Tuesday September 25th, 2018 - 4:52:am
topbanner

അധ്യാപികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍; ഭര്‍ത്താവും തമിഴ്നാട് ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍

akhila
 അധ്യാപികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍; ഭര്‍ത്താവും തമിഴ്നാട് ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍

ഇരിട്ടി (കണ്ണൂര്‍): കരിക്കോട്ടക്കരി സെയ്ന്റ് തോമസ് ഹൈസ്‌കൂള്‍ അധ്യാപിക ചരളിലെ പാംബ്ലാനിയില്‍ മേരി(42)യുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ഭര്‍ത്താവും തമിഴ്നാട് ക്വട്ടേഷന്‍ സംഘവുമാണ് മേരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍.

മേരിയുടെ ഭര്‍ത്താവ് ചരളിലെ പാംബ്ലാനിയില്‍ സാബു ജേക്കബ് (48), ക്വട്ടേഷന്‍ ഏറ്റെടുത്ത തമിഴ്നാട് ധര്‍മപുരി ജില്ലാ സ്വദേശികളായ വെപ്പിലപ്പട്ടി രവികുമാര്‍ (39), കറുമ്പ്രഹള്ളി കോളനിയിലെ എന്‍.ഗണേശന്‍ (27) എന്നിവരെയാണ് ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 29-ന് പുലര്‍ച്ചെയാണ് മേരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം നാട്ടുകാരും പോലീസും കരുതിയത്.

ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്ന് ആദ്യം കരിക്കോട്ടക്കരി പോലീസും പിന്നീട് ഇരിട്ടി ഡിവൈ.എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘവും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് നടത്തിയ ക്വട്ടേഷന്‍ കൊലപാതകമാണെന്ന് കണ്ടെത്തിയത്. ലോറി ഡ്രൈവറായ സാബുവിന്റെ വഴിവിട്ട ജീവിത്തതിന് ഭാര്യ മേരി തടസ്സമാകുന്നുവെന്ന് കണ്ടതോടെ ഭാര്യയെ കൊലപ്പെടുത്താന്‍ സാബു ആറുമാസം മുന്‍പ് പദ്ധതി തയ്യാറാക്കി.

ഇതിനായി ചെങ്കല്‍ മേഖലയില്‍നിന്ന് പരിചയപ്പെട്ട ലോഡിങ് തൊഴിലാളികളായ തമിഴ്നാട് സ്വദേശികളായ രവികുമാറിന്റെയും ഗണേശന്റെയും സഹായം തേടി. രണ്ടുലക്ഷം രൂപയാണ് ഇതിനായി നല്‍കിയത്. ക്വട്ടേഷനുള്ള പണം സ്വരൂപിച്ചതോടെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. രാത്രിയില്‍ ഭാര്യയെ പുറത്തേക്ക് എത്തിക്കുന്നതിന് വീട്ടിലുണ്ടായിരുന്ന പഴയ വാഷിങ് മെഷീന്‍ സ്വയം കേടാക്കി സാബുതന്നെ നന്നാക്കാനായി കൊണ്ടുപോയി. സംഭവദിവസം രാത്രി വാഹനത്തില്‍ വാഷിങ് മെഷീനുമായി വന്ന് മേരിയോട് പുറത്ത് രണ്ടുപേര്‍ ഉണ്ടെന്നും വാഷിങ് മെഷീന്‍ പിടിച്ച് വീട്ടിനുള്ളിലേക്ക് വെക്കാന്‍ സഹായിക്കണമെന്നും പറഞ്ഞ് പുറത്തേക്കിറക്കി.

വീടിന് വെളിയില്‍നിന്ന രണ്ടുപേരും സഹായിക്കാനെന്ന വ്യാജേന അടുത്തെത്തുകയും സാബുവും മറ്റ് രണ്ടുപേരും ചേര്‍ന്ന് മേരിയെ തൂക്കിപ്പിടിച്ച് കിണറ്റിലേക്ക് വലിച്ചെറിയുകയുമായിരുന്നു. വാവിട്ടുകരഞ്ഞ മേരി രക്ഷപ്പെടാതിരിക്കാന്‍ കിണറ്റില്‍ ഉണ്ടായിരുന്ന കുടിവെള്ളപദ്ധതിയുടെ പൈപ്പും മുറിച്ചുമാറ്റി. മരണം ഉറപ്പുവരുത്തിയശേഷം സഹായികള്‍ സ്ഥലം വിടുകയും സാബു അയല്‍പക്കത്തെ വീട്ടില്‍പ്പോയി ഭാര്യ കിണറ്റില്‍വീണതായി പറയുകയുമായിരുന്നു. സംഭവസമയത്ത് മേരിയുടെ രണ്ട് മക്കളും വീട്ടിനുള്ളില്‍ ഉറക്കത്തിലായിരുന്നു.

ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കാന്‍ സാബു പരമാവധി ശ്രദ്ധിച്ചിരുന്നതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി. പറഞ്ഞു. സംഭവത്തിനുശേഷം സാബു പോലീസ് നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. അന്വേഷണസംഘത്തില്‍ ഡിവൈ.എസ്.പി.ക്കുപുറമെ കരിക്കോട്ടക്കരി എസ്.ഐ. ടോണി ജെ. മറ്റം, എസ്.ഐ. റെജി സ്‌കറിയ, റാഫി അഹമ്മദ്, എം.ജെ.ബെന്നി, ടി.ഷംശുദ്ദീന്‍, മുഹമ്മദ് നജീബ്, പൈലി, സന്തോഷ്, പി.വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.

Read more topics: iritty, murder
English summary
iritty women murder husband and two others arrested
topbanner

More News from this section

Subscribe by Email