Saturday September 22nd, 2018 - 8:37:pm
topbanner

അടുത്ത മാര്‍ച്ചോടെ സംസ്ഥാനത്ത് 70,000 വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

NewsDesk
അടുത്ത മാര്‍ച്ചോടെ സംസ്ഥാനത്ത് 70,000 വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതിയില്‍ 70,000 വീട് മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിവിധ ഭവന നിര്‍മാണപദ്ധതികളില്‍ പല ഘട്ടങ്ങളിലായി മുടങ്ങിക്കിടക്കുന്ന വീടുകളാണിവ. 2016 മാര്‍ച്ച് 31നുമുമ്പ് ധനസഹായം ലഭിച്ച് പണി തുടങ്ങിയതാണിത്. അടിയന്തരമായി ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിന് ഒരു പൊതുമാനദണ്ഡം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാവര്‍ക്കും സുരക്ഷിത ഭവനമെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ശില്‍പ്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എഴുപതിനായിരം വീടുകളില്‍ ഇപ്പോഴത്തെ നിലവച്ച് അത്യാവശ്യ സൌകര്യങ്ങളായ അടുക്കള, കിടപ്പുമുറി, പൊതുഹാള്‍, ശുചിമുറി എന്നിവയുള്‍പ്പെടുത്തി 400 ചതുരശ്രഅടി എന്ന നിലയില്‍ പൂര്‍ത്തിയാക്കാനാകണം. നിര്‍മാണച്ചെലവായി നാലുലക്ഷം രൂപയാണ് കണക്കാക്കുക. പൂര്‍ത്തിയാക്കിയതിന്റെ ബാക്കിയുള്ള ഭാഗത്തിനുള്ള തുകയ്ക്കാണ് ഗുണഭോക്താവിന് അര്‍ഹത. സമ്പൂര്‍ണ ഭവനപദ്ധതിയില്‍ അര്‍ഹരായവര്‍ പട്ടികയ്ക്ക് പുറത്തുപോകാതിരിക്കാനും അനര്‍ഹര്‍ കടന്നുകൂടാതിരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

അര്‍ഹരായ പാവപ്പെട്ടവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അതത് പ്രദേശത്തെ തദ്ദേശസ്ഥാപന പ്രതിനിധികള്‍ അപ്പീല്‍ കൊടുക്കുന്നതിലുള്‍പ്പെടെ അവരെ സഹായിക്കണം. ഗുണഭോക്തൃപട്ടിക അന്തിമഘട്ടമാകുന്നതോടെ ഉള്‍പ്പെട്ട എല്ലാവര്‍ക്കും വീട് ലഭിക്കുന്ന സാഹചര്യമുണ്ട്. ഏറ്റവും കൂടുതല്‍ ക്‌ളേശം അനുഭവിക്കുന്നവര്‍ക്കാണ് ആദ്യ പരിഗണന. കെട്ടിടസമുച്ചയമാണ് നിര്‍മിക്കുന്നതെങ്കില്‍, നിശ്ചിത സ്ഥലത്തുതന്നെ ഒരു കുടുംബത്തിന് 400 ചതുരശ്രഅടി സ്ഥലത്ത് താമസ സൌകര്യമൊരുക്കാന്‍ ആവശ്യമായ തുക നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സമിതിയുണ്ട്. ഇതിനുപുറമെ, സിമന്റും അത്യാവശ്യസാമഗ്രികളും വില കുറച്ച് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടും. പരമ്പരാഗത നിര്‍മാണശൈലിക്ക് പുറമെ, ആധുനികമായ പ്രീഫാബ്രിക്കേഷന്‍ നിര്‍മാണ സാധ്യതയും പരിശോധിക്കും.

സുരക്ഷിതമായ വാസസ്ഥലത്തിനൊപ്പം ഉപജീവനത്തിന് ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കണം. തൊഴില്‍ നൈപുണ്യവികസന സൌകര്യവും പാവപ്പെട്ട കുട്ടികള്‍ക്ക് പഠന നിലവാരം ഉയര്‍ത്താനുള്ള താങ്ങും നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. മിക്കയിടത്തും സമുച്ചയങ്ങള്‍ക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യമായ സൌകര്യങ്ങള്‍ ചെയ്യുന്നതിനൊപ്പം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണവും തേടാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനായി.

Read more topics: home, March, CM, kerala
English summary
70,000 homes to be completed by March next: CM
topbanner

More News from this section

Subscribe by Email