Wednesday June 20th, 2018 - 10:16:pm
topbanner
Breaking News

കേരള പോലീസിന് ബിഗ് സല്യൂട്ട്: ആര്യനും അമൃതയും ഉറ്റബന്ധുക്കളുടെ കൈകളില്‍

NewsDesk
കേരള പോലീസിന് ബിഗ് സല്യൂട്ട്: ആര്യനും അമൃതയും ഉറ്റബന്ധുക്കളുടെ  കൈകളില്‍

കണ്ണൂര്‍: അമ്മയുടെയും അച്ഛന്റെയും ഘാതകന്റെ കരം ചേര്‍ത്തുപിടിച്ച് ഇരിട്ടിയില്‍നിന്നു വണ്ടി കയറുമ്പോള്‍ ആറുവയസ്സുകാരന്‍ ആര്യനും നാലു വയസ്സുകാരി അമൃതയും ഒരിക്കലും നിനച്ചിരിക്കില്ല ഒറ്റപ്പെടലിന്റെ ലോകത്തേക്ക് തള്ളിവിടാനായിരിക്കാം തങ്ങളെ കൊണ്ടുപോവുന്നതെന്ന്. ബംഗളൂരുവില്‍നിന്ന് ട്രെയിന്‍ കയറ്റിവിട്ട് കിലോമിറ്ററുകള്‍ താണ്ടി മുംബൈ മഹാനഗരത്തില്‍ എത്തുമ്പോള്‍ ദൈവനിശ്ചയം കണക്കെ അവിടെയും നിഷ്‌കളങ്ക ബാല്യങ്ങളുടെ രക്ഷകയായി ഒരു യാത്രക്കാരിയുണ്ടായിരുന്നു.

അവര്‍ അറിയിച്ചതനുസരിച്ച് എത്തിയ റെയില്‍വേയുടെ വനിതാ പോലിസാണ് ഒറ്റപ്പെട്ട നിലയില്‍ കണ്ട കുട്ടികളെ മുംബൈ മാന്‍ഖുര്‍ദിലെ ശിശു അഭയ കേന്ദ്രത്തിനു കൈമാറിയത്. ഒരുപക്ഷേ, ഏതോ ഭിക്ഷാടന മാഫിയകളുടെ കൈകളില്‍ അകപ്പെടുമായിരുന്ന അനാഥകുരുന്നുകളെ രക്ഷിച്ചത് ഇവരും, കേസ് ഏറെ ശ്രമകരമായി അന്വേഷിച്ച് പ്രതിയെ ദിവസങ്ങള്‍ക്കകം പിടികൂടിയ ഇരിട്ടി പ്രൊബേഷനല്‍ എസ്‌ഐ അന്‍ഷാദും സംഘവുമാണ്. രണ്ടുദിവസം നീണ്ട യാത്രയ്ക്കിടയില്‍ കൂടപ്പിറപ്പായ കുഞ്ഞുപെങ്ങളെ കരം ചേര്‍ത്തുപിടിച്ച് കണ്‍മറയത്തുനിന്ന് മറയാതെ നോക്കിയ കുഞ്ഞുജ്യേഷ്ഠന്റെ രക്തബന്ധത്തിന്റെ മൂല്യമാണ് ഏവരെയും ആശ്ചര്യപ്പെടുത്തിയത്.

എന്നാൽ കേരള പോലീസ് അഭിമാനകരമായ മുഹൂര്‍ത്തത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. കേസന്വേഷണ മികവിന്റെ കാര്യത്തില്‍ ചരിത്രത്തില്‍ പുതിയൊരധ്യായമായിമാറിയ ഇരിട്ടി പോലീസിന് നാട്ടുകാരുടെ ബിഗ് സല്യൂട്ട്. അച്ഛന്റെയും അമ്മയുടെയും ഘാതകന്‍ തട്ടിക്കൊണ്ടുപോയി ബാംഗ്ലൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിനില്‍ കയറ്റിവിട്ട് ഉപേക്ഷിച്ച അഞ്ചുവയസ്സുകാരന്‍ ആര്യനെയും സഹോദരി നാലു വയസ്സുകാരി അമൃതയെയും ഇന്ന് ഉറ്റവര്‍ ഏറ്റുവാങ്ങി. ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍, സി ഐ സുനില്‍കുമാര്‍, എസ് ഐ സുധീര്‍ കല്ലന്‍, പ്രൊബേഷന്‍ എസ് ഐ അന്‍ഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ സുക്ഷ്മതയാര്‍ന്ന അന്വേഷണത്തിനൊടുവിലാണ് ഈ കുരുന്നുകളെ ഉറ്റബന്ധുക്കള്‍ക്കൊപ്പം വീണ്ടും എത്തിച്ചത്. ഇന്ന് രാവിലെ ഇരിട്ടി സ്റ്റേഷനില്‍ അവരുടെ പുനഃസമാഗമത്തിന് സാക്ഷ്യം വഹിച്ചു.irity missing aryan amritha irity police

