Sunday July 21st, 2019 - 8:03:am
topbanner
topbanner

'ഞാന്‍ പോയാല്‍ ഒരാളല്ലേ, രക്ഷിക്കാനായാല്‍ എത്ര ജീവനാ സാറേ..' മനസ്സ് തുറന്നൊരു മത്സ്യത്തൊഴിലാളി

fasila
'ഞാന്‍ പോയാല്‍ ഒരാളല്ലേ, രക്ഷിക്കാനായാല്‍ എത്ര ജീവനാ സാറേ..' മനസ്സ് തുറന്നൊരു മത്സ്യത്തൊഴിലാളി

തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിൽ കേരളം മുങ്ങിത്താഴ്ന്നപ്പോള്‍ തങ്ങളുടെ ജീവന്‍പോലും കാര്യമാക്കാതെയാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ രക്ഷാധൗത്യത്തിലേര്‍പ്പെട്ടത്. ഇവരെ ഇപ്പോള്‍ കേരളജനത ഒന്നടങ്കം നന്ദിയോടെ സ്മരിക്കുകയാണ്. നിരവധി ആളുകളെയാണ് ഇവര്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കേരളത്തിന്റെ യഥാര്‍ത്ഥ ഹീറോസ് ആയി മാറിയ മത്സ്യതൊഴിലാളികളെ അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും വാതോരാതെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്.

അന്നം തരുന്ന ബോട്ടുമായി മരണമുഖത്ത് നില്‍ക്കുന്നവരെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നിരവധി മത്സ്യതൊഴിലാളികളുടെ കൂട്ടത്തിലുള്ളയാളാണ് വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിയും. എന്നാല്‍, ഫ്രെഡിയുടെ ഒരുവാക്ക് മാത്രം മതി ലോകത്ത് മനുഷ്യത്വം ഇനിയും വറ്റിയിട്ടില്ലെന്ന് മനസിലാക്കാന്‍. "ഞാന്‍ പോയാല്‍ ഒരാളല്ലേ. രക്ഷിക്കാനായാല്‍ എത്ര ജീവനാ സാറേ." വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിക്ക് ജില്ലാകളക്ടറോട് ഇതു പറയുമ്പോള്‍ തെല്ലും ആശങ്കയില്ലായിരുന്നു. മുന്നിലുണ്ടായിരുന്നത് മഹാപ്രളയത്തിന് മുമ്പില്‍ നിസ്സഹായരായി ജീവന്‍ അപകടത്തിലിരിക്കുന്നവരുടെ മുഖം മാത്രം.

പ്രളയ വാര്‍ത്ത അറിഞ്ഞയുടന്‍ മറ്റൊന്നും ആലോചിക്കാതെ ദുരന്തമുഖത്തേക്ക് കുതിക്കുകയായിരുന്നു. ബന്ധുക്കളായ പഴനിയടിമ, ജില്ലര്‍ എന്നിവരും ഫ്രെഡ്ഡിയോടൊപ്പം ദുരന്തമുഖത്തേക്ക് കുതിച്ചു. വെള്ളത്തില്‍ മുങ്ങിയ വീടിന് മുകളില്‍ നിന്നും ഉയര്‍ന്ന പ്രാണനുവേണ്ടി നിലവിളിക്കുന്നവരെ ഒന്നൊന്നായി ഇവര്‍ ജീവിതത്തിന്റെ കരയില്‍ എത്തിച്ചു. വള്ളത്തിലെ വടം ഉപയോഗിച്ചാണ് പലരെയും ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും താഴെ എത്തിച്ചത്. പ്രായമായവരെയാണ് ഇത്തരത്തില്‍ താഴെയിറക്കാന്‍ പ്രയാസപ്പെട്ടത്.

ചിലര്‍ വീട് വിട്ട് വരുവാന്‍ കൂട്ടാക്കുന്നില്ല. അവര്‍ക്ക് ഭക്ഷണം മാത്രം മതി. തങ്ങള്‍ക്ക് കഴിക്കാനായി കരുതിയിരുന്ന ബിസ്‌ക്കറ്റും പഴവും വെള്ളവും ഇവര്‍ക്ക് കൊടുത്തിട്ട് രക്ഷാ പ്രവര്‍ത്തനത്തിലേക്ക് വീണ്ടും പോകും. മണിക്കൂറുകള്‍ നീളുന്ന പ്രയത്‌നത്തിനിടയ്ക്ക് പലപ്പോഴും ക്ഷീണിച്ച് ഇരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴാവും ദൂരെ നിന്നും നിലവിളി കേള്‍ക്കുന്നത്. പിന്നെ ഒന്നും ആലോചിക്കില്ല ക്ഷീണം മറന്ന് അവിടേക്ക്. വെളിച്ചക്കുറവു മൂലം രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പലപ്പോഴും തടസ്സം നേരിട്ടെന്നും ഫ്രെഡ്ഡി പറയുന്നു.

തിരുവനന്തപുരത്തു നിന്നും തങ്ങളുടെ ബോട്ടും മറ്റും ലോറിയില്‍ ദുരന്ത സ്ഥലത്തേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ലോറികള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. മാത്രവുമല്ല പത്തനംതിട്ടയില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശ പ്രകാരമുള്ള ക്രമീകരണങ്ങളും ആളുകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിച്ചുവെന്നും ഫ്രെഡ്ഡി പറഞ്ഞു. ബോട്ടില്‍ സ്ഥലത്തെക്കുറിച്ച് അറിയാവുന്ന ഒരാളെ കയറ്റി വിടുന്നതും കൂടുതല്‍ ആളുകള്‍ ഉള്ള സ്ഥലം കണ്ടെത്തി തന്നതും രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാക്കാന്‍ ഉപകാരമായി. വീട്ടില്‍ നിന്നും കുടുംബക്കാര്‍ വിളിക്കുന്നുണ്ടെങ്കിലും ഇതൊന്നും തത്ക്കാലം ശ്രദ്ധിക്കാന്‍ സമയമില്ലെന്നും ദുരിതത്തിലായ നമ്മുടെ സഹോദരങ്ങളുടെ രക്ഷയാണ് പ്രധാനമെന്നും ഫ്രെഡ്ഡി പറയുന്നു.

Read more topics: fisherman, says, flood victims
English summary
fisherman says about saving the flood victims
topbanner

More News from this section

Subscribe by Email