Tuesday May 22nd, 2018 - 9:05:pm
topbanner

വിലക്കയറ്റത്തിന്റെ നാട്ടിൽ മീനിനും രക്ഷയില്ല: ഊണിന് കൂട്ടാൻ കറിയില്ലാതെ മലയാളി

suvitha
വിലക്കയറ്റത്തിന്റെ നാട്ടിൽ മീനിനും രക്ഷയില്ല: ഊണിന് കൂട്ടാൻ കറിയില്ലാതെ മലയാളി

ആലപ്പുഴ: കാത്തിരുന്ന ചാകര ഇനിയുമെത്തിയില്ല. തീരദേശത്ത് വറുതി. ആലപ്പുഴ ജില്ലയിലാകെ മീൻക്ഷാമം രൂക്ഷമായി. ജി.എസ്.ടിയിൽ തട്ടി ചിക്കൻവില മേലോട്ട്, കേന്ദ്രനിയമത്തിന്റെ മറപിടിച്ച് 300ലേക്ക് ഉയർന്ന ബീഫ് വില ഇനിയും താഴ്ന്നില്ല. മഴയുടെ പേരിൽ പച്ചക്കറി വിലയാകട്ടെ, റോക്കറ്റിലേറി കുതിക്കുന്നു. ഇതിനിടയിൽ സാധാരണക്കാരന് ചോറുണ്ണാൻ കൂട്ടിനെത്തുന്ന മീനും കിട്ടാനില്ല. ഉള്ളവയാകട്ടെ, തൊട്ടാൽ പൊള്ളുമെന്ന സ്ഥിതിയാണ്. ട്രോളിംഗ്‌ നിരോധനം വരുമ്പോഴാണ്‌ സാധാരണയായി തീരപ്രദേശങ്ങളിൽ മീൻ സുലഭമായി ലഭിച്ചിരുന്നത്‌. പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക്‌ കൂടുതൽ വില ലഭിക്കുന്നതും ഈ സമയത്താണ്‌.

കൂടുതലും നെയ്ചാളകൾ എന്നറിയപ്പെട്ടിരുന്ന മുട്ടച്ചാളകളാണ്‌ ലഭിക്കുന്നതിൽ ഏറെയും. എന്നാൽ, ഇത്തവണ കടൽ കലിപൂണ്ടതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പോലും ഉണക്കമീനാണ്‌ ആശ്രയം. ചാകരക്കൊയ്ത്ത്‌ പ്രതീക്ഷിച്ചിരുന്ന സമയത്തെ അപ്രതീക്ഷിത കടൽ കയറ്റവും ദിവസങ്ങളായുള്ള ശക്തമായ കാറ്റുമാണ്‌ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകളെ തകിടം മറിച്ചത്‌. ട്രോളിംഗ്‌ സമയമായിട്ടും പരമ്പരാഗത വള്ളങ്ങൾ കടലിൽ ഇറക്കാൻ പറ്റാത്ത അവസ്ഥയിലാണ്‌. 'പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് എന്നും പ്രതീക്ഷയോടെ വള്ളമിറക്കിയിട്ടും പരവയും നത്തോലിയും പൊടിമീനും മാത്രമാണ് കിട്ടുന്നത്.

നിസാരവിലയ്ക്കാണിത് വിറ്റുപോകുന്നത്. സീസണിലെ ഇനങ്ങളായ മത്തിയും അയലയും വല്ലപ്പോഴുമാണ് കിട്ടുന്നത്. സത്യത്തിൽ ഞങ്ങളുടെ കുടുംബം പട്ടിണിയിലാണ്" - മത്സ്യത്തൊഴിലാളി പറയുന്നു. 'തക്കാളി കിലോയ്ക്ക് 70 രൂപയായി. പച്ചക്കായയ്ക്ക് 50രൂപയായി. പൊള്ളുന്ന വിലയാണ് പച്ചക്കറിക്ക്. ഇറച്ചി വിലയും താങ്ങാനാവില്ല. ആകെ ആശ്രയം മീനാണ്. അതും കിട്ടാനില്ല. ഉള്ളവയ്ക്കാണെങ്കിൽ അരക്കിലോയ്ക്ക് 100 രൂപ നൽകേണ്ട സ്ഥിതിയാണ് " - പുന്നപ്ര സ്വദേശിയായ വീട്ടമ ലിനി പറയുന്നു.

