കണ്ണൂർ∙ പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജയിൽ അധികൃതർക്കു ഗുരുതര വീഴ്ചയുണ്ടായെന്നു പ്രാഥമിക നിഗമനം. കൊലക്കേസ് പ്രതികളെ പുറംജോലികൾക്കു നിയോഗിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തിലുണ്ടായില്ലെന്നു ജയിൽ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. സെല്ലിനു പുറത്തു തടവുകാരെ ജോലിക്കു വിടുമ്പോൾ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകണമെന്നാണു ചട്ടം. എന്നാൽ ജോലിസ്ഥലത്തുനിന്നു സൗമ്യയെ കാണാതായ വിവരം ഉദ്യോഗസ്ഥർ അറിയുന്നതു മരക്കൊമ്പിൽ തൂങ്ങിയശേഷമാണ്.
കണ്ണൂർ വനിതാ ജയിലിൽ തടവുകാരേക്കാൾ കൂടുതൽ ജീവനക്കാരുണ്ട്. 20 തടവുകാർക്കു 23 ജീവനക്കാരാണു ജയിലുള്ളത്. എന്നിട്ടും സൗമ്യ തൂങ്ങിമരിച്ചതു ഗുരുതര പിഴവുകളിേലക്കാണു വിരൽചൂണ്ടുന്നത്. എന്നാൽ സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നതു നാലു പേർ മാത്രമായിരുന്നു. മൂന്നേക്കർ വിസ്തൃതിയിലുള്ള ജയിൽ വളപ്പിൽ സൗമ്യയുടെ അസാന്നിധ്യം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല എന്നതും ശ്രദ്ധേയം.
രാവിലെ ആറിനാണു ജോലിക്കായി തടവുകാരെ സെല്ലിൽനിന്നു പുറത്തിറക്കിയത്. 7.30നു പ്രാതൽ കഴിച്ചശേഷം വീണ്ടും ജോലിക്കിറങ്ങി. 9.30 നാണു സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. സഹതടവുകാരിയുടെ സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഇത്. റിമാൻഡ് തടവുകാർ ജയിലിനുള്ളിൽ സ്വന്തം വസ്ത്രങ്ങളാണ് ഉപയോഗിക്കുക. സഹതടവുകാരിയുടെ വസ്ത്രം എങ്ങനെയാണു സൗമ്യയുടെ കയ്യിൽ എത്തിയതെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.
ശിക്ഷിക്കപ്പെടുന്ന തടവുകാർക്കു മാത്രമാണു ജയിലിനുള്ളിൽ ജോലി നൽകുക. എന്നാൽ റിമാൻഡ് തടവുകാർ ആവശ്യപ്പെടുന്ന പക്ഷം അവർക്കും ജോലി നൽകാം. പ്രതിയുടെ മാനസികനില, ഉൾപ്പെട്ട കേസിന്റെ സ്ഥിതി എന്നിവ നോക്കിയാണ് ഇതു തീരുമാനിക്കേണ്ടത്. വനിതാ ജയിൽ സൂപ്രണ്ട് പ്രാഥമിക റിപ്പോർട്ട് ഉത്തരമേഖലാ ജയിൽ ഡിഐജി എസ്. സന്തോഷിനു നൽകി. റീജനൽ വെൽഫെയർ ഓഫിസർ കെ.വി. മുകേഷിനോടും ഡിഐജി റിപ്പോർട്ട് ആവശ്യപ്പെട്ടു. വിശദ അന്വേഷണത്തിനു ഡിഐജി അടുത്തദിവസം ജയിലിലെത്തും. ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണു സൂചന.
ജയിലിൽനിന്ന് സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറായിട്ടില്ല. ഇന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്മോർട്ടം ചെയ്യുന്ന മൃതദേഹം പൊലീസിന്റെ നേതൃത്വത്തിൽ തന്നെ സംസ്കരിക്കും.
വെള്ളിയാഴ്ച രാവിലെയാണ് കണ്ണൂരിലെ വനിതാ ജയില്‍ വളപ്പിലുള്ള കശുമാവില്‍ സൗമ്യ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചത്. സഹതടവുകാരുടെ സാരിയാണ് ഇവര്‍ ഉപയോഗിച്ചത്. ജയിലിലെ ഡയറി ഫാമിലായിരുന്നു സൗമ്യയെ ജോലിക്ക് നിയോഗിച്ചിരുന്നത്. പുല്ലു ചെത്താന്‍ പോകുന്നുവെന്ന് പറഞ്ഞ് പോയ ഇവരെ പിന്നീട് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
സംഭവത്തില്‍ ജയില്‍ ഡിജിപിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉത്തര മേഖല ജയില്‍ ഡിഐജി എസ്.സന്തോഷിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജയില്‍ ഡിജിപി ആര്.ശ്രീലേഖ ഉത്തരവിട്ടിരിക്കുന്നത്.
പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്(76), അമ്മ കമല (65), മകള്‍ ഐശ്വര്യ കിഷോര്‍(8) എന്നിവര്ക്ക്ഭക്ഷണത്തില് വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ഏപ്രില്‍ 24 നാണ് സൗമ്യയെ പൊലീസ് അറസ്റ്റുചെയ്തത്. മൂന്നു പേരുടെയും മരണകാരണവും രോഗലക്ഷണവും സമാനമായിരുന്നു. കോഴിക്കോട് റീജണല്‍ കെമിക്കല്‍ എക്സാമിനേഷന് ലാബില്‍ കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ അലൂമിനിയം ഫോസ്ഫൈഡ് ശരീരത്തില്‍ കലര്‍ന്നതായി കണ്ടെത്തിയിരുന്നു.
സംശയമുണ്ടാകാതിരിക്കാന്‍ ഓരോരുത്തരെയും ഓരോ ആശുപത്രികളിലാണ് കൊണ്ടുപോയത്. ദുരൂഹമരണത്തില്‍ സംശയം തന്റെ മേല്‍ പതിക്കാതിരിക്കാനായി ഛര്‍ദി ആണെന്ന് പറഞ്ഞ് സൗമ്യയും ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ തുടര്‍ച്ചയായ ദുരൂഹമരണം നാട്ടുകാരില്‍ സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തെളിവുകള്‍ ശേഖരിച്ച പൊലീസ് സൗമ്യയെ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു തന്നിഷ്ടപ്രകാരം ജീവിക്കാന്‍ തടസ്സമായതിനാലാണ് പ്രതി അച്ഛനമ്മമാരെയും മകളെയും വിഷം നല്കി കൊലപ്പെടുത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി. വിഷം നല്കാന് ഉപയോഗിച്ച പാത്രങ്ങളും കവര്‍ കത്തിച്ച ചാരവും പെട്ടിയും പൊലീസ് കണ്ടെടുത്തിരുന്നു. പൊലീസ് കുറ്റപത്രം നല്കിയ മൂന്നുകേസിലുമായി ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.