തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ എൻ ജി സി ). ഭക്ഷ്യവസ്തുക്കളും മരുന്നുകളും ബെഡ് ഷീറ്റുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുമായി ഒ എൻ ജി സി യുടെ മൂന്നു ഹെലികോപ്റ്ററുകളാണ് കേരളത്തിലെത്തിയത്. രണ്ടെണ്ണം മുംബൈയിൽ നിന്നും ഒരെണ്ണം കാക്കനാടിൽ നിന്നുമാണ് വന്നത്. ഇതോടൊപ്പം വന്ന കമ്പനിയുടെ നാല് ഡോക്ടർമാരും ദുരിതമേഖലയിൽ സേവനം അനുഷ്ഠിച്ചു.
അവശ്യവസ്തുക്കളുമായി എത്തിയ ഹെലികോപ്റ്ററുകൾ പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയുമായി സഹകരിച്ച് രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. കേരളീയർ നാളിതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തമാണ് ഉണ്ടായതെന്നും ദുരിതമനുഭവിക്കുന്ന മുഴുവൻ മനുഷ്യരുടെയും ആശങ്കകൾ തങ്ങൾ പങ്കുവെക്കുന്നതായും കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ശശിശങ്കർ പറഞ്ഞു.
രാജ്യത്തെ പ്രമുഖ പൊതുമേഖലാ കമ്പനി എന്ന നിലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സാധ്യമായ മുഴുവൻ സഹായവും നൽകേണ്ടത് പ്രാഥമികമായ ഉത്തരവാദിത്തമായി തന്നെ ഞങ്ങൾ കരുതുന്നു," അദ്ദേഹം പറഞ്ഞു . കേരളത്തിലെ ജനങ്ങൾ നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ ആവശ്യമായ മുഴുവൻ തുടർ സഹായവും പിന്തുണയും ഒ എൻ ജി സി ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.