Wednesday July 17th, 2019 - 6:16:pm
topbanner
topbanner

കുറ്റാന്വേഷണം സമര്‍ദ്ദങ്ങളില്‍ നിന്നും വിമുക്തമാകണം: മുഖ്യമന്ത്രി

suvitha
കുറ്റാന്വേഷണം സമര്‍ദ്ദങ്ങളില്‍ നിന്നും വിമുക്തമാകണം: മുഖ്യമന്ത്രി

കോട്ടയം: പോലീസ് ഇന്ന് കുറ്റന്വേഷണ മേഖലയില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെയുളള സമര്‍ദ്ദങ്ങളാണെന്നും അതിനെ ഫലപ്രദമായി അതിജീവിച്ച് സത്യം തെളിയിക്കുന്നതിനും കുറ്റവാളികളെ മുഖം നോക്കാതെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനുളള ജാഗ്രത സേനയിലെ എല്ലാവരും പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയത്ത് പുതുതായി നിര്‍മ്മിച്ച പോലീസ് ക്രൈം ബ്രാഞ്ച് വിഭാഗം സുപ്രണ്ടിന്റെ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറ്റകൃത്യങ്ങളെക്കുറിച്ച് ഊഹാപോഹങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും പരക്കാനിടയാകുന്നുണ്ടെന്നത് നിര്‍ഭാഗ്യകരമായ വസ്തുതയാണ്. ഇത്തരം വാര്‍ത്തകള്‍ക്കും പ്രചരണങ്ങള്‍ക്കും കുറ്റാന്വേഷകര്‍ വശംവദരായാല്‍ അത് നീതി നിര്‍വ്വഹണത്തെത്തന്നെ ദോഷകരമായി ബാധിക്കുമെന്ന് പോലീസ് സേനാംഗങ്ങള്‍ തിരിച്ചറിയണം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നതാണ് നീതി നിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ നാം മുറുകെപ്പിടിക്കുന്ന തത്വമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുളള കുറ്റകൃത്യങ്ങള്‍ ഏറി വരുമ്പോള്‍ ആധുനിക ഉപകരണങ്ങളും പരിശീലനവും പോലീസിന് ലഭ്യമാക്കുന്നതിനുളള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. കൂടുതല്‍ സൈബര്‍ സ്റ്റേഷനുകളും ഫോറന്‍സിക് ലബോറട്ടറികളും തുറക്കാനുളള സര്‍ക്കാര്‍ നടപടികള്‍ ഇതിന്റെ ഭാഗമായുളളതാണ്. അന്വേഷണത്തില്‍ മൂന്നാം മുറ പ്രയോഗിക്കുന്നത് ഒഴിവാക്കണമെന്നും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ തെളിവെടുക്കുന്ന രീതിയാണ് പോലീസ് അനുവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേയുളള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനധികൃത പണമിടപാടു സ്ഥാപനങ്ങള്‍ക്കും അവരുടെ തണലില്‍ വളരുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുമെതിരെ കര്‍ശനമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ജോസ് കെ. മാണി എം.പി, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ക്രൈം ബ്രാഞ്ച് വിഭാഗം ഡി.ജി.പി എ. ഹേമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാര്‍, ഐ.ജി എസ്. ശ്രീജിത്ത്, ക്രൈ ബ്രാഞ്ച് എസ്. പി ജേക്കബ് ജോബ് തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ചുരുങ്ങിയ സമയത്തിനുളളില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരാറുകാരനും കേരള പോലീസ് ഹൗസിംഗ് സൊസൈററി പ്രോജക്ട് എഞ്ചിനീയര്‍മാര്‍ക്കും ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഉപഹാരങ്ങള്‍ നല്‍കി. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപം 1.10 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് കാര്യാലയം നിര്‍മ്മിച്ചിട്ടുളളത്.

Read more topics: investigation, free from stress,
English summary
investigation Should be free from stress: CM Pinarayi vijayan
topbanner

More News from this section

Subscribe by Email