Wednesday July 24th, 2019 - 2:26:pm
topbanner
topbanner

കണ്ണൂരിന്റെ ‘സൈന്യം’ പറയുന്നു; രക്ഷപ്പെടുത്തിയവരുടെ മുഖത്തെ സന്തോഷമാണ് ഏറ്റവും വലിയ അംഗീകാരം

bincy
കണ്ണൂരിന്റെ ‘സൈന്യം’ പറയുന്നു; രക്ഷപ്പെടുത്തിയവരുടെ മുഖത്തെ  സന്തോഷമാണ് ഏറ്റവും വലിയ അംഗീകാരം

കണ്ണൂർ : ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയത് 118 മൽസ്യത്തൊഴിലാളികൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വീടുകൾക്കു മുകളിൽ നിന്ന് ഞങ്ങൾ രക്ഷപ്പെടുത്തിയ വൃദ്ധരും സ്ത്രീകളും കുട്ടികളുമുൾക്കൊള്ളുന്ന നൂറുകണക്കിനാളുകളുടെ മുഖത്ത് നിറഞ്ഞ സന്തോഷമാണ് ഏറ്റവും വലിയ അവാർഡെന്ന് ആയിക്കരയിൽ നിന്ന് പോയി ചാലക്കുടിയിൽ രക്ഷാ പ്രവർത്തനം നടത്തിയ മൽസ്യത്തൊഴിലാളികൾ.

ഞങ്ങളെ രക്ഷിക്കണേ എന്ന ആളുകളുടെ നിലവിളി ടിവിയിൽ കേട്ടാണ് കഴിഞ്ഞ വ്യാഴാഴ്ച പാതിരാത്രിക്കു ശേഷം തങ്ങൾ തൃശൂരിലേക്ക് പുറപ്പെട്ടതെന്ന് തയ്യിൽ സ്വദേശിയായ എസ് ബിജോയ് പറഞ്ഞു. ഫിഷറീസ് വകുപ്പ് അധികൃതരുടെ പെട്ടെന്നുള്ള നിർദേശ പ്രകാരമാണ് നാല് ഫൈബർ വള്ളങ്ങളും നാല് എഞ്ചിനുകളും ഏതാനും ലൈഫ് ജാക്കറ്റുകളുമായി ഞങ്ങൾ യാത്ര തിരിച്ചത്.

എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്താനുള്ള ധൃതിയായിരുന്നു സംഘത്തിലെ ഒാരോരുത്തരുടെയും മനസ്സിൽ. ഗതാഗതക്കുരുക്കും മറ്റ് തടസ്സങ്ങളും കാരണം ചാലക്കുടിയിലെത്തുമ്പോൾ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു. ഉച്ചയൂണ് പോലും കഴിക്കാതെയാണ് തങ്ങൾ വള്ളങ്ങളുമായി വെള്ളത്തിലിറങ്ങിയതെന്ന് സംഘത്തിലുണ്ടായിരുന്ന സോണി ഫെർണാണ്ടസ് പറഞ്ഞു.

സൈന്യം പോലും അറച്ചുനിന്നിടത്ത് ഞങ്ങൾ പോയി

പുഴയോട് ചേർന്നുകിടക്കുന്ന കുത്തൊഴുക്കുള്ള പ്രദേശത്തായിരുന്നു രക്ഷാ പ്രവർത്തനം. നാവിക സേന പോലും പോവാൻ മടിച്ച സ്ഥലത്തേക്കാണ് പോവേണ്ടതെന്നും ധൈര്യമുണ്ടെങ്കിൽ മാത്രം ഇറങ്ങിയാൽ മതിയെന്നും വഴികാട്ടാൻ വന്ന പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സഹായത്തിനായുള്ള നിലവിളിയായിരുന്നു ഞങ്ങളുടെ കാതുകളിൽ. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് അകപ്പെട്ടവരുടെ അവസ്ഥ നന്നായി അറിയുന്നവരാണ് ഞങ്ങൾ. അതിനാൽ വരുന്നേടത്തുവച്ചു കാണാമെന്ന് കരുതി ഞങ്ങൾ ഇറങ്ങുകയായിരുന്നു.

ശക്തമായ ഒഴുക്കിൽ ഒരു എഞ്ചിൻ മാത്രമുള്ള വള്ളം മതിയാവില്ലെന്ന് കണ്ടതിനാൽ ആകെയുണ്ടായിരുന്ന നാല് എഞ്ചിനുകൾ രണ്ടെണ്ണത്തിൽ ഘടിപ്പിച്ചായിരുന്നു രക്ഷാ പ്രവർത്തനം. രണ്ടോ അധിലധികമോ ദിവസമായി കെട്ടിടങ്ങളുടെ ടെറസിൽ അഭയം തേടിയവരായിരുന്നു ആളുകളിലേറെയും. ഒന്നാംനില മുഴുവൻ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സ്ഥിതിയായിരുന്നു പലയിടങ്ങളിലും. രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ആളുകൾ വള്ളത്തിൽ കയറുമ്പോൾ അത് മറിയാതിരിക്കാൻ ഏറെ കഷ്ടപ്പെടേണ്ടിവന്നു.flood-kannur-army-happiness

