Monday March 18th, 2019 - 11:28:pm
topbanner
topbanner

നവകേരള സൃഷ്ടിക്കായി സഹായ പ്രവാഹം: ധനസമാഹരണ യജ്ഞത്തിന് മികച്ച പ്രതികരണം

bincy
നവകേരള സൃഷ്ടിക്കായി സഹായ പ്രവാഹം: ധനസമാഹരണ യജ്ഞത്തിന് മികച്ച പ്രതികരണം

തിരുവനന്തപുരം : പ്രളയം തകർത്ത കേരളത്തെ പുനസൃഷ്ടിക്കാനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണം. വിദ്യാർത്ഥികൾ കുടുക്കയിലെ പണവുമായെത്തി സ്നേഹത്തിന്റെ പ്രതിനിധികളാവുമ്പോൾ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വീടു വയ്ക്കുന്നതിന് സ്ഥലം ദാനം ചെയ്ത് കരുണ കാട്ടിയതും നിരവധി പേർ. വിവിധ സംഘടനകൾ, വ്യക്തികൾ, കച്ചവടക്കാർ, സ്ഥാപനങ്ങൾ എന്നിവരെല്ലാം കേരള പുനസൃഷ്ടിക്കായി കൈകോർക്കുന്ന കാഴ്ചയാണ്. 

മൂവാറ്റുപുഴ താലൂക്കിൽ മുൻ സൈനികനായ ജിമ്മി ജോർജ് വീടു വയ്ക്കാനായി വാങ്ങിയ 16.5 സെന്റ്, ഒറ്റപ്പാലത്ത് ഒരേക്കർ പത്ത് സെന്റ് നൽകി അബ്ദുൾ ഹാജി, ആകെയുള്ള പത്ത് സെന്റിൽ അഞ്ചും നൽകി പാലക്കാട് സ്വദേശി ശ്രീധരൻ നമ്പൂതിരിപ്പാടും ഭാര്യ മിനിയും പത്ത് സെന്റ് നൽകി കൊല്ലം പവിത്രേശ്വരം പി. ഗോപാലകൃഷ്ണപിള്ളയും രാധാകൃഷ്ണപിള്ളയും അഞ്ച് സെന്റ് ഭൂമി നൽകി സുൽത്താൻ ബത്തേരി സ്വദേശി കെ. ജെ. ദേവസ്യ, 19.5 സെന്റ് സ്ഥലം നൽകി അമ്പലവയലിലെ കർഷകനായ എം. പി. വിൽസൺ, 60 സെന്റ് നൽകിയ കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ 3 യൂണിറ്റ് മേധാവി കൊച്ചുമറ്റത്തിൽ ഡോ. എം. സി. ടോമിച്ചൻ തുടങ്ങി ഭൂമി ദാനം ചെയ്തത് നിരവധി പേരാണ്.

കേരളത്തിന് സഹായവുമായി സ്വന്തം മോഹങ്ങൾ മാറ്റി വച്ച് കുഞ്ഞു കുടുക്കകളുമായി കുഞ്ഞുങ്ങളുമെത്തി. ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ധനസമാഹരണ യജ്ഞത്തിൽ കുടുക്കകളുമായി മിക്കവരും നേരിട്ടെത്തി. ചിലർ വിഷുകൈനീട്ടം നൽകി, മറ്റു ചിലർ വയലിനും സൈക്കിളും പട്ടിക്കുട്ടിയെയുമൊക്കെ വാങ്ങാനായി കുടുക്കയിൽ സ്വരൂപിച്ച പണം നൽകി. ഇരുകൈകളുമില്ലാത്ത പാലക്കാട് സ്വദേശിയായ പ്രണവ് കാലുകൾ കൊണ്ടു വരച്ച ചിത്രങ്ങൾ വിറ്റു കിട്ടിയ 5000 രൂപയാണ് നൽകിയത്.

മലപ്പുറം മണ്ണഴി എ. യു. പി സ്‌കൂളിലെ സ്നേഹ കൃഷ്ണ ലംപ്സം ഗ്രാന്റായി ലഭിച്ച 2650 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മലപ്പുറം കോട്ടപ്പുറം സ്‌കൂളിലെ വിദ്യാർത്ഥികൾ 15 ചാക്ക് അരിയാണ് നൽകിയത്. പുളിക്കൽ വലിയപറമ്പ് ബ്ളോസം സെക്കണ്ടറി സ്‌കൂളിലെ 30 കുട്ടികൾ മലപ്പുറം ജില്ലാ കളക്ടറെ തങ്ങളുടെ കുടുക്ക ഏൽപ്പിച്ചു. കരിപ്പൂർ ജി. എൽ. പി സ്‌കൂളിലെ മൂന്നാം ക്ളാസിലെ ഇരട്ടകളായ നവ്ജ്യോതും നവ്ജിതും സ്‌കോളർഷിപ്പ് തുകയായ 5000 രൂപയാണ് നൽകിയത്. കാൻസർ രോഗിയായ പൂക്കോട്ടുംപാടം ജി.എച്ച്.എസ്. സ്‌കൂളിലെ എം.കെ. ദേവിക തനിക്കു കിട്ടിയ പെൻഷൻ തുകയായ 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.