ഇക്കഴിഞ്ഞ ജനുവരി 15നാണ് ഇരിട്ടിയില്‍വെച്ച് കുട്ടികളുടെ അമ്മയെ കൊലചെയ്ത ശേഷം കാമുകനായ മഞ്ചുനാഥ് കുട്ടികളെ കൊണ്ടുപോയി ബാംഗ്ലൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിനില്‍ കയറ്റിവിട്ട് ഉപേക്ഷിച്ചത്. അമ്മ ശോഭയുടെ കൊലപാതകത്തിന് ദൃക്‌സാക്ഷി കൂടിയായിരുന്നു മൂത്ത കുട്ടി ആര്യന്‍. ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ ജനുവരി 20-ാം തിയ്യതി മുംബൈയിലെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ എത്തുകയും ചെയ്തു. ഇതിനിടയില്‍ നാടോടി യുവതി ശോഭയുടെ മരണവും കുട്ടികളുടെ തിരോധാനവും സംബന്ധിച്ച് ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും പ്രതി മഞ്ചുനാഥ് കര്‍ണ്ണാടകയിലെ തുംകൂറില്‍വെച്ച് പിടിയിലാവുകയും ചെയ്തു.

തുടര്‍ന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിമാക്കുകയും മുംബൈയിലടക്കം വിവിധ സംഘടനകള്‍ക്കും പോലീസിനും മാധ്യമങ്ങള്‍ക്കും കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുകയും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനൊടുവിലാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് ഇരിട്ടി പോലീസിന് കുട്ടികള്‍ മുംബൈയിലെ ശിശുക്ഷേമ സമിതി കേന്ദ്രത്തിലുണ്ടെന്ന് വിവരം ലഭിച്ചത്. കാലടി പോലീസ് സ്റ്റേഷനിലെ സി പി ഒ വി പി ബിനുവിനാണ് ഒരു കേസന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലെത്തിയപ്പോള്‍ ഈ വിവരം കിട്ടിയത്. ഇതിന് സഹായിച്ചത് മുംബൈയിലെ സുനിതാ താക്കറെയെന്ന വനിതാ പോലീസുദ്യോഗസ്ഥയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം അന്വേഷണസംഘം മാര്‍ച്ച് 17ന് മുംബൈയില്‍ എത്തി കുട്ടികളെ തിരിച്ചറിയുകയും ശിശുക്ഷേമസമിതിയില്‍ നിന്നും കോടതിയില്‍ ഹാജരാക്കി ഏറ്റുവാങ്ങുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെ പോലീസും കുട്ടികളും ബന്ധുക്കളും ഇരിട്ടിയിലെത്തി. പോലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടികളെ കണ്ണൂരുള്ള ശിശുക്ഷേമസമിതിക്ക് മമ്പാകെ ഹാജരാക്കി. നോടോടി യുവതിയുടെ കൊലപാതകം അന്വേഷിക്കാന്‍ നിയോഗിച്ച പോലീസ് സംഘാംഗമായ ഇരിട്ടി പ്രൊബേഷന്‍ എസ് ഐ അന്‍ഷാദിന്റെ ചടുലതയാര്‍ന്ന അന്വേഷണമാണ് ഒടുവില്‍ കുട്ടികളെ കണ്ടെത്താനും ബന്ധുക്കള്‍ക്കൊപ്പം അയക്കാനും സഹായിച്ചത്. അച്ഛന്റെ സഹോദരി കാവ്യ, ഭര്‍ത്താവ് മഞ്ചുനാഥ്, സഹോദരന്‍ നാഗരാജ് എന്നിവര്‍ക്കൊപ്പമാണ് കുട്ടികളെ ശിശുക്ഷേമസമിതിയില്‍ ഹാജരാക്കിയത്. കുട്ടികളെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് ഇവര്‍ ശിശുക്ഷേമസമിതി അധികൃതര്‍ക്ക് മുമ്പാകെ മൊഴിനല്‍കി.