വള്ളം ഒാടിച്ചത്് വാഹനങ്ങൾക്കു മുകളിലൂടെ

റോഡുകളിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കും മതിലുകൾക്കും മുകളിലൂടെയായിരുന്നു പലയിടങ്ങളിലും വള്ളങ്ങളോടിച്ചു പോയത്. കെ.എസ്.ആർ.ടി.സി ബസ്സ് പൂർണമായും മുങ്ങിക്കിടക്കുകയായിരുന്നു. മുളകൊണ്ട് കുത്തി ആഴം നോക്കിയ ശേഷമാണ് വള്ളമോടിച്ചത്. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ എഞ്ചിൻ കേടുവരാതിരിക്കാൻ അത് ഒാഫ് ചെയ്ത് രണ്ടുപേർ വെള്ളത്തിലിറങ്ങി വള്ളം വലിക്കുകയായിരുന്നു.

രണ്ടുദിവസത്തിനു ശേഷം വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് ഇത്രയും അപകടകരമായ സ്ഥലങ്ങളിലൂടെയായിരുന്നു തങ്ങൾ വള്ളം ഒാടിച്ചതെന്ന് മനസ്സിലായത്. പല കെട്ടിടങ്ങളുടെയും ഭിത്തികൾ തകർന്നിരുന്നു. ആളുകൾ ടെറസിൻമേൽ സുരക്ഷിതരാണെന്ന് കരുതിയിരുന്നുവെങ്കിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ പലയിടങ്ങളിലും അവ അപകടാവസ്ഥയിലായിരുന്നുവെന്ന് അപ്പോഴാണ് ബോധ്യമായതെന്നും അവർ പറഞ്ഞു.

അതേസമയം, ദുരന്തത്തിനിടയിലും മനസ്സിനെ വേദനിപ്പിച്ച ചില അനുഭവങ്ങളും തങ്ങൾക്കുണ്ടായതായി മൽസ്യത്തൊഴിലാളികൾ പറഞ്ഞു. വി.എെ.പി ഏരിയകളിലെ ബഹുനില കെട്ടിടത്തിന്റെ മുകളിൽ കുടുങ്ങിയ ചിലർ വള്ളത്തിൽ കയറാൻ ഒരുക്കമായിരുന്നില്ല. ഹെലികോപ്റ്റർ വന്നാലേ പോകൂ എന്നായിരുന്നു ചിലരുടെ നിലപാട്. പകൽ സമയങ്ങളിൽ ആളുകളെ രക്ഷപ്പെടുത്തലും രാത്രി ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഭക്ഷണമെത്തിക്കുകയുമായിരുന്നു ഇവരുടെ ജോലി.

ഞായറാഴ്ചയോടെ ചാലക്കുടിയിൽ വെള്ളം ഏറെക്കുറെ ഇറങ്ങിക്കഴിഞ്ഞിരുന്നതിനാൽ പിന്നെ തങ്ങളുടെ സേവനം ആവശ്യമുണ്ടായിരുന്നില്ലെന്നും ഇവർ പറഞ്ഞു. കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ രക്ഷാ പ്രവർത്തനങ്ങൾ നടന്നത്. തങ്ങൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും തൃശൂരിൽ ലഭിച്ചതായും സംഘം പറഞ്ഞു .

ഇത്തരം ദുരന്തങ്ങൾ ഇനിയും ഉണ്ടാവരുതേ എന്നാണ് ഞങ്ങളുടെ പ്രാർഥന. എന്നാൽ എവിടെ വേണമെങ്കിലും രക്ഷാ പ്രവർത്തനത്തിനായി പോവാൻ എപ്പോഴും റെഡിയാണെന്നും ഇവർ പറയുന്നു. രക്ഷാ പ്രവർത്തനങ്ങൾക്കൊപ്പം പ്രളയബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സമാഹരിച്ചതായും പരമ്പരാഗത ചെറുതോണി മൽസ്യത്തൊഴിലാളി സംരക്ഷണ സമിതി സെക്രട്ടരി കൂടിയായ ബിജോയ് പറഞ്ഞു. വി പി പ്രജിത്ത്, ടി ഉഷാജി, സി പി നജീബ്, സി മദനൻ, എൻ സലീം, കെ കെ മജീദ്, എം ദിനേശൻ എന്നിവരും ആയിക്കര സംഘത്തിലുണ്ടായിരുന്നു. ജില്ലയിൽ നിന്ന് ആയിക്കര കൂടാതെ മുഴപ്പിലങ്ങാട്, അഴീക്കൽ, ന്യൂമാഹി, തലായി, ഗോപാൽപേട്ട എന്നിവിടങ്ങളിൽ നിന്നായി 118 മൽസ്യത്തൊഴിലാളികളാണ് ഫിഷറീസ് വകുപ്പിന്റെയും തീരദേശ പോലിസിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.

Read more topics: flood, kannur,army, happiness
English summary
Army' says Kannur The happiness of the Savior's face is the biggest recognition
topbanner

More News from this section

Subscribe by Email