തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വ്യാജ കത്തുമായി ജോലി തട്ടിപ്പ് നടത്തിയിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം മുക്കുംപാലമൂട് പ്ലാവിള പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന് എന്നയാളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കോടിയേരി ഉള്‍പ്പെടെ ഉന്നത സിപിഐഎം നേതാക്കളുടേയും മന്ത്രിമാരുടേയും എംഎല്‍എമാരുടേയും പേര് ഉപയോഗിച്ച് ജോലി വാഗ്ദാനം ചെയ്യുക, ചികിത്സാ സഹായം വാങ്ങി നല്‍കാം എന്നെല്ലാം പറഞ്ഞ് പലരോടും സംഘം വന്‍തുകകള്‍ ഇയാള്‍ തട്ടിയെടുത്തിരുന്നു. കോടിയേരിയുടെ പേരില്‍ വ്യാജ ലെറ്റര്‍പാഡില്‍ ജോലിക്കായുള്ള ശുപാര്‍ശക്കത്തു തയാറാക്കിയായിരുന്നു പ്രതിയുടെ തട്ടിപ്പ്. ജോലി ലഭിച്ചശേഷം തസ്തികയുടെ നിലവാരമനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെ ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായും പരാതി ലഭിച്ചിട്ടുണ്ട്.
നിയമസഭ, സെക്രട്ടേറിയറ്റ്, കോര്പ്പറേഷന് ഓഫീസ്, വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജോലി വാഗാദാനം ചെയ്തു പലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയതായി പൊലീസ് പറയുന്നു. ജോലി അഭ്യര്‍ത്ഥിച്ചു സ്പീക്കര്‍, തിരുവനന്തപുരം മേയര്‍, ജലവിഭവ-പട്ടിക ജാതി ക്ഷേമ മന്ത്രിമാര്‍ എന്നിവര്‍ക്കും വിവിധയാളുളുടെ പേരില്‍ തയാറാക്കിയ അപേക്ഷകളും ഇയാളുട പക്കല്‍നിന്നും കണ്ടെടുത്തു. കാട്ടാക്കര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.