ഇക്കഴിഞ്ഞ ജനുവരി 18നാണ് ഇരിട്ടി പഴയപാലം റോഡരികിലുള്ള ഉപയോഗശൂന്യമായ കിണറില്‍ അജ്ഞാതയായ ഒരു സ്ത്രീയുടെ ജഢം കണ്ടെത്തിയത്. അഴുകിയ ജഢമായതിനാല്‍ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത്ര വ്യക്തമായിരുന്നില്ല. എന്നാല്‍ പ്രൊബേഷന്‍ എസ് ഐ അന്‍ഷാദ് ഈ കേസന്വേഷണവുമായി മുന്നോട്ടുപോവുകയും ടൗണിലെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.

ഇതിനൊടുവിലാണ് പഴയപാലത്ത് തമ്പടിച്ചിരുന്ന നാടോടി യുവതിയുടെയും കുട്ടികളുടെയും കൂടെയുള്ള പുരുഷനെ കുറിച്ചും വിവരം ലഭിക്കുന്നത്. അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് തുംകൂര്‍ സ്വദേശിനി ശോഭയെന്ന 25 കാരിയാണെന്ന് കണ്ടെത്തി. കൂടെയുണ്ടായിരുന്ന ബന്ധുവും കാമുകനുമായ മഞ്ചുനാഥാണ് ശോഭയെ കൊന്നതെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയതായും അറിയാന്‍ കഴിഞ്ഞു. ഇതിനിടയില്‍ മഞ്ചുനാഥ് അറസ്റ്റിലുമായി.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശോഭയുടെ ഭര്‍ത്താവ് രാജുവിനെ മഞ്ചുനാഥും ശോഭയും ചേര്‍ന്ന് കൊലപ്പെടുത്തിയതായും തെളിഞ്ഞു. ശോഭയുമായി അവിഹിതബന്ധം പുലര്‍ത്തിവരികയും ഇതിന് തടസ്സമാവുമെന്ന് കരുതി ശോഭയും മഞ്ചുനാഥും ചേര്‍ന്ന് നാട്ടില്‍വെച്ച് ഭര്‍ത്താവ് രാജുവിനെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം വനത്തിലെ കുഴിയിലിട്ട് കത്തിച്ചുകളയുകയും ചെയ്തു. ഇതോടെ ഇരട്ട കൊലപാതകമാണ് കേസന്വേഷണത്തിനൊടുവില്‍ തെളിഞ്ഞത്.

ഈ കേസന്വേഷണമാണ് കേരളപോലീസിന് തന്നെ അഭിമാനകരമായി പര്യവസാനിച്ചത്. ബാംഗ്ലൂര്‍, മുംബൈ പോലുള്ള മഹാനഗരത്തില്‍ നിന്നും ഒറ്റപ്പെട്ടുപോയ അഞ്ചും നാലും വയസ്സുള്ള രണ്ട് പിഞ്ഞുകുഞ്ഞുങ്ങളെ കണ്ടെത്തി പോലീസ് അവരുടെ ഉറ്റവരുടെ കൈകളിലെത്തിച്ചതാണ് കേരള പോലീസിന് അഭിമാനകരവും മനുഷ്യത്വപരവുമായ ചരിത്രമായി മാറുന്നത്. ഇത് സംസ്ഥാനത്ത് തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് പോലീസ് വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു.

Read more topics: iritty, missing, arayan amritha,
English summary
iritty missing arayan amritha irity police

More News from this section

Subscribe by Email