വിതരണം ഉള്‍പ്പെടെയുള്ള എല്ലാ പദ്ധതികളും അട്ടിമറിക്കപ്പെടും. റബര്‍കൃഷി വ്യാപനത്തിനായും കൃഷിയില്‍ കര്‍ഷകരെ സഹായിക്കാനായും രൂപീകൃതമായ റബര്‍ ബോര്‍ഡ് ഇപ്പോള്‍ നടത്തുന്നത് കര്‍ഷക വിരുദ്ധ നീക്കങ്ങളാണ്. ആഗോളതലത്തില്‍ നിലവില്‍ വന്നിട്ടുള്ള വ്യാപാരകരാറുകളുടെയും കാര്‍ഷികോത്പന്ന ഇറക്കുമതി ചട്ടങ്ങളില്‍

ഉണ്ടായിട്ടുള്ള മാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ 1947 സ്ഥാപിതമായ ബോര്‍ഡിന്റെ ഘടനയിലും സ്വഭാവത്തിലും കാലികമായ മാറ്റം അനിവാര്യമാണ്. റബ്ബര്‍ ആക്ട് 14ാം വകുപ്പ് പ്രകാരം രാജ്യത്തെ മുഴുവന്‍ റബ്ബര്‍ വാങ്ങല്‍ പ്രക്രിയയും ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

രാജ്യത്ത് ആകെയുള്ള 8710 കച്ചവടക്കാരും 4363 ടയര്‍, റബ്ബര്‍ വ്യവസായികളും ഓരോ മാസത്തെയും അവരുടെ റബര്‍ വാങ്ങല്‍, വില്‍ക്കല്‍ സ്റ്റോക്ക് വിശദാംശങ്ങള്‍ ബോര്‍ഡിനെ അറിയിച്ചിരിക്കണം. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കിയുള്ള വില സ്വാഭാവിക റബറിന് രാജ്യത്ത് നടപ്പിലാക്കാന്‍ ബോര്‍ഡിന് കഴിയേണ്ടതാണ്. അതു അവരുടെ പ്രാഥമിക ഉത്തരവാദിത്വവുമാണ്. അതുണ്ടാകുന്നില്ല എന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.

ഇന്നലെ സ്വാഭാവിക റബറിന്റെ അന്താരാഷ്ട്ര വില 142 രൂപയായിരുന്നു. 25% ഇറക്കുമതി ചുങ്കവും ഒരു കിലോ റബ്ബറിന് കടത്തുകൂലി ചിലവായി 5 രൂപയും കൂട്ടിയാല്‍ ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ വില 183 രൂപയായിരിക്കണം. എന്നാല്‍ ഇന്നലത്തെ വില 125 രൂപ മാത്രമാണ്. റബര്‍ കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാട് തുടര്‍ന്നാല്‍ നിയമപരമായും രാഷ്ട്രീയപരമായും കര്‍ഷകരെ അണിനിരത്തി ഈ നടപടിയെ കേരള കോണ്‍ഗ്രസ് നേരിടുമെന്നും ജോസ് കെ.മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഇ.ജെ. ആഗസ്തി അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എക്‌സ് എം.എല്‍.എ, എം.എസ്. ജോസ്, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, സഖറിയാസ് കുതിരവേലി, സജി മഞ്ഞക്കടമ്പില്‍, സണ്ണി തെക്കേടം, വിജി എം. തോമസ്, അഡ്വ. ജോസ് ടോം, കെ.പി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

English summary
jose k mani protest rubber board office kottayam
topbanner topbanner

More News from this section

Subscribe by Email