വിലയ്ക്കൊട്ടും കുറവില്ല

ക്ഷാമം മുതലെടുത്ത് ജില്ലയിൽ മീൻ വില കുതിക്കുന്നു. ഒരു കിലോ മത്തിക്ക്‌ 120 മുതൽ 200 രൂപവരെ നൽകണം. ട്രോളിംഗ്‌ നിരോധനത്തെത്തുടർന്ന്‌ മത്സ്യക്ഷാമം രൂക്ഷമായതാണ്‌ വില കുതിക്കാൻ കാരണം. അയല, ചൂര എന്നിവയുടെ
വിലയും ഇരട്ടിയിലധികമായി. നത്തോലിക്ക് പോലും കിലോ 120-160 രൂപയാണ്. കഴിഞ്ഞ കുറച്ച്‌ ദിവസമായി ചില്ലറശാലകളിൽ മീൻ കിട്ടാത്ത അവസ്ഥയാണ്‌. പച്ചമീനിന്റെ അഭാവം ഉണക്കമീൻ കച്ചവടർക്കാർക്ക്‌ അനുഗ്രഹമായിട്ടുണ്ട്‌. ഉണക്കമീനുകൾക്ക്‌ കുറച്ച്‌ ദിവസങ്ങളായി വൻ ഡിമാന്റാണ്‌. ഇതോടെ ഇവയുടെ വിലയും വർദ്ധിച്ചു.

അന്യസംസ്ഥാനലോബിക്ക് ചാകര

ഇവിടുത്തെ ക്ഷാമം മുതലെടുത്ത്‌ അന്യ സംസ്‌ഥാനങ്ങളിൽ നിന്ന് മീൻ കാര്യമായി എത്തിക്കുന്നുണ്ട്‌. തൂത്തുകുടി, കടലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇൻസുലേറ്റഡ്‌ ലോറികളിലാണ്‌ മാർക്കറ്റുകളിൽ മീൻ എത്തുന്നത്‌. ചെറുകിട കച്ചവടക്കാർ ഇത്‌ ലേലം ചെയ്തെടുക്കുകയാണ്‌ പതിവ്‌. പിടിച്ച ശേഷം ദിവസങ്ങളോളം കപ്പലിലും പിന്നീടു ഹാർബറിലും രാസപദാർത്ഥങ്ങൾ കലർത്തി സൂക്ഷിച്ച മീനാണ്‌ ഇങ്ങനെ എത്തുന്നതിലേറെയും. അതു കണ്ടെത്താൻ കാര്യമായ പരിശോധന നടക്കുന്നില്ലെന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു.

മീൻ - പഴയ വില , ഇപ്പോഴത്തെ വില
ഒരു കിലോ നെയ്‌മീൻ - 700 , 900 - 1200
ആവോലി - 480 , 600-800,
കൊഞ്ച്‌ - 450, 500- 600
ചീലാവ്‌- 350 , 300-400
കരിമീൻ - 340 , 450-500
വറ്റപ്പാര - 350, 300- 400
ചൂര -280, 300-400
അയല-180, 200-250
മത്തി -100, 120-200
നത്തോലി - 100, 120-160

''കാലാവസ്‌ഥാ വ്യതിയാനവും അശാസ്‌ത്രീയമായ മീൻപിടിത്തവും മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണ്. മീനിന്റെ വിൽപ്പനാവകാശം മത്സ്യത്തൊഴിലാളികൾക്ക് നൽകണം. " - ടി. പീറ്റർ (കേരള ഫിഷറീസ്‌ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ)

Read more topics: GST, fish, scarcity, price,
English summary
incresing fish price in kerala

More News from this section

Subscribe by Email