Thursday October 18th, 2018 - 5:16:pm
topbanner
Breaking News

പ്രളയം: കേരളത്തിന് പരമാവധി സഹായം നൽകുമെന്ന് കേന്ദ്രസംഘം

princy
പ്രളയം: കേരളത്തിന് പരമാവധി സഹായം നൽകുമെന്ന് കേന്ദ്രസംഘം

തൃശ്ശൂർ: പ്രളയത്തിൽ തകർന്ന കേരളത്തിന് പരമാവധി സഹായം നൽകുമെന്ന് പ്രളയക്കെടുതി വിലയിരുത്താനായി ജില്ലയിലെത്തിയ ഇന്റർ മിനിസ്റ്റീരിയൽ കേന്ദ്രസംഘം. നൂറു വർഷത്തിനിടെ കേരളം നേരിട്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്. നൽകാവുന്നതിൽ ഏറ്റവും മികച്ച സഹായം കേന്ദ്രം കേരളത്തിനു നൽകും. കേന്ദ്രസർക്കാർ കേരളത്തിനൊപ്പമാണെന്നും മികച്ച പ്രവർത്തനമാണ് സംസ്ഥാന സർക്കാരും തൃശൂർ ജില്ലാ ഭരണകൂടവും നടത്തിയതെന്നും കേന്ദ്രസംഘാംഗങ്ങളായ നീതി ആയോഗ് അഡൈ്വസർ ഡോ. യോഗേഷ് ഷൂരി, അഭിലാഷ് മിശ്ര, കുടിവെള്ള വിതരണ-സാനിറ്റേഷൻ മന്ത്രാലയം അഡീഷണൽ അഡൈ്വസർ ഡോ. ദിനേഷ്ചന്ദ്, റോഡ് ഗതാഗതം-ഹൈവേ തിരുവനന്തപുരം റീജിയണൽ ഒാഫീസർ വി.വി. ശാസ്ത്രി എന്നിവർ അഭിപ്രായപ്പെട്ടു.

പ്രളയത്തെ തുടർന്ന് ജില്ലയിൽ 2014 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ പ്രളയക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തോട് വിശദീകരിച്ചു. കൃഷി വകുപ്പിന് 160.036 കോടി രുപയുടേയും പൊതുമരാമത്ത് റോഡ് -ഗതാഗത വകുപ്പിനു കീഴിൽ 352.72 കോടി രൂപയുടേയും ഉൗർജമേഖലയിൽ 82 കോടിയുടേയും തൊഴിൽനഷ്ട ഇനത്തിൽ 400 കോടി രൂപയുടേയും നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ജില്ലാകളക്ടർ കേന്ദ്രസംഘാംഗങ്ങളെ ചാലക്കുടിയിൽ നടന്ന അവലോകന യോഗത്തിൽ അറിയിച്ചു. തുടർന്ന് ചാലക്കുടി നഗരസഭയിലെ വി.ആർ.പുരത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഘം ആദ്യം സന്ദർശനം നടത്തിയത്. ക്യാമ്പിലെ 14 കുടുംബങ്ങളിലെ 44 അംഗങ്ങളുമായി സംഘം ആശയവിനിമയം നടത്തി. ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു.

ബി.ഡി.ദേവസി എം.എൽ.എ. ആശുപത്രിയിലുണ്ടായ നാശനഷ്ടത്തെക്കുറിച്ച് സംഘത്തോട് വിശദീകരിച്ചു. തുടർന്ന് കാടുകുറ്റി പഞ്ചായത്തിലെ ജാതികൃഷി നാശവും വൈന്തല വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയും പ്രളയത്തിൽ തകർന്ന വൈന്തല തൈക്കൂട്ടം തുക്കുപ്പാലവും കേന്ദ്രസംഘം സന്ദർശിച്ചു. മാള പഞ്ചായത്തിൽ തകർന്ന കോട്ടമുറി-കൊടുവത്ത്കുന്ന് പാലം, സമീപത്തെ പൂർണമായും ഭാഗികമായും തകർന്ന വീടുകളും സന്ദർശിച്ച് നിലവിലുള്ള സാഹചര്യം വീട്ടുകാരോട് ചോദിച്ചറിയുകയും ചെയ്തു. കരുവന്നൂർ പുഴ ഗതിമാറിയൊഴുകി തകർന്ന ആറാട്ടുപുഴ വില്ലേജിലെ ആറാട്ടുപുഴ റോഡ്, പല്ലിശ്ശേരി ചിറ അംബേദ്ക്കർ ദുരിതാശ്വാസ ക്യാമ്പ്, പണ്ടാരച്ചിറ കോളനി എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി.

ഉച്ചക്കുശേഷം വെട്ടുകാട് പുത്തൻകാട് പ്രദേശത്ത് മലയിടിഞ്ഞ ഭാഗങ്ങളും തകർന്ന വീടുകളും മണ്ണുവിണ്ടു കീറിയ പ്രദേശങ്ങളിലും സംഘം സന്ദർശനം നടത്തി പ്രദേശ വാസികളിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൈനൂർ കോക്കാത്ത് പ്രദേശത്തെ കുന്നിടിച്ചിലിൽ തകർന്ന പ്രദേശങ്ങളും സംഘം സന്ദർശിച്ചു. ഉരുൾപ്പൊട്ടലിൽ 19 ആളുകൾ മരിക്കുകയും വൻ നാശനഷ്ടം ഉണ്ടാവുകയും ചെയ്ത കുറാഞ്ചേരിയിലും കേന്ദ്രസംഘം എത്തി വിലയിരുത്തൽ നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ്, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്, നഗരസഭ വൈസ്ചെയർമാൻ അനൂപ് കിഷോർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ കേന്ദ്രസംഘത്തോട് അപകടവും നാശനഷ്ടവും വിശദീകരിച്ചു. ചീരക്കുഴി ഡാമിന്റെ തകർന്ന ഭാഗങ്ങളിലും സന്ദർശനം നടത്തിയാണ് സംഘം മടങ്ങിയത്. ജില്ലാകളക്ടർ ടി.വി. അനുപമ, ഡെപ്യൂട്ടി കളക്ടർ എം.ബി. ഗിരീഷ്, ഡിസാസ്റ്റർ മാനേജ്മെൻറ് ഡെപ്യൂട്ടി കളക്ടർ ബാബു സേവ്യർ ഉൾപ്പടെ വിവിധ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.

Read more topics: flood, kerala, thrissur, central team
English summary
Flood: Central team will give Kerala maximum help
topbanner

More News from this section

Subscribe by Email