Saturday March 23rd, 2019 - 10:38:pm
topbanner
topbanner

ജെസ്‌ന തിരോധാനക്കേസില്‍ ലോക്കല്‍ പോലീസ് അന്വേഷണം നിലച്ചു: ഏറ്റെടുക്കാൻ താല്‍പര്യമില്ലാതെ ക്രൈംബ്രാഞ്ചും

NewsDesk
ജെസ്‌ന തിരോധാനക്കേസില്‍ ലോക്കല്‍ പോലീസ് അന്വേഷണം നിലച്ചു: ഏറ്റെടുക്കാൻ താല്‍പര്യമില്ലാതെ ക്രൈംബ്രാഞ്ചും

കോട്ടയം: ജെസ്‌ന തിരോധാനക്കേസില്‍ ലോക്കല്‍ പോലീസ് അന്വേഷണം നിലച്ചു. വെച്ചൂച്ചിറ പോലീസ് ഫയല്‍ മടക്കി ക്രൈംബ്രാഞ്ചിനു കൈമാറാകാന്‍ താല്‍പര്യം അറിയിച്ചിട്ടും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കാന്‍ താല്‍പര്യമില്ല. സൂചനയിലേക്കു വിരല്‍ ചൂണ്ടുന്ന ഒരു തെളിവും അഞ്ചു മാസം അന്വേഷിച്ചിട്ടും ലോക്കല്‍ പോലീസിനു കണ്ടെത്താനാകാത്ത സാഹചര്യത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്നു വയ്ക്കുന്നത്.

ലക്ഷക്കണക്കിന് ഫോണ്‍ കോളുകളുടെ ലൊക്കേഷന്‍ രേഖകളും ജെസ്‌നയുടേതെന്നു സംശയിക്കുന്ന ഒരു സിസിടിവി ദൃശ്യവും ജെസ്‌നയുടെ കുറെ നോട്ടുബുക്കുകളും മൊബൈല്‍ മെസേജുകളും പോലീസിനു ലഭിച്ച ഏതാനും ഊമക്കത്തുകളും മാത്രമെ ലോക്കല്‍ പോലീസിന്റെ കൈവശമുള്ളു. ഇതിലൊന്നുപോലും സാധ്യതയിലേക്കും സൂചനയിലേക്കും വിരല്‍ചൂണ്ടുന്നതല്ലെന്ന സാഹചര്യത്തിലാണു കേസ് ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് താല്‍പര്യപ്പെടാത്തത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ബികോം വിദ്യാര്‍ഥിനിയായ ജെസ്‌ന ജെയിംസിനെ മാര്‍ച്ച് 22ന് രാവിലെ കാണാതായതാണ്. വെച്ചുച്ചിറ പോലീസ് നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴും അന്വേഷണം ശരിയായ ദിശയിലാണെന്ന റിപ്പോര്‍ട്ടാണ് ലോക്കല്‍ പോലീസ് കോടതിയെ അറിയിച്ചുകൊണ്ടിരുന്നത്. തിരുവല്ല ഡിവൈ.എസ്.പിയുടെ ചുമതലയില്‍ മൂന്നുമാസം അന്വേഷണം കഴിഞ്ഞപ്പോള്‍തന്നെ ലോക്കല്‍ പോലീസ് ഏറെക്കൂറെ പിന്‍വാങ്ങാനുള്ള താല്‍പര്യത്തിലായിരുന്നു.

വെച്ചൂച്ചിറ എസ്.ഐയുടെ നേതൃത്വത്തില്‍ 20 പോലീസുകാര്‍ കേസ് അന്വേഷിച്ചെങ്കിലും വ്യക്തമായ സൂചനയുണ്ടായില്ല. ബംഗളുരു, ചെന്നൈ, മൈസുരു, ഹൈദരാബാദ് തുടങ്ങി വിവിധ ഇടങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ജെസ്‌നയെ കണ്ടതായി പറയുന്ന സാഹചര്യങ്ങളിലും വിവിധ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടാകാത്തതിനാല്‍ രണ്ടു മാസമായി ജെസ്‌ന തിരോധാന കേസ് പോലീസ് അന്വേഷിക്കുന്നില്ല. പ്രളയത്തെത്തുടര്‍ന്ന് പോലീസ് രക്ഷാപ്രവര്‍ത്തനത്തിലേക്കു ശ്രദ്ധ കൊടുത്തതോടെയാണ് ജെസ്‌ന അന്വേഷണത്തില്‍നിന്നു പിന്‍തിരിഞ്ഞത്.

മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്നു കണ്ടെടുത്ത ജെസ്‌നയുടേതെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ജെസ്‌ന മുണ്ടക്കയം വരെ എത്തിയതായി പോലീസ് പറയുന്ന രേഖ. എന്നാല്‍ ദൃശ്യങ്ങള്‍ ജെസ്‌നയാണെന്ന സ്ഥിരീകണം ഇനിയുമുണ്ടായിട്ടില്ല. ജെസ്‌നയുമായി അടുപ്പമുണ്ടായിരുന്നു എന്നു പോലീസ് പറയുന്ന സഹപാഠിയുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകളും പോലീസ് കേസിലെ സൂചനകളായി കണ്ടെത്തിയെങ്കിലും വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ പോലീസിനായിട്ടില്ല.

ചൊവ്വാഴ്ച്ച ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാണ് ജെസ്‌നയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നത്. പോലീസ് ഇതുവരെ നടത്തിയ അന്വേഷണം വ്യക്തമായ ദിശയിലെത്താത്ത സാഹചര്യത്തിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കേസ് അന്വേഷിച്ച പോലീസ് ടീം ഒരാഴ്ചയായി ശബരിമലയില്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. കേസ് ഫയല്‍ ഏറ്റെടുക്കാന്‍ പോലും ക്രൈംബ്രാഞ്ച് തയാറാകാത്ത സാഹചര്യത്തില്‍ ഹൈകോടതി കേസ് സിബിഐയ്ക്കു ശിപാര്‍ശ ചെയ്യുമെന്നാണ് സൂചന.

Read more topics: jesna, missing, case, inquiry,
English summary
jesna missing case inquiry local police
topbanner

More News from this section

Subscribe by Email