കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ നശിപ്പിച്ചിട്ടില്ലെന്ന് പോലീസ്. ഫോണ്‍ നശിപ്പിച്ചതായി അഭിഭാഷകര്‍ നല്കിയ മൊഴി വിശ്വാസിക്കുന്നില്ലെന്നും ഫോണ്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ ദിലീപിന്റെ മാനേജറായ അപ്പുണ്ണിക്കെതിരെയും അന്വേഷണം നടക്കുകയാണ്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സത്യവാങ്മൂലം സമര്‍പ്പിക്കും.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയെങ്കിലും ഇത് പകര്‍ത്തിയ ഫോണോ മെമ്മറി കാര്‍ഡോ പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് ഫോണുകളിലേക്ക് കോപ്പി ചെയ്ത ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിന് ലഭിച്ചത്. ഈ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്ത കാരണം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇത് എതിര്‍ത്താണ്, ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കുന്നത്. അഭിഭാഷകരെ അറസ്റ്റ് ചെയ്തത് തെളിവ് മറച്ചുവെച്ചതിനാണെന്നും പോലീസ് പറയുന്നു.
ഹൈക്കോടതിയില്‍ ദീലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ഈമാസം 18ന് വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലില്‍ ആയിരുന്നെന്നും പോലീസ് കോടതിയെ അറിയിക്കും. ഇതിന് മുമ്പേ തന്നെ ചില മൊഴികള്‍ ദിലീപിനെതിരെ പ്രതികളില്‍ നിന്ന് കിട്ടിയിരുന്നെന്നും പോലീസ് അറിയിക്കും.