Tuesday July 23rd, 2019 - 10:36:am
topbanner
topbanner

കനത്ത മഴയും ഉരുള്‍പൊട്ടലും; പാലക്കാട് ജില്ലയില്‍ വെള്ളപ്പൊക്കം

fasila
കനത്ത മഴയും ഉരുള്‍പൊട്ടലും; പാലക്കാട് ജില്ലയില്‍ വെള്ളപ്പൊക്കം

പാലക്കാട്: രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴക്കൊപ്പം ഉരുള്‍പൊട്ടലും ഉണ്ടായപ്പോള്‍ നഗരം വെള്ളത്തിനടിയിലായി. കഞ്ചിക്കോട്ട് റെയില്‍വേ ട്രാക്ക് ഒലിച്ചുപോയി. ട്രാക്കിലേക്ക് മണ്ണിടിച്ചിലുമുണ്ടായി. ബുധനാഴ്ച രാത്രിയോടെയാണ് മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ ആനക്കല്ലിനടുത്ത് കവ, പറച്ചാത്തി, എലിവാല്‍ എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടിയത്. 

ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ നാല് അടി വീതം തുറന്നു. കല്‍പ്പാത്തിപുഴയിലേക്ക് വെള്ളം കുത്തിയൊഴുകിയതോടെയാണ് വ്യാപക നാശനഷ്ടം സംഭവിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ശേഖരീപുരം, മണല്‍മന്ത, തോണിപ്പാളയം, ചാത്തപ്പുരം, ശങ്കുവാരമേട്, ഒലവക്കോട് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
ഒലവക്കോട് ജങ്ഷന്‍ വെള്ളത്തിലായി. റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള യാത്രയും തടസപ്പെട്ടു. കഞ്ചിക്കോടിനും വാളയാറിനും ഇടയിലാണ് റെയില്‍വേ ട്രാക്ക് വെള്ളം കയറി ഒഴുകിപോയത്. ബി ലൈനില്‍ 90 മീറ്ററോളം ഭാഗത്തായാണ് മണ്ണ് വന്ന് അടിഞ്ഞതും ഒഴുകിപോകലും ഉണ്ടായത്. തുടര്‍ന്ന് ട്രെയിനുകള്‍ എ ലൈനിലൂടെ മാത്രം വേഗതകുറച്ച് കടത്തിവിട്ടു. പല ട്രെയിനുകളും തിരിച്ച് വിട്ടു.

നഗരമധ്യത്തിലുള്ള ശേഖരിപുരം അംബികാപുരത്ത് പ്രളയത്തിന് സമാനമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ വീടുകളിലേക്ക് ഇരമ്പി കയറുന്ന മഴവെള്ളപാച്ചില്‍ കണ്ട് ജനങ്ങള്‍ ഞെട്ടി. ഒന്നാംനില വരെ കുതിച്ചുയര്‍ന്ന വെള്ളത്തില്‍ കുടുങ്ങിയവരെ അഗ്നിശമനസേനയും പോലീസും നാട്ടുകാരും ബോട്ടുപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ചിലയിടങ്ങളില്‍ വലിയ വട്ടപാത്രത്തില്‍ ഇരുത്തിയാണ് സ്ത്രീകളെയും കുട്ടികളെയും വെള്ളം കയറിയ വീട്ടില്‍ നിന്നും പുറത്തെത്തിച്ചത്.

ഒലവക്കോട് സുന്ദരംകോളനിയിലും അകത്തേത്തറ ആണ്ടിമഠം കോളനിയിലും നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കല്ലേക്കുളങ്ങരയില്‍ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. മലമ്പുഴ റോഡിനു കുറുകെ വെള്ളം കുത്തിയൊഴുകിയതോടെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു.മലമ്പുഴ ഉദ്യാനത്തിനകത്തും വെള്ളം കയറിയതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

മഴവെള്ളത്തിനൊപ്പം ഉരുള്‍പൊട്ടലും ഡാമിലേക്കുള്ള വെള്ളത്തിന്റെ വരവ് ശക്തമാക്കി. കഞ്ചിക്കോട് കൊട്ടാമുട്ടി മലയില്‍ ഉരുള്‍പൊട്ടിയതാണ് കഞ്ചിക്കോട് ഭാഗത്ത് വെളളപ്പൊക്കത്തിനിടയാക്കിയത്. റോഡില്‍ അഞ്ചര അടിയോളം വെള്ളം ഉയര്‍ന്നതോടെ നിരവധി വീടുകള്‍ മുങ്ങി. മലമ്പുഴ, റെയില്‍വേ കോളനി ഭാഗങ്ങളിലേക്കുള്ള ടൗണ്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

ചുള്ളിയാര്‍മടയില്‍ വീടിനുള്ളില്‍ കുടുങ്ങിയ കുട്ടികളടക്കമുളള നാലുപേരെ അഗ്നിശമനസേന വെള്ളത്തിലൂടെ നീന്തി കയര്‍കെട്ടി അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. പറളി റെയില്‍വേ ലൈനിന് മുകളില്‍ വെള്ളം കയറി. മുണ്ടൂര്‍ വേലിക്കാട് പാലത്തിന്റെ കൈവരി ഇടിഞ്ഞു. പലയിടത്തും വാഹനഗതാഗതവും തടസപ്പെട്ടു. പാലക്കാട് ജില്ലയില്‍ കനത്തമഴയെ തുടര്‍ന്ന് ഇതുവരെ 2025 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പാലക്കാട് താലൂക്കില്‍ 20 ഉം മണ്ണാര്‍ക്കാട് താലൂക്കില്‍ ഒരു ക്യാമ്പുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ ഭക്ഷണവും അവശ്യ മരുന്നും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

പാലക്കാട് താലൂക്കില്‍ അകത്തേത്തറ വില്ലേജില്‍ പാഞ്ചാലിയമ്മന്‍ കല്യാണമണ്ഡപം, ഹേമാംബിക സപ്തഹ മണ്ഡപം, മായാ ഓഡിറ്റോറിയം, പാലക്കാട് 2 വില്ലേജിലെ ഗായത്രി മണ്ഡപം, ശേഖരിപുരം ഗ്രാമജന സമൂഹ മണ്ഡപം, പേച്ചിയമാള്‍ കോവില്‍ മണ്ഡപം, അയ്യപുരം, കുമാരപുരം, എല്‍.എന്‍ പുരം, പാലക്കാട് 1 വില്ലേജിലെ കള്ളിക്കാട് ജി.എല്‍.പി.എസ്, ഒലവക്കോട് ഗാലറി മണ്ഡപം, ജൈനിമേട് ജി.എല്‍.പി.എസ്, ഒലവക്കോട് സൗത്ത് എല്‍.പി സ്‌കൂള്‍, പിരായിരി വില്ലേജിലെ എം.ഐ ഹാള്‍, പറളി 2 വില്ലേജില്‍ പറളി പള്ളി സ്‌കൂള്‍, മലമ്പുഴ 1 വില്ലേജിലെ കടുക്കാംക്കുന്ന് ജി.എല്‍.പി.എസ്, പുതുപരിയാരം 2 വില്ലേജിലെ എം.എം.യു.പി സ്‌കൂള്‍, കാവില്‍പ്പാട് ജി.എല്‍.പി.എസ്, കമ്മ്യൂണിറ്റി ഹാള്‍, യാക്കര വില്ലേജിലെ ബിഗ് ബസാര്‍ സ്‌കൂള്‍, മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ 2 വില്ലേജിലെ മലയിടിഞ്ഞി ചളവ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ്.

Read more topics: palakkad, heavy rain, flood
English summary
heavy rain and frost; flood in palakkad district
topbanner

More News from this section

Subscribe by Email