ആദ്യ കുർബാനയുടെ സമയത്ത് ബന്ധുക്കൾ നൽകിയ സ്നേഹ സമ്മാനമായ 10000 രൂപയുമായാണ് പൂക്കോട്ടുമണ്ണ കാർമ്മൽഗിരി ഇംഗ്ലീഷ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ലോയിഡ് ധനസമാഹരണ വേദിയിലെത്തിയത്.
സ്പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളും തങ്ങളാൽ കഴിയുന്ന തുക നൽകി കേരള പുനർനിർമാണത്തിന്റെ ഭാഗമായി. പത്തനംതിട്ട വയലാ വടക്ക് സ്‌കൂൾ ഓണാഘോഷത്തിനായി സമാഹരിച്ച തുകയാണ് നൽകിയത്.

ആലപ്പുഴ കല്ലുമൂട് ഏഞ്ചൽസ് ആർക്കിലെ വിദ്യാർഥിയായ ഗായത്രി ധനസമാഹരണ ചടങ്ങിനിടെ കഴുത്തിൽ കിടന്ന സ്വർണമാല ഊരി നൽകി. നെഹ്രു ട്രോഫി മത്സരത്തിന്റെ ഭാഗമായി നടത്തിയ വഞ്ചിപ്പാട്ട് മത്സരത്തിൽ തനിക്ക് ലഭിച്ച ഒന്നാം സമ്മാനത്തുകയാണ് അലീന സന്തോഷ് എന്ന വിദ്യാർത്ഥി നൽകിയത്. ടാബ് വാങ്ങാനായി സ്വരുക്കൂട്ടിയ പണമാണ് ഉമർ അബ്ദുള്ള കൈമാറിയത്. കൈകാലുകൾ പൂർണമായും ചലിപ്പിക്കാനാവാതെ കുഞ്ഞു ശരീരവുമായി കഴിയുന്ന തൃശൂർ സ്വദേശി അരുൺ ക്രിസ്റ്റോ തനിക്കു കലാപ്രകടനങ്ങളിൽ നിന്നും ലഭിച്ച സമ്മാന തുകയായ 4500 രൂപ പ്രളയബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി.

സർവതും പ്രളയത്തിൽ നഷ്ടപ്പെട്ട നിരവധി പേരാണ് നവ കേരള സൃഷ്ടിക്കായി കൈകോർത്തത്. പ്രളയത്തിൽ തകർന്ന ആലപ്പുഴ ചെറുതന പഞ്ചായത്ത് 6.05 ലക്ഷം രൂപയാണ് സമാഹരിച്ച് നൽകിയത്. പ്രളയത്തിൽ വീടുൾപ്പടെ നശിച്ച പള്ളിപ്പാട് സ്വദേശി പ്രിയ അഞ്ഞൂറു രൂപയുമായാണ് ധനസമാഹരണ വേദിയിലെത്തിയത്. കണ്ണൂർ ആനക്കുഴി ആദിവാസി കോളനി നിവാസികൾ ഓണാഘോഷത്തിനായി സമാഹരിച്ച 20,000 രൂപ നൽകി. സ്ഥലം വിറ്റുകിട്ടിയതിൽ നിന്ന് 50,000 രൂപയാണ് കണ്ണൂർ ആലക്കോട് നരിയമ്പാറ അമ്മിണി നൽകിയത്.

ഗൃഹപ്രവേശന ചടങ്ങിൽ ലഭിച്ച പത്തു ലക്ഷം രൂപയാണ് കൊല്ലം ഓച്ചിറ സ്വദേശി എൻ. എ. സലാം നൽകിയത്. ക്ഷേമപെൻഷനുകളും ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാരാളം പേർ നൽകുന്നുണ്ട്. ലോട്ടറി വിൽപനക്കാർ, തട്ടുകടക്കാർ തുടങ്ങി തുച്ഛ വരുമാനക്കാരും കേരളത്തിനായി കൈകോർക്കുകയാണ്. അംഗപരിമിതർ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഈ ഉദ്യമത്തിൽ പങ്കാളികളാവുന്നു.

Viral News

Read more topics: flood, Best, response, fundraising
English summary
New Kerala was created Help flow: Best response to fundraising
topbanner

More News from this section

Subscribe